തിരുവനന്തപ്പുരം: മുന്‍ അഡ്വക്കറ്റ് ജനറല്‍ എം.കെ.ദാമോദരനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. കെ.എ.റഊഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ദാമോദരനെ ചോദ്യം ചെയ്തത്. എം.കെ.ദാമോദരന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് ഈദ്ദേഹത്തിന്റെ മേലുള്ള ആരോപണം.

അന്വേഷണ ഉദ്യോഗസ്ഥര്‍ ജയ്‌സണ്‍ എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

കഴിഞ്ഞ ഫെബ്രുവരിയില്‍ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ റഊഫ് ചട്ടം 164 പ്രകാരം കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഐസ്‌ക്രീം കേസ് ഒതുക്കി തീര്‍ക്കുന്നതില്‍ മുന്‍ അഡ്വക്കറ്റ് ജനറലിന്റെ പങ്ക് വ്യക്തമാക്കിയിരുന്നത്.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായ തരത്തില്‍ നിയമോപദേശം നല്‍കുന്നതിനായാണ് എം.കെ ദാമോദനെ സ്വാധീനിച്ചത്. ഇതിനുവേണ്ടി 32 ലക്ഷം രൂപ കുഞ്ഞാലിക്കുട്ടി ദാമോദരന് നല്‍കിയെന്നായിരുന്നു റഊഫിന്റെ വെളിപ്പെടുത്തല്‍. ദാമോദരന്റെ ഭാര്യക്ക് ഓഹരി പങ്കാളിത്തമുള്ള സ്ഥാപനത്തിന് ബാധ്യതയുണ്ടായിരുന്ന 69 ലക്ഷം രൂപ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ 32ലക്ഷം രൂപയ്ക്ക് തീര്‍ക്കാന്‍ അദ്ദേഹത്തിന് അവസരം കിട്ടിയിരുന്നു. ഇതിനുവേണ്ടി 15 ലക്ഷം രൂപ റഊഫ് വഴി ദാമോദരന് നല്‍കി. 17 ലക്ഷം രൂപ എസ്.ബി.ഐയില്‍ അടച്ചതായുമായിരുന്നു വെളിപ്പെടുത്തല്‍. ഇതേ തുടര്‍ന്ന് കേസില്‍ കുഞ്ഞാലിക്കുട്ടിയെ പ്രതിചേര്‍ക്കാനാവില്ലെന്ന് ദാമോദരന്‍ നിയമോപദേശം നല്‍കി. കൂടാതെ ഐസ്‌ക്രീംകേസില്‍ കുഞ്ഞാലിക്കുട്ടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തയ്യാറാക്കി നല്‍കിയതും ദാമോദരനാണെന്ന് റഊഫ് വെളിപ്പെടുത്തിയിരുന്നു.