Administrator
Administrator
ഐസ്‌ക്രീംകേസ്: മുന്‍ എ.ജിയെ അന്വേഷണ സംഘം ചോദ്യം ചെയ്യും
Administrator
Tuesday 4th October 2011 12:48pm

ice cream investigationതിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ മുന്‍ അഡ്വക്കറ്റ് ജനറല്‍ എം.കെ ദാമോദരനെ പ്രത്യേക അന്വേഷണം സംഘം ചോദ്യം ചെയ്യും. മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ വി.കെ ബീരാനേയും ഗവണ്‍മെന്റ് പ്ലീഡര്‍ അനില്‍ തോമസിനേയും ചോദ്യം ചെയ്യും. അടുത്താഴ്ച ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കഴിഞ്ഞ ഫെബ്രുവരിയില്‍ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ റഊഫ് ചട്ടം 164 പ്രകാരം കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഐസ്‌ക്രീം കേസ് ഒതുക്കി തീര്‍ക്കുന്നതില്‍ ഇവരുടെ പങ്ക് വ്യക്തമാക്കുന്നത്. റഊഫ് സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്താനാവാത്ത മൊഴിയായി കോടതി പരിഗണിക്കുകയും ചെയ്തിരുന്നു.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായ തരത്തില്‍ നിയമോപദേശം നല്‍കുന്നതിനായാണ് എം.കെ ദാമോദനെ സ്വാധീനിച്ചത്. ഇതിനുവേണ്ടി 32 ലക്ഷം രൂപ കുഞ്ഞാലിക്കുട്ടി ദാമോദരന് നല്‍കിയെന്നായിരുന്നു റഊഫിന്റെ വെളിപ്പെടുത്തല്‍. ദാമോദരന്റെ ഭാര്യക്ക് ഓഹരി പങ്കാളിത്തമുള്ള സ്ഥാപനത്തിന് ബാധ്യതയുണ്ടായിരുന്ന 69 ലക്ഷം രൂപ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ 32ലക്ഷം രൂപയ്ക്ക് തീര്‍ക്കാന്‍ അദ്ദേഹത്തിന് അവസരം കിട്ടിയിരുന്നു. ഇതിനുവേണ്ടി 15 ലക്ഷം രൂപ റഊഫ് വഴി ദാമോദരന് നല്‍കി. 17 ലക്ഷം രൂപ എസ്.ബി.ഐയില്‍ അടച്ചതായുമായിരുന്നു വെളിപ്പെടുത്തല്‍. ഇതേ തുടര്‍ന്ന് കേസില്‍ കുഞ്ഞാലിക്കുട്ടിയെ പ്രതിചേര്‍ക്കാനാവില്ലെന്ന് ദാമോദരന്‍ നിയമോപദേശം നല്‍കി. കൂടാതെ ഐസ്‌ക്രീംകേസില്‍ കുഞ്ഞാലിക്കുട്ടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തയ്യാറാക്കി നല്‍കിയതും ദാമോദരനാണെന്ന് റഊഫ് വെളിപ്പെടുത്തിയിരുന്നു.

ഐസ്‌ക്രീം കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഹരജി തള്ളിക്കൊണ്ടുള്ള വിധി പ്രസ്താവം തയ്യാറാക്കിയെന്ന ആരോപണമാണ് അനില്‍ തോമസിനെതിരെയുള്ളത്. ഏറണാകുളത്തെ ലെ മറെഡിയന്‍ ഹോട്ടലില്‍വച്ചാണ് വിധി തയ്യാറാക്കിയത് എന്ന വെളിപ്പെടുത്തലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനില്‍ തോമസിനെ ചോദ്യം ചെയ്യുന്നത്. അനില്‍ തോമസ് തയ്യാറാക്കിയ വിധി ജസ്റ്റിസ് തങ്കപ്പന് എത്തിച്ചുനല്‍കിയെന്ന ആരോപണമാണ് വി.കെ ബീരാനെതിരെയുള്ളത്.

ഐസ്‌ക്രീം കേസിന്റെ അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കുമെന്ന് അറിയിച്ചതോടെയാണ് കേസിന് വീണ്ടും ജീവന്‍വെച്ചത്. കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന പ്രതിപക്ഷനേതാവിന്റെ ഹരജി പരിഗണിക്കവെയാണ് മേല്‍നോട്ടം വഹിക്കാനുള്ള തീരുമാനം കോടതിയെടുത്തത്.

ഐസ്‌ക്രീം കേസ്: വിധി തയ്യാറാക്കിയത് ലെ മറെഡിയന്‍ ഹോട്ടലില്‍ വെച്ച്?

ഐസ്‌ക്രീം കേസില്‍ ജഡ്ജിമാര്‍ സ്വാധീനിക്കപ്പെട്ടു’

‘ഐസ്‌ക്രീം കേസ് ഒതുക്കിയത് വന്‍ തുക നല്‍കി’

Advertisement