എഡിറ്റര്‍
എഡിറ്റര്‍
ഞാനൊരു നല്ല നടനല്ല; എങ്കിലും അഭിനയം എന്നെങ്കിലും ശരിയാകുമെന്ന പ്രതീക്ഷയുണ്ട് : വിനീത് ശ്രീനിവാസനുമായുള്ള അഭിമുഖം
എഡിറ്റര്‍
Wednesday 15th February 2017 4:13pm

 

ഏതെങ്കിലും ഒരു വിശേഷണത്തില്‍ തളച്ചിടാന്‍ പറ്റുന്ന ആളല്ല വിനീത് ശ്രീനിവാസന്‍. സംവിധായകന്‍, തിരക്കഥാകൃത്ത്, അഭിനേതാവ്, ഗായകന്‍.. ഓരോ മേഖലയിലും കയ്യൊപ്പ് ചാര്‍ത്തിയ മറ്റൊരു കലാകാരന്‍ മലയാളത്തിലെ യുവതാരങ്ങള്‍ക്കിടയില്‍ ഇല്ലെന്ന് നിസ്സംശയം പറയാം.

പോയവര്‍ഷം ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം ബോക്‌സ് ഓഫീസുകള്‍ തകര്‍ത്ത് മുന്നേറിയതിന് പിന്നാലെ ആനന്ദം എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ചു വിനീത് .

2017 ല്‍ എബി എന്ന ചിത്രത്തിലൂടെ വീണ്ടും എത്തുകയാണ് വിനീത്. തന്റെ കരിയറിനെ കുറിച്ചും പുതിയ ചിത്രങ്ങളെ കുറിച്ചും മനസുതുറക്കുന്നു.

എബി എന്ന പുതിയ ചിത്രത്തെ കുറിച്ച് ?

ശ്രീകാന്ത് മുരളിയും സന്തോഷ് എച്ചിക്കാനവും ചേര്‍ന്ന് ഒരുക്കിയ തിരക്കഥയാണ് ചിത്രത്തിന്റേത്. ഇതിന്റെ കഥ ഒരു രണ്ടര വര്‍ഷം മുന്‍പാണ് എന്നോട് പറഞ്ഞത്. ആകസ്മികം എന്ന് പറയട്ടെ, ആ സമയത്ത് തന്നെ, പറക്കാന്‍ ആഗ്രഹിക്കുന്ന ഒരു യുവാവിന്റെ കഥ സിനിമയക്കാണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന സമയം കൂടിയായിരുന്നു. ഈ കഥ കേട്ട ഉടനെ തന്നെ രണ്ടാമത് ഒന്ന് ചിന്തിക്കാതെ ഞാന്‍ സമ്മതം മൂളുകയായിരുന്നു.

എബി എന്ന ചിത്രത്തെ കുറിച്ചും പൃഥ്വിരാജ് നായകനാകുന്ന വിമാനം എന്ന ചിത്രത്തെ കുറിച്ചും ഏറെ വിവാദങ്ങള്‍ ഇതിനകം വന്നുകഴിഞ്ഞു. എബി എങ്ങനെ സ്വീകരിക്കപ്പെടുമെന്നതില്‍ എനിക്ക് വ്യക്തമായ ധാരണയുണ്ട്. ഇതിന് പിന്നില്‍ അധാര്‍മികമായി ഒന്നുമില്ല. അതുകൊണ്ട് തന്നെ ഈ കഥാപാത്രം ഏറ്റെടുക്കുന്നതില്‍ തനിക്ക് യാതൊരു ഭയവുമുണ്ടായില്ല.

എബി എന്ന കഥാപാത്രത്തിന് ജീവന്‍നല്‍കിയതിനെ കുറിച്ച് ?

മുന്‍പ് ചെയ്തിരുന്ന കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രം അതാണ് എബിയിലേത്. കുഞ്ഞിരാമായണത്തിലും വടക്കന്‍ സെല്‍ഫിയിലും അല്പം അതിശയോക്തികലര്‍ന്ന അഭിനയം വേണ്ട കഥാപാത്രമായിരുന്നു എന്റേത്. ചാപ്പാ കുരിശില്‍ തന്ത്രപൂര്‍വമായ അഭിനയമായിരുന്നു. ഞാന്‍ ചെയ്ത എല്ലാ കഥാപാത്രത്തിലും എന്റേതായ ഏതെങ്കിലുമൊരു സ്വഭാവം ഉണ്ടാകും. എന്നാല്‍ എബി എന്ന കഥാപാത്രത്തില്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രം. മറ്റൊരു വ്യക്തിയായി തന്നെ ഞാന്‍ മാറുകയായിരുന്നു.

ചിത്രത്തിലെ ഓരോ ഷോട്ടും എടുക്കുന്നതിന് മുന്‍പ് ഞാന്‍ തന്നെ മനസില്‍ പറഞ്ഞു. ഞാന്‍ വിനീതല്ല എബിയാണ്. ആളുകള്‍ വളരുമ്പോള്‍ അവരില്‍ മാറ്റങ്ങള്‍ സംഭവിക്കും. എന്നാല്‍ അവരുടെ സ്വഭാവം പഴയതുപോലെ തന്നെ തുടരും. എബി എന്ന കഥാപാത്രത്തെ നാല് ഘട്ടമായാണ് അവതരിപ്പിക്കുന്നത്. എന്നെ സംബന്ധിച്ച് അത് വലിയ വെല്ലുവിളിയായിരുന്നു.

സിനിമയില്‍ അഭിനയിക്കുന്ന അവസരത്തിലും സംവിധാനത്തില്‍ എന്തെങ്കിലും ഇടപെടല്‍ നടത്താറുണ്ടോ?

ഒരിക്കലുമില്ല. ഞാന്‍ അഭിനയിക്കുകയാണെങ്കില്‍ പൂര്‍ണമായും ആ സിനിമയുടെ സംവിധായകന്റെ നിര്‍ദേശപ്രകാരം മാത്രമാണ് ചെയ്യാറുള്ളത്. അഭിനയത്തില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കലുകള്‍ വേണമെന്ന് തോന്നിയാല്‍ മാത്രം ചില അഭിപ്രായങ്ങള്‍ ചോദിക്കാറുണ്ട്. എന്റെ അഭിപ്രായം നല്ലതാണെന്ന് അവര്‍ക്ക് തോന്നിയാല്‍ മാത്രമേ അത് അഭിനയത്തില്‍ ഉള്‍പ്പെടുത്താറുള്ളൂ. സ്ക്രിപ്റ്റിന്റെ കാര്യവും അങ്ങനെ തന്നെ. സ്‌ക്രിപ്റ്റ് മികച്ചതാണെന്ന് തോന്നിയാല്‍ മാത്രമേ ഞാന്‍ സിനിമ ഏറ്റെടുക്കാറുള്ളൂ. പിന്നീട് സംവിധായകനെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകും.

 

അഭിനേതാവ് എന്നതിനേക്കാള്‍ താങ്കളെ സംവിധായകനായി കാണാനാണ് പലരും ആഗ്രഹിക്കുന്നത്? എന്തുകൊണ്ടാണ് അഭിനയത്തിലേക്ക് കൂടുതലായി എത്തുന്നത്?

എന്നെങ്കിലും എന്റെ അഭിനയം ഒന്ന് ശരിയാകും എന്ന് വിചാരിച്ചാണ് വീണ്ടും വീണ്ടും അഭിനയിക്കുന്നത്(ചിരിക്കുന്നു). ഞാന്‍ ഒരു നല്ല അഭിനേതാവല്ല എന്ന് എനിക്ക് നന്നായി അറിയാം. എങ്കിലും ഞാന്‍ സിനിമയെ സ്‌നേഹിക്കുന്നു. സിനിമ എനിക്ക് ആവേശമാണ്. സിനിമയെ സ്‌നേഹിക്കുന്നതുകൊണ്ട് മാത്രം ഇവിടെ എത്തിപ്പെട്ട ഒരാളാണ് ഞാന്‍. ഏതെങ്കിലും നല്ലൊരു തിരക്കഥ എന്റെ അടുത്ത് എത്തിയാല്‍ സംവിധായകന്റെ റോള്‍ മാറ്റിവെക്കാന്‍ ഞാന്‍ തയ്യാറാകും. നല്ല സംവിധായകര്‍ക്കൊപ്പം നല്ല തിരക്കഥയില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ലല്ലോയെന്ന വിഷമം എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല.

പല പുതിയ സംവിധായകരും താങ്കളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണല്ലോ സിനിമയില്‍ എത്തുന്നത്?

ഞാന്‍ അര്‍ഹിക്കുന്നതിനേക്കാള്‍ അംഗീകാരം എനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. നമ്മള്‍ ഒരു ചിത്രത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ സ്വാഭാവികമായും അതിലുള്ള ആളുകളുമായി മാനസികമായി അടുപ്പംവരും. ആ ചിത്രത്തിന്റെ ഷൂട്ടിങ് തീരുമ്പോഴേക്കും നല്ല സുഹൃത്തുക്കളായി നമ്മള്‍ മാറിയിരിക്കും. അതില്‍ ഒരാള്‍ സ്വതന്ത്രസംവിധായകരായി പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ക്ക് വേണ്ട എല്ലാ പിന്തുണയും ബാക്കിയുള്ളവര്‍ നല്‍കും. അത് നമ്മുടെ കൂടെ പ്രൊജക്ട് ആണെന്ന ചിന്തമാത്രമാണ് അപ്പോള്‍ മനസില്‍ ഉണ്ടാവുക.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ വരുന്ന പുതിയ ചിത്രം എന്ന് പ്രതീക്ഷിക്കാം?

ഒന്ന് രണ്ട് സിനിമകളില്‍ കഥാപാത്രമായി എത്തുന്നുണ്ട്. അതെല്ലാം കഴിഞ്ഞതിന് ശേഷം മാത്രമേ സംവിധാനത്തെ കുറിച്ച് ആലോചിക്കുന്നുള്ളൂ. ഈ വര്‍ഷം എന്തായാലും പുതിയ ചിത്രം ഉണ്ടാകുമെന്ന് തോന്നുന്നില്ല.


സത്യന്‍ അന്തിക്കാടിന്റെ ജോമോന്റെ സുവിശേഷങ്ങള്‍ താങ്കള്‍ സംവിധാനം ചെയ്ത ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യത്തിന്റെ മറ്റൊരു വേര്‍ഷനാണ് എന്ന ആരോപണം ഉണ്ടായിരുന്നു, അതിനോട് എങ്ങനെ പ്രതികരിക്കുന്നു?

ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം റിലീസ് ചെയ്യുന്നതിന്റെ മുന്‍പേ ജോമോന്റെ സുവിശേഷങ്ങളുടെ തിരക്കഥ പൂര്‍ത്തിയായിരുന്നു. അതെനിക്കറിയാം. കാരണം ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഇഖ്ബാല്‍ കുറ്റിപ്പുറം എന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം പുറത്തിറങ്ങിയതിന് പിന്നാലെയാണ് അദ്ദേഹം അതിന്റെ തിരക്കഥ എഴുതിയിരുന്നതെങ്കില്‍ രണ്ടും ഒരേ ത്രഡ്ഡാണെന്ന് പറയാമായിരുന്നു. എന്നാല്‍ അങ്ങനെയല്ല.

ഞാന്‍ ആ സിനിമ കണ്ടു. ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യവുമായി എനിക്ക് ആ ചിത്രത്തിന് ഒരു സാമ്യവും എനിക്ക് തോന്നിയില്ല. സത്യത്തില്‍ ഞാന്‍ എന്‍ജോയ് ചെയ്ത് കണ്ട ഒരു സിനിമയാണ് അത്. പ്രത്യേകിച്ചും ദുല്‍ഖറിന്റേയും മുകേഷേട്ടന്റേയും കോമ്പിനേഷന്‍ സീനുകള്‍. അച്ഛന്‍മകന്‍ കഥപറയുന്ന ചിത്രങ്ങളുടെ വലിയ ആരാധകനാണ് ഞാന്‍. ചിത്രം എനിക്ക് വളരെ ഇഷ്ടമായി.

സഹോദരന്‍ ധ്യാന്‍ വിവാഹിതനാവുകയാണോ?

അതെ..അതെ..ഞങ്ങളെല്ലാം അതിനുള്ള കാത്തിരിപ്പിലാണ്.

ധ്യാനും സംവിധായകനാകുന്നു എന്ന വാര്‍ത്ത കേട്ടല്ലോ?

ശരിയാണ്. അവന്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. ഈ വര്‍ഷം തന്നെ അങ്ങനെയൊരു ചിത്രം പ്രതീക്ഷിക്കാം.

സഹോദരന്‍ എന്ന നിലയ്ക്ക് എന്തെങ്കിലും ഉപദേശം നല്‍കിയിട്ടുണ്ടോ?

ചര്‍ച്ചകളിലൊക്കെ ഞാനും പങ്കാളിയായിട്ടുണ്ട്. എങ്കിലും തിരക്കഥ മുഴവനായി ഇതുവരെ കേട്ടിട്ടില്ല. ഞാനും അത് കേള്‍ക്കാനായി കാത്തിരിക്കുകയാണ്. അടുത്ത മാസത്തോടെ തിരക്കഥ പൂര്‍ത്തിയാക്കുമെന്നാണ് പറഞ്ഞത്.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

Advertisement