കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ത്തിയെന്ന ദിലീപിന്റെ പരാതിയില്‍ അന്വേഷണം നടത്തണമെന്ന് കോടതി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കുറ്റപത്രത്തിന്റെ പൂര്‍ണമായ ഉത്തരവാദിത്വം അന്വേഷണ സംഘത്തിന്റേതാണ്. അതുകൊണ്ട് കുറ്റപത്രം ചോര്‍ന്ന സംഭവത്തിന്റെ ഉത്തരവാദിത്വവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.

ഈ വാദം അംഗീകരിച്ചുകൊണ്ടാണ് സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടത്.

അതേസമയം നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും കേസ് രേഖകളും നല്‍കണമെന്ന ദിലീപിന്റെ ഹര്‍ജികള്‍ കോടതി 22ലേക്ക് മാറ്റിവെച്ചു. ഈ ഹര്‍ജികളില്‍ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി മാറ്റിവെച്ചത്.

നേരത്തെ ആദ്യ കുറ്റപത്രത്തില്‍ നിന്ന് വ്യത്യസ്തമായാണ് അനുബന്ധകുറ്റപത്രം തയ്യാറാക്കിയതെന്ന് ദിലീപ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.  നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള വീഡിയോയിലെ ശബ്ദവും ദൃശ്യങ്ങളും പ്രോസിക്യൂഷന്‍ പറഞ്ഞതിന് കടകവിരുദ്ധമാണെന്നും ഒന്നാം പ്രതിയായ സുനിയും പൊലീസും ചേര്‍ന്ന് തന്നെ കുടുക്കാന്‍ വേണ്ടി ഒത്തുകളിച്ചുവെന്നും ദിലീപ് ആരോപിക്കുന്നു.

ഈ കുറ്റപത്രം നിരസിക്കണമെന്നും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍വെച്ച് ചിത്രീകരിച്ചതായാണ് മനസ്സിലാക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

കഴിഞ്ഞ മാര്‍ച്ചിലാണ് പൊലീസ് ഒന്നാംപ്രതിയുടെ ശബ്ദ സാമ്പിളുകള്‍ എടുത്തത്. വീഡിയോയില്‍ ഉള്ള പ്രതിയുടെ ശബ്ദവുമായി ഒത്തുനോക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഒത്തുനോക്കിയതിന്റെ ഫലം ഇതുവരെ ലഭ്യമായിട്ടില്ലെന്നും ദിലീപിന്റെ പരാതിയില്‍ പറയുന്നു.