തിരുവനന്തപുരം: വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ അന്വേഷണം. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയാണ് സെന്‍കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

സെന്‍കുമാറിനെതിരായ എട്ട് പരാതികള്‍ ക്രൈബ്രാഞ്ച് അന്വേഷിക്കും. പരാതികള്‍ ഡി.ജി.പി ക്രൈംബ്രാഞ്ചിന് കൈമാറി. കേസ് എടുക്കാന്‍ സാഹചര്യം ഉണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ പരിശോധിക്കാനാണ് ഇപ്പോള്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടുതല്‍ പരിശോധനയക്ക് ശേഷം മാത്രമേ ക്രൈംബ്രാഞ്ച് സെന്‍കുമാറിനെതിരെ കേസ് എടുക്കുകയുള്ളൂ.

ഒരു മതവിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയും മതവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിന് കാരണമാവുകയും ചെയ്‌തേക്കാവുന്ന പരാമര്‍ശങ്ങള്‍ നടത്തിയ സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന ആവശ്യം ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു.

മുസ്‌ലിം സമുദായത്തിനെതിരെ വാസ്തവവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയ സെന്‍കുമാറിനെതിരെ നിരവധി പരാതികളാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ലഭിച്ചത്.

ഇസ്ലാമിക് സ്റ്റേറ്റും ആര്‍.എസ്.എസും തമ്മില്‍ ഒരു താരതമ്യവും ഇല്ല എന്നായിരുന്നു വിരമിച്ച് ശേഷം ടി.പി സെന്‍കുമാര്‍ സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.


Dont Miss വര്‍ഗീയ സംഘര്‍ഷം ലക്ഷ്യമിട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ബി.ജെ.പി ഐ.ടി സെല്‍ സെക്രട്ടറി അറസ്റ്റില്‍


മതതീവ്രവാദമെന്നു പറയുമ്പോള്‍ ആര്‍എസ്എസ് ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ല. ഐ.എസും ആര്‍.എസ്.എസും തമ്മില്‍ ഒരു താരതമ്യവുമില്ല. ഒരു മുസ്ലിമിന് സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്ലിമാക്കുകയും അമുസ്ലീങ്ങളെ കൊന്നുകളയുകയുമാണ് എന്നും പറയുന്നിടത്താണ് പ്രശ്‌നം വരുന്നതെന്നുമാണ് സെന്‍കുമാര്‍ പറഞ്ഞത്.

ലൗ ജിഹാദ് ഇല്ലാത്ത കാര്യമല്ല. സ്‌നേഹത്തിന്റെ പേരില്‍ മാത്രമുള്ള മതംമാറ്റങ്ങളാണെങ്കില്‍ അത് എല്ലാ വിഭാഗങ്ങളിലും ഒരുപോലെയുണ്ടാകും. പക്ഷേ, എന്തുകൊണ്ട് ഇത് ഏകപക്ഷീയമാകുന്നു. അതുകൊണ്ട് ഇതല്ല ഇസ്ലാമെന്നും സമാധാനത്തിന്റെ മതമാണ് എങ്കില്‍ ഇങ്ങനെയല്ല പോകേണ്ടതെന്നു താഴേത്തലങ്ങള്‍ മുതല്‍ പറഞ്ഞു പഠിപ്പിക്കണം. സര്‍ക്കാരിന് വഴികാട്ടാന്‍ മാത്രമേ ഇതില്‍ സാധിക്കൂ എന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

കേരളത്തില്‍ നൂറു കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42ഉം മുസ്ലിം കുട്ടികളാണെന്നായിരുന്നു സെന്‍കുമാര്‍ പറഞ്ഞത്. സംസ്ഥാനത്ത് മുസ് ലീങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.