ഒരുദശകത്തോളം തമിഴ്‌സിനിമയില്‍ സജീവമായിരുന്ന അഭിനേത്രിയാണ് തൃഷ. എന്നാല്‍ കുറച്ചുകാലമായി തമിഴില്‍ താരറാണിപദം ഒഴിഞ്ഞുകിടക്കുകയാണ്. അജിത്തിനൊപ്പം മങ്കത്ത എന്ന പടത്തിനുശേഷം പുതിയ തമിഴ്ചിത്രത്തിനൊന്നും തൃഷ ഡേറ്റ് നല്‍കിയിട്ടില്ല.

മലയാളത്തില്‍ വന്‍ഹിറ്റുകളിലൊന്നായി മാറിയ ബോഡിഗാര്‍ഡിന്റെ തെലുങ്കുപതിപ്പിന്റെ തിരക്കിലാണ് തൃഷയിപ്പോള്‍. ചെന്നൈയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച തൃഷ…

ചെന്നൈയിലേക്കുള്ള മടങ്ങിവരവ്

ലൊക്കേഷനില്‍നിന്ന് എനിക്ക് ഒരാഴ്ചത്തെ ഇടവേള കിട്ടി. ഒട്ടും സമയം കളയാതെ ഞാന്‍ നേരെ ചെന്നൈയിലേക്ക് വരികയായിരുന്നു. എത്ര തിരക്കുണ്ടായാലും കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ ഡിന്നര്‍ കഴിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.
ബോഡിഗാര്‍ഡിനെക്കുറിച്ച്

വളരെ ഇമോഷണലായിട്ടുള്ള ഒരു പ്രണയകഥയാണ് ബോഡിഗാര്‍ഡ്. നായകനായ വെങ്കിടേഷും വളരെ സപ്പോര്‍ട്ടീവാണ്. പാട്ടും കോളേജിലെ രംഗങ്ങളുമുള്‍പ്പെട്ട ആദ്യത്തെ ഷെഡ്യൂള്‍ ഞങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

നയന്‍താരയുമായും അസിനുമായും താരതമ്യം ചെയ്യപ്പെടുന്നുണ്ടെന്ന് തോന്നിയിട്ടുണ്ടോ

തീര്‍ച്ചയായും. ഷൂട്ടിംഗിന്റെ ആരംഭംമുതല്‍ എല്ലാവര്‍ക്കും ഇതേപ്പറ്റിയാണ് സംസാരിക്കാനുള്ളത്. മാത്രമല്ല, ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ അഭിനയിക്കുന്ന കരീന കപൂറുമായും പലരും എന്നെ താരതമ്യം ചെയ്യുന്നുണ്ട്. മലയാളവും തമിഴുമൊന്നും ഞാന്‍ റഫര്‍ ചെയ്തിട്ടില്ല. ഞാന്‍ എന്റേതായ രീതിയിലാണ് അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്നത്.

പക്ഷേ അസിനും നയന്‍താരയും സ്വാധീനിച്ചുവെന്ന് മുമ്പൊരിക്കല്‍ തൃഷ പറഞ്ഞിരുന്നു…

അത് പൂര്‍ണമായും ശരിയല്ല. അവരെ രണ്ടുപേരുടെയും അഭിനയം എനിക്കിഷ്ടമാണ്. മലയാളി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന അഭിനയമാണ് നയന്‍താര കാഴ്ചവെച്ചത്. ഇവരില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ പ്രകടനമാണ് ഞാനുദ്ദേശിക്കുന്നത്.

ചിത്രത്തിലെ മറ്റുകഥാപാത്രങ്ങളെക്കുറിച്ച്

എന്റെ അച്ഛനായി അഭിനയിക്കുന്നത് പ്രകാശ് രാജാണ്. സുഹൃത്തായി സലോനിയുമെത്തുന്നു. ഹൈദരാബാദിലാണ് ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍.

ഗാനരംഗത്തേക്കുള്ള ചുവടുവെയ്പ്

അഭിനയിത്തില്‍ ഞാന്‍ തൃപ്തയാണ്. മുമ്പ് ഞാന്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്തിരുന്നു. ഇന്ന് ഞാന്‍ അല്‍പംകൂടി സെലക്ടീവാണ്.

‘മങ്കത്ത’യെക്കുറിച്ച്

കുറച്ചുദിവസത്തെ ഷൂട്ടിംഗ് കൂടി ബാക്കിയുണ്ട്. സാധാരണ ചിത്രങ്ങള്‍പോലുള്ള മസാലച്ചിത്രമല്ല മങ്കത്ത. അല്‍പം വ്യത്യസ്തമായി ചെയ്തിട്ടുള്ള ഒരു സിനിമയാണിത്.