എഡിറ്റര്‍
എഡിറ്റര്‍
ആഗ്രഹിക്കുന്ന വിധിക്ക് വേണ്ടി നടത്തുന്ന അന്വേഷണം നിയമലംഘനം : പിണറായി
എഡിറ്റര്‍
Thursday 30th January 2014 7:45pm

pinaray

പാലക്കാട്:  ആഗ്രഹിക്കുന്ന വിധിക്ക് വേണ്ടി നടത്തുന്ന അന്വേഷണം നിയമലംഘനമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.  ഈ സ്ഥിതി അരാജകത്വത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എമ്മിനെ തകര്‍ക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ജനാധിപത്യത്തിന് വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുകയാണെന്നും പിണറായി പറഞ്ഞു. ലാവ്‌ലിന്‍ കേസില്‍ സമാനമായ സ്ഥിതി വിശേഷമാണുണ്ടായത്.

യു.ഡി.എഫ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന്ഉത്തരവിട്ടെങ്കിലും അന്വേഷണം പൂര്‍ത്തിയായപ്പോള്‍ അവര്‍ ആഗ്രഹിച്ച വിധിയല്ല വന്നതെന്നും ഉടന്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടെന്നും അദ്ദേഹം പറഞ്ഞു.

ടി.പിക്കേസില്‍ 76 പ്രതികളെ യു.ഡി.എഫ് സൃഷ്ടിച്ചെങ്കിലും 12 പേരെ മാത്രമാണ് ശിക്ഷിച്ചത്. ആ കേസിലും സി.ബി.ഐ അന്വേഷണവുമായി യു.ഡി.എഫ് മുന്നോട്ട് വന്നിരിക്കുയാണ്.

ഇടതുപക്ഷത്തിനെതിരെ മാധ്യമങ്ങള്‍ ഗൂഡാലോചനയുടെ ഭാഗമായി വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ കെട്ടിച്ചമക്കുകയാണ്. കെട്ടിച്ചമച്ച വാര്‍ത്ത പൊളിയുമ്പോള്‍  ആ വാര്‍ത്തയെ പൂര്‍ണ്ണമായും തിരസ്‌കരിക്കുകയാണെന്നും പിണറായി ആരോപിച്ചു.

ഇതിന് ഉദാഹരണമായി ബംഗാളിലെ നന്ദിഗ്രാം സംഭവത്തെ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടതുസര്‍ക്കാര്‍ അക്രമം നടത്തിയെന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്.

എന്നാല്‍ പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസും നക്‌സലുകളും ചേര്‍ന്നാണ് അക്രമം നടത്തിയതെന്ന് സി.ബി.ഐ അന്വേഷണത്തില്‍ തെളിഞ്ഞുവെന്നും അപ്പോള്‍പ്പോലും അക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ വാര്‍ത്താ മാധ്യമങ്ങള്‍ തയ്യാറായില്ലെന്നും പിണറായി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ജനം കൈവിട്ടു. നാല് സംസ്ഥാനങ്ങളിലെ വിജയം കാണിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തുമെന്ന് പറയുന്നത്.

എന്നാല്‍ തിരഞ്ഞെടുപ്പ് പ്രാദേശിക കക്ഷികള്‍ക്ക് അനുകൂലമായിരിക്കുമെന്നും തുടര്‍ന്ന് ഇന്ത്യ ഭരിക്കുന്നത് പ്രാദേശിക കക്ഷികളുടെ കൂട്ടുകെട്ടാവുമെന്നും അതില്‍ ഇടതുപക്ഷത്തിന് മുഖ്യ സ്ഥാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെര്‍പ്പുളശ്ശേരിയില്‍ വച്ച് നടന്ന ലോക്കല്‍ കമ്മിറ്റി ഓഫീസുകളുടെ ഉദ്ഘാടനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement