എഡിറ്റര്‍
എഡിറ്റര്‍
കേരളം മാറിയത് ലോകമറിയണം; ഉമ്മന്‍ ചാണ്ടി സംസാരിക്കുന്നു..
എഡിറ്റര്‍
Friday 7th September 2012 4:13pm

എമേര്‍ജിങ് കേരളയ്ക്ക് രണ്ട് ലക്ഷ്യങ്ങളാണുള്ളത്. ഇവിടെ ലഭ്യമായ അവസരങ്ങള്‍ തുറന്നുകാട്ടുകയെന്നതാണ് ആദ്യത്തേത്. രണ്ടാമത്തേത് കേരളം മാറിയെന്ന സന്ദേശം ലോകത്തിന് കാട്ടിക്കൊടുക്കുക. നിക്ഷേപ-സൗഹൃദ സംസ്ഥാനമാണ് കേരളം. ഞങ്ങള്‍ നിക്ഷേപം ആഗ്രഹിക്കുകയും നിക്ഷേപകരെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംസാരിക്കുന്നു..


ഫേസ് ടു ഫേസ്/ ഉമ്മന്‍ ചാണ്ടി
മൊഴിമാറ്റം/ജിന്‍സി ബാലകൃഷ്ണന്‍


കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന എമേര്‍ജിങ് കേരള പദ്ധതി വന്‍ വിവാദമായിരിക്കുകയാണ്. കേരളത്തിന്റെ വികസനത്തിന് അനിവാര്യമെന്ന് പദ്ധതിയെ അനുകൂലിക്കുന്ന സര്‍ക്കാര്‍ പറയുമ്പോള്‍ ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെയുണ്ടാകുന്ന പാരസ്ഥിതിക, ഭൂപ്രശ്‌നങ്ങളാണ് വിമര്‍ശകര്‍ മുന്നോട്ട് വെയ്ക്കുന്നത്. വിമര്‍ശനം ശക്തമായിട്ടും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന ഉറച്ച തീരുമാനത്തിലാണ് സര്‍ക്കാര്‍. എമേര്‍ജിങ് കേരളയുണ്ടാക്കിയ വിവാദങ്ങളെക്കുറിച്ചും കേരളത്തിന്റെ വികസന സ്വപ്‌നങ്ങളെക്കുറിച്ചും രഘുവീര്‍ ശ്രീനിവാസനുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  പങ്കുവെയ്ക്കുന്നു…

Ads By Google

കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായ തൊഴിലില്ലായ്മ എങ്ങനെ പരിഹരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്?

കഴിഞ്ഞ കാലങ്ങളില്‍ ഗുരുതരമായ രീതിയില്‍ ഈ പ്രശ്‌നം നാം നേരിട്ടിട്ടിരുന്നു. ഇന്ന് സ്ഥിതി പൂര്‍ണമായി മാറിയിട്ടുണ്ട്. ഇന്ന് അവിദഗ്ധ ജോലിക്കാരുടെ ലഭ്യതക്കുറവാണ് നാം നേരിടുന്നത്. ഇത്തരം ജോലികള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ആശ്രയിക്കേണ്ടി വരുന്നു. ഇന്ന് പണമൊരു പ്രശ്‌നമല്ല. സര്‍ക്കാരിന്റെയും നടപ്പിലാക്കുന്ന സ്ഥാപനങ്ങളുടെയും മനോധൈര്യമാണ് പ്രധാനം. അവസരങ്ങള്‍ ഇവിടെയുണ്ട്. നല്ല കഴിവുള്ള ആളുകളാണ് ഇവിടെയുള്ളതും.

കേരളത്തിനുവേണ്ടിയുള്ള നിങ്ങളുടെ വികസനനയം എന്താണ്?

കേരള സര്‍ക്കാരിന്റെ ഉപദേശകന്‍ സാം പിട്രോഡയാണ്. വികസനം വരേണ്ട പത്ത് മേഖലകള്‍ അദ്ദേഹം മനസിലാക്കിയിട്ടുണ്ട്. ഇതില്‍ ആദ്യത്തേത് തീരദേശ ഗതാഗതമാണ്. നമുക്ക് മൂന്ന് പ്രധാന തുറമുഖങ്ങളുണ്ട്. ഇതിനകം തന്നെ നിര്‍മിച്ച് കഴിഞ്ഞ വല്ലാര്‍പാടം, ഉടന്‍ നിര്‍മിക്കാന്‍ പോകുന്ന വിഴിഞ്ഞം, കണ്ണൂര്‍ ജില്ലയിലെ അഴീക്കല്‍ എന്നിവയാണവ. ഇത് വരുന്നതോട് കൂടി റോഡുകളിലെ ട്രാഫിക് കുരുക്ക് പരിഹരിക്കാനാകും. കൂടാതെ ഗതാഗത ചിലവ് 40% കുറയ്ക്കാനും സാധിക്കും. ഇതിനുവേണ്ടിയുള്ള നിക്ഷേപങ്ങള്‍ ഞങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്.

രണ്ടാമത്തേത് ദേശീയ ജലഗതാഗത മേഖലയാണ്. കൊല്ലം, കോട്ടപ്പുറം പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാകും. ഇപ്പോള്‍ തന്നെ ഈ പദ്ധതികള്‍ക്ക് 10 വര്‍ഷത്തെ കാലതാമസം വന്നിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്നും ഇതിനാവശ്യമായ ഫണ്ട് ലഭിച്ചിട്ടുള്ളതിനാല്‍ പണമല്ല ഇവിടെ പ്രശ്‌നമായത്. മത്സ്യത്തൊഴിലാളികളില്‍ നിന്നാണ് പ്രശ്‌നമുണ്ടാകുന്നത്. കാസര്‍ഗോഡ് വരെയുള്ള ഈ ദേശീയ ജലഗതാഗത പദ്ധതികള്‍ പൂര്‍ത്തിയാക്കാനായാല്‍ അത് ടൂറിസത്തിന് വലിയ നേട്ടമാകും.

ആയുര്‍വേദ രംഗമാണ് വികസനം കൊണ്ടുവരേണ്ട മറ്റൊരു മേഖല. ഇതിനും ടൂറിസവുമായി ബന്ധമുണ്ട്. ഐ.ടി, വിദ്യാഭ്യാസം തുടങ്ങിയവയാണ് മറ്റ് മേഖലകള്‍.

നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ടൂറിസവും ആശുപത്രികളും അന്തര്‍ദേശീയ നിലവാരമുള്ളവയായി മാറ്റാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടത് ഇപ്പോഴത്തെ പ്രധാന ആവശ്യമല്ലേ?

ഇത് സംബന്ധിച്ച് ഞങ്ങള്‍ക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്. ഞങ്ങളുടെ ശക്തിയും ബലഹീനതയും ഞങ്ങള്‍ ശരിക്കും തിരിച്ചറിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസവും ആരോഗ്യവുമാണ് ഞങ്ങളുടെ ശക്തി.

എന്നാല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് ഞങ്ങള്‍ അവഗണിച്ചു. ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റില്‍ ഞങ്ങള്‍ക്ക് ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്.

വികസനത്തിനുവേണ്ട ആന്തരിക ഘടനയുണ്ടെങ്കില്‍ നിക്ഷേപം താനേ വരും. തൊഴിലവസരങ്ങള്‍ തുറക്കപ്പെടും. അതിനാല്‍ ഞങ്ങള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റിലാണ് ശ്രദ്ധയൂന്നുന്നത്.

കേരളത്തിലെ നിര്‍മാണ മേഖലയെ ആകര്‍ഷിക്കാന്‍ എന്തെങ്കിലും പദ്ധതികളുണ്ടോ?

നിര്‍മാണ മേഖലയില്‍ നമ്മള്‍ ഒരുപാട് പിറകിലാണെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങളുടെ പരിമിതികളും അറിയാം. നല്ല ജനസംഖ്യയുള്ള സംസ്ഥാനമാണ് കേരളം. നിര്‍മാണ കമ്പനികള്‍ കൊണ്ടുവരാന്‍ പറ്റിയ കുറച്ച് സ്ഥലം പാലക്കാടും കാസര്‍ഗോഡുമുണ്ട്. ഇതൊഴിച്ചാല്‍ മറ്റ് ഭൂമികളൊന്നുമില്ല.

അതുകൊണ്ടുതന്നെ പരിസരമലിനീകരണമുണ്ടാക്കുന്ന വ്യവസായ സംരഭങ്ങള്‍ ഇവിടെ കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും നമുക്കാവില്ല. എന്നിട്ടും കൊച്ചി മുതല്‍ പാലക്കാട് വരെ കോറിഡോര്‍ നിര്‍മിക്കാന്‍ ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. ഇതിനുവേണ്ടി ഭൂമി കണ്ടെത്തുകയും നിര്‍മാണ കമ്പനികളില്‍ നിന്നും നിക്ഷേപം ക്ഷണിക്കുകയും വേണം.

പരിസരമലിനീകരണമുണ്ടാക്കാത്ത ടെക്‌സ്റ്റൈല്‍, വാച്ച് കമ്പനികള്‍ കൊണ്ടുവരാന്‍ കഴിയില്ലേ?

ഈ കമ്പനികള്‍ക്ക് വേണ്ടി പരിശ്രമിക്കാന്‍ എനിക്കാവില്ല. എന്റെ മണ്ഡലത്തില്‍ തന്നെ ഒരു പവ്വര്‍ ലൂമും സ്പിന്നിങ് മില്ലുമുണ്ട്. അവിടേക്ക് തന്നെ തൊഴിലാളികളെ ലഭിക്കാത്ത അവസ്ഥയാണ്. എല്ലാവര്‍ക്കും വിദ്യാഭ്യാസത്തെക്കുറിച്ച് ആശങ്കയിലാണ്. കൂലിപ്പണിക്കാര്‍ പോലും അവരുടെ കുട്ടികളെ നല്ല സ്‌കൂളുകളില്‍ വിട്ട് പഠിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. അതായത് ചിലവ് വളരെ കൂടുതലും അതിനുവേണ്ട അധ്വാനം അതിലും വലുതുമാണ്.

കൂടാതെ ട്രേഡ് യൂണിയനുകള്‍….?

ഇല്ല, അതെല്ലാം പഴയ കഥയാണ്. ഇന്ന് തൊഴിലാളിവര്‍ഗവും അതിന്റെ നേതൃത്വവും മാറിയിട്ടുണ്ട്. തൊഴില്‍ സമരം കാരണം കേരളത്തില്‍ കുറഞ്ഞ തൊഴില്‍ദിനങ്ങളേ നഷ്ടപ്പെട്ടിട്ടുള്ളൂ. തൊഴിലാളി സമരം കാരണം അടയ്ക്കപ്പെട്ട പല യൂണിറ്റുകളുമുണ്ടാവാം. പക്ഷെ അതെല്ലാം മറ്റ് പല കാരണങ്ങള്‍ കൊണ്ടുമാണ്.

എമേര്‍ജിങ് കേരളയിലൂടെ ഏത് തരത്തിലുള്ള നിക്ഷേപം കൊണ്ടുവരാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്?

ഇതൊരു നിക്ഷേപക സമ്മേളനമായി നടത്താനല്ല ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. എമേര്‍ജിങ് കേരളയ്ക്ക് രണ്ട് ലക്ഷ്യങ്ങളാണുള്ളത്. ഇവിടെ ലഭ്യമായ അവസരങ്ങള്‍ തുറന്നുകാട്ടുകയെന്നതാണ് ആദ്യത്തേത്. രണ്ടാമത്തേത് കേരളം മാറിയെന്ന സന്ദേശം ലോകത്തിന് കാട്ടിക്കൊടുക്കുക. നിക്ഷേപ-സൗഹൃദ സംസ്ഥാനമാണ് കേരളം. ഞങ്ങള്‍ നിക്ഷേപം ആഗ്രഹിക്കുകയും നിക്ഷേപകരെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. കേരളത്തിലെ അവസരങ്ങള്‍ സംബന്ധിച്ച് ഒരു തുറന്ന ചര്‍ച്ച വേണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. 52 രാജ്യങ്ങളിലെ പ്രതിനിധികള്‍ എമേര്‍ജിങ് കേരളയില്‍ പങ്കെടുക്കും. ആശയങ്ങള്‍ പരസ്പരം പങ്കുവയ്ക്കാനുള്ള അവസരമാണിത്.

കേരളത്തിലെ അവിദഗ്ധ തൊഴിലാളികളുടെ ക്ഷാമത്തിന് ഉന്നത വിദ്യാഭ്യാസ നിലവാരം ഒരു തടസമാകുന്നുണ്ടോ?

അങ്ങനെ തോന്നുന്നില്ല. വിദ്യാഭ്യാസ നിരക്കും വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളും തീര്‍ച്ചയായും പ്ലസ് പോയിന്റുകള്‍ തന്നെയാണ്. അതുകൊണ്ടാണ് ലോകത്തിന്റെ മറ്റ് ഭാഗങ്ങള്‍ ഞങ്ങളെ സ്വാഗതം ചെയ്യുന്നത്. എന്നാല്‍ പുറത്തുള്ള ജോലികള്‍ കുറയുന്ന ഒരു അവസ്ഥയിലേക്ക് ഇപ്പോള്‍ നമ്മള്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. തീര്‍ച്ചയായും ഇതിനെതിരെ പ്രതിഷേധങ്ങളുണ്ട്. ഞങ്ങള്‍ അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

മനോധൈര്യം ഇല്ലാത്തതുകൊണ്ടാണ് നമുക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടത് ഞങ്ങള്‍ക്ക് ഉറപ്പാണ്. ആളുകള്‍ എന്തെങ്കിലും ഒച്ചപ്പാടോ ആരോപണങ്ങളോ ഉയര്‍ത്തുമ്പോള്‍ നമ്മള്‍ ഭയന്ന് പിന്മാറുന്നു. ഇനി അങ്ങനെ ചെയ്യാന്‍ ഞങ്ങള്‍ തയ്യാറല്ല. ഏത് പരാതിയും കേള്‍ക്കാനും അതിന് വിശദീകരണം നല്‍കാനും ഞങ്ങള്‍ തയ്യാറാണ്.

നിങ്ങളുടെ ഭരണകാലത്തെ വികസന കാഴ്ചപ്പാട് എന്താണ്?

സാധ്യമായ എല്ലാ വഴികളിലൂടെയും സംസ്ഥാനത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുകയെന്നതാണ് എന്റെ പ്രധാന ലക്ഷ്യം. ഇവിടെ ഒരേയൊരു പ്രശ്‌നമാണുളളത്. അത് ഭൂമിയേറ്റെടുക്കലാണ്. പണമൊരു പ്രശ്‌നമല്ല. ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. മാര്‍ക്കറ്റ് വില അനുസരിച്ച് തന്നെ ഞങ്ങള്‍ അവരുടെ ഭൂമിക്ക് വില നല്‍കും.

കടപ്പാട്: ഹിന്ദു ദിനപത്രം

Advertisement