എഡിറ്റര്‍
എഡിറ്റര്‍
‘അവകാശങ്ങള്‍ ലഭിക്കട്ടെ ആദ്യം, എന്നിട്ടാകാം ഫാന്‍സ് അസോസിയേഷന്‍’; താരപദവിയെന്നത് തന്റെ ലക്ഷ്യമായിരുന്നില്ലെന്നും പാര്‍വ്വതി
എഡിറ്റര്‍
Wednesday 12th April 2017 6:20pm

പാര്‍വ്വതി

കോഴിക്കോട്: സാധാരണ കിട്ടേണ്ട അവകാശങ്ങള്‍ കിട്ടിയ ശേഷമാകാം ഫാന്‍സ് അസോസിയേഷന്‍ എന്ന് നടി പാര്‍വ്വതി. സ്ത്രീകള്‍ക്ക് ഫാന്‍സ് അസോസിയേഷനുകള്‍ വേണമോ വേണ്ടയോ തുടങ്ങിയ കാര്യങ്ങളിലേക്ക് കടക്കാതിരിക്കുന്നതാണ് നല്ലതെന്നും പാര്‍വ്വതി പറഞ്ഞു. മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വ്വതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ടേക്ക് ഓഫി’ന്റെ വിജയത്തെ പറ്റി താന്‍ ചിന്തിച്ചിരുന്നില്ല. ചെയ്യുന്ന സിനിമയ്ക്ക് മികച്ചത് നല്‍കുക എന്നത് മാത്രമേ ചിന്തിച്ചിട്ടുള്ളൂ. എന്നാല്‍ ടേക്ക് ഓഫ് നല്ല സിനിമയായിരിക്കുമെന്ന് അറിയാമായിരുന്നു. സത്യസന്ധതയുള്ള സിനിമയാകുമെന്നും ഉറപ്പാണ്. ഒരുമോശം കാര്യം പോലും ആരും പറയാതെ ഇത്രയും വലിയ വിജയമായത് ഭാഗ്യം തന്നെയാണ്. -പാര്‍വ്വതി പറഞ്ഞു.

സ്ത്രീകളുടേയും നേഴ്‌സ്മാരുടേയും പ്രശ്‌നങ്ങള്‍ പറയുക മാത്രമല്ല ഈ സിനിമയില്‍ ചെയ്തത്. സംവിധായകന്‍ മഹേഷ് നാരായണന്‍ അടക്കമുള്ളവര്‍ നഴ്‌സുമാരുടെ ജീവിതത്തെ പറ്റി നന്നായി ഗവേഷണം നടത്തി. അതുകൊണ്ടാണ് തന്നെ ചിത്രം കണ്ട പല നേഴ്‌സുമാര്‍ക്കും അതില്‍ യാഥാര്‍ത്ഥ്യം തോന്നി. പലരും വിളിച്ച് ഇക്കാര്യം പറഞ്ഞു.

താരപദവി തന്റെ ലക്ഷ്യമായിരുന്നില്ല. കിട്ടുന്ന കഥാപാത്രങ്ങള്‍ നന്നായി അവതരിപ്പിക്കുക എന്നതാണ് തന്റെ പ്രാഥമികമായ കര്‍ത്തവ്യം; അല്ലാതെ താന്‍ പറയുന്ന കാര്യങ്ങള്‍ മറ്റുള്ളവരെ അറിയിക്കുകയോ അടിച്ചേല്‍പ്പിക്കുകയോ അല്ല. നടിയെന്ന നിലയില്‍ നീതി പുലര്‍ത്തുന്നുണ്ടെന്ന അവാര്‍ഡ് മാത്രം മതി തനിക്ക്.

തന്റെ കഥാപാത്രം സിനിമയുടെ ഭാഗമാകണമെന്നത് മാത്രമാണ് കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം. കഥ കേട്ടുകഴിഞ്ഞ് പിറ്റേദിവസവും ആ കഥാപാത്രം എനിക്ക് ചെയ്‌തേ പറ്റൂ എന്നുള്ള ആഗ്രഹം വരണം. അത് ഒരു ശതമാനം മാത്രം കുറഞ്ഞിട്ടുപോലും ഞാന്‍ ആ കഥാപാത്രം ചെയ്യുന്നത് അവരോട് കാട്ടുന്ന അന്യായമായിരിക്കും.

ഫേസ്ബുക്കില്‍ ആക്ടീവാകണമെന്ന് തോന്നുമ്പോഴൊക്കെ അങ്ങനെയാകാറുണ്ട്. എന്നാല്‍ ട്വിറ്ററിനോട് അത്ര താല്‍പ്പര്യം തോന്നിയിട്ടില്ല. തമിഴില്‍ നിന്നുള്‍പ്പെടെ പല കഥകളും കേള്‍ക്കുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ ഏറ്റെടുത്തിട്ടില്ലെന്നും പാര്‍വ്വതി പറഞ്ഞു.

ഫാന്‍സ് അസോസിയേഷനുകളുടെ ശക്തി താന്‍ കുറച്ചു കാണില്ല. അവര്‍ ഒരുപാട് നല്ല കാര്യങ്ങള്‍ സമൂഹത്തില്‍ ചെയ്യുന്നുണ്ട്. ഒരു നടനോടുള്ള വലിയ ആരാധന കൊണ്ടായിരിക്കാം അവര്‍ എല്ലാം ചെയ്യുന്നത്. അവര്‍ കാരണം സിനിമയുടെ വ്യാപ്തി നന്നായി കൂടുന്നുണ്ട്. എന്നാല്‍ ഫാന്‍സ് അസോസിയേഷനുകള്‍ പരസ്പരം അഹന്ത വളര്‍ത്താനുള്ളതാകരുതെന്നും പാര്‍വ്വതി പറഞ്ഞു.

Advertisement