എഡിറ്റര്‍
എഡിറ്റര്‍
വൈദ്യുതി ബോര്‍ഡ് കമ്പനിവത്കരിക്കരുതെന്ന് ഐ.എന്‍.ടി.യു.സി
എഡിറ്റര്‍
Friday 1st November 2013 9:36am

intuc

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് കമ്പനിവത്ക്കരിക്കുന്നതിനെതിരെ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ രംഗത്തെത്തി.

കമ്പനിവത്കരണത്തിനും സ്വത്ത് കൈമാറ്റത്തിനുമെതിരെ ഫെഡറേഷന്‍ സമര്‍പ്പിച്ച പെറ്റീഷനുകള്‍ ഹൈക്കോടതിയില്‍ വിചാരണയ്ക്കിരിക്കെ തിടുക്കത്തില്‍ കമ്പനിവത്കരണ നടപടികള്‍ ത്വരിതപ്പെടുത്തുന്നതില്‍ ദുരുദ്ദേശ്യമുണ്ടെന്ന് എംപ്ലോയീസ് ഫെഡറേഷന്‍ ആരോപിച്ചു.

ബോര്‍ഡിന്റെ കോടികള്‍ വിലവരുന്ന സ്വത്തുവകകള്‍ സംരക്ഷിക്കുന്നതിനും ജീവനക്കാരുടെ പെന്‍ഷനും ശമ്പളവും അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമാകുന്നതിനും മുന്‍പ് കമ്പനിവത്ക്കരിക്കാനുള്ള നടപടികള്‍ ആരംഭിക്കരുതെന്ന് ഐ.എന്‍.ടി.യു.സി ആവശ്യപ്പെട്ടു.

ആയിരക്കണക്കിന് ഏക്കര്‍ വരുന്ന ഭൂമിയും നിരവധി വൈദ്യുതി ഭവനങ്ങളും സബ്‌സ്റ്റേഷനുകളും ഉള്‍പ്പെടുന്ന ബോര്‍ഡിന്റെ സ്വത്തുക്കളുടെ വിസ്തൃതിയും വിലയും നിജപ്പെടുത്താതെ പെട്ടെന്നുള്ള ഈ തീരുമാനം സ്വത്തുക്കള്‍ അന്യാധീനപ്പെടുത്താന്‍ ഇടവരുത്തും.

1961 മുതല്‍ വൈദ്യുതി ബോര്‍ഡിന്റെ കൈവശമുള്ള 13825 ഹെക്ടര്‍ വനഭൂമിയെക്കുറിച്ചുള്ള കൃത്യമായ രേഖകളൊന്നും തന്നെ ഇന്നു ബോര്‍ഡിന്റെ കൈവശമില്ല.

നിലവില്‍ വൈദ്യുതി ബോര്‍ഡിനു പാട്ടത്തിനു ലഭിച്ച വനഭൂമിയിന്മേല്‍ വനം വകുപ്പും ബോര്‍ഡും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ഡാമിന്റെയും റിസര്‍വോയറിന്റെയും ഭാഗങ്ങളിലുള്ള കൈയേറ്റങ്ങള്‍ ഈ തര്‍ക്കം കാരണം ഒഴിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ഐ.എന്‍.ടി.യു.സി വ്യക്തമാക്കി.

Advertisement