Categories

സുനന്ദ എന്തുകൊണ്ട് തന്നെ പാക് ചാരയെന്ന് വിളിച്ചെന്ന് അറിയില്ല: മെഹര്‍ തരര്‍

Mehr-Tarar

കേന്ദ്രമന്ത്രി ശശി തരൂരും പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ബന്ധത്തെ കുറിച്ച് സുനന്ദ പുഷ്‌കര്‍ ആരോപണമുന്നയിച്ചതും പിന്നീട് തിരുത്തിയതും ഏറെ വിവാദമായിരുന്നു. മെഹര്‍ തരാറിനെ ഐ.എസ്.ഐ ചാരയെന്ന് സുനന്ദ പുഷകര്‍ വിളിച്ചതും ഏറെ വിവാദമായിരുന്നു.

സുനന്ദയുടെ ആരോപണത്തെ കുറിച്ച് പ്രതികരിക്കുയാണ് മെഹര്‍ തരാര്‍. മെഹര്‍ തരാറുമായുള്ള അഭിമുഖം.

ശശി തരൂറും സുനന്ദ പുഷ്‌കറും ഒന്നിച്ചിറക്കിയ കുറിപ്പ് താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ. അതിനെ കുറിച്ച് എന്താണ് പറയാനുള്ളത്

ഒന്നും പറയാനില്ല. അവര്‍ക്ക് നല്ലത് വരട്ടെ. സുനന്ദ പുഷ്‌കര്‍ എന്നെകുറിച്ച് പറയുന്ന അപവാദങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം. അത്തരം പരാമര്‍ശങ്ങള്‍ നിര്‍ത്തിയാല്‍ നല്ലത്.

സുനന്ദ പുഷ്‌കര്‍ താങ്കള്‍ക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഭര്‍ത്താവിനെ നിരീക്ഷിക്കുന്നു, ശശി തരൂറിന് സന്ദേശങ്ങള്‍ അയക്കുന്നു. അവരുടെ ദാമ്പത്യം തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെ. അതിനെ കുറിച്ച്

എല്ലാ മാധ്യമങ്ങളോടും അവതാരകരോടും എനിക്കൊരു കാര്യം ചോദിക്കാനുണ്ട്. ഫോണില്‍ കൂടി എനിക്കൊരാളെ എങ്ങനെയാണ് നിരീക്ഷിക്കാന്‍ സാധിക്കുക? എനിക്കറിയില്ല അതെങ്ങനെ സാധ്യമാവുമെന്ന്. ആര്‍ക്കെങ്കിലും അങ്ങനെ ചെയ്യാന്‍ സാധിക്കുമോ?

അപ്പോള്‍ താങ്കള്‍ പറയുന്നത് ഫോണിലൂടെ ഇത് സാധ്യമല്ലെന്നാണ്. പിന്നെന്താവും സുനന്ദ പുഷ്‌കര്‍ താങ്കള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്

അത് അവരോട് തന്നെ ചോദിക്കേണ്ടി വരും. ശശി തരൂരിന്റെ അക്കൗണ്ടില്‍ നിന്നും ട്വീറ്റ് ചെയ്തത് അവരാണ്. അവര്‍ തന്നെയാണ് പറഞ്ഞത് അത് ഹാക്ക് ചെയ്തതാണെന്ന്. ഹാക്ക് ചെയ്തതല്ലെന്ന് പറഞ്ഞതും അവര്‍ തന്നെയാണ്. സുനന്ദ പുഷ്‌കര്‍ തന്നെയാണ് രണ്ട് പത്രങ്ങള്‍ക്ക് അഭിമുഖം നല്‍കിയത്. ഇതേ സുനന്ദ പുഷ്‌കറാണ് എനിക്കും ട്വീറ്റ് ചെയ്തത്.

ട്വിറ്ററില്‍ എനിക്കൊപ്പം നിന്ന എല്ലാ ഇന്ത്യക്കാര്‍ക്കും എന്റെ നന്ദി അറിയിക്കുകയാണ്. ട്വിറ്ററില്‍ സുനന്ദ പുഷ്‌കര്‍ എന്നോട് ചെയ്തതൊക്കെ ഇന്ത്യക്കാര്‍ ചോദ്യം ചെയ്തു. വലിയ പിന്തുണയാണ് എനിക്ക് ലഭിച്ചത്.

എന്തിന്റെ പേരിലായാലും ഒരു സ്ത്രീക്കെതിരെ മറ്റൊരു സ്ത്രീ നടത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ക്ക് ട്വിറ്ററില്‍ വലിയ പ്രോത്സാഹനം ലഭിക്കുമെന്ന് കരുതുന്നില്ല. ട്വിറ്ററില്‍ എനിക്കെതിരെ സുനന്ദ നടത്തിയ ആക്രമണം എത്രമേല്‍ മോശമായിരുന്നെന്ന് എല്ലാവരും കണ്ടതാണ്. അതുകൊണ്ടാണ് അതൊക്കെ പിന്‍വലിക്കാന്‍ അവര്‍ തീരുമാനിച്ചത്. ഇപ്പോള്‍ അവര്‍ ചെയ്യുന്നതിനെ കുറിച്ചൊന്നും എനിക്ക് പറയാനില്ല.

ശശീ തരൂരിനെ ഞാന്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ട്. അദ്ദേഹത്തോട് സംസാരിക്കുകയും മറ്റ് പലരുടേയും കൂടെ കാണുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ച് എഴുതുകയും ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത്രയുമാണ് എനിക്ക് ശശി തരൂരുമായുള്ള ബന്ധം. ഇതില്‍ സുനന്ദയ്ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതിന്റെ കാരണം അവരോട് തന്നെ ചോദിക്കണം.

താങ്കളെ ഐ.എസ്.ഐ ഏജന്റെന്നും സുനന്ദ വിളിച്ചിട്ടുണ്ട്

ഇന്ത്യയിലെ മാധ്യമങ്ങളോട് എനിക്കൊരു കാര്യം ചോദിക്കാനുണ്ട്. ആരെയെങ്കിലും കുറിച്ച് ചാരയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതെങ്ങനെയാണ് മാധ്യമത്തില്‍ വാര്‍ത്തയാകുന്നത്? ആര്‍ക്കും ദേശീയ മാധ്യമത്തില്‍ വന്ന് ആരെ കുറിച്ചും എന്ത് അപവാദവും പറയാമെന്നാണോ?

ഇപ്പോള്‍ ഞാന്‍ എന്റെ 14 വയസ്സുള്ള മകനൊപ്പം മെക് ഡൊണാള്‍ഡിലേക്ക് പോവുകയാണ്. ഞാന്‍ എന്നും വീട്ടിലുണ്ടാകുന്നയാളാണ്. രണ്ട് വര്‍ഷമായി ഒരു കമ്പനിയില്‍ തന്നെയാണ് ജോലി ചെയ്യുന്നതും.

ഇതേ പത്രത്തില്‍ ഞാന്‍ ഇപ്പോഴും എഴുതുന്നുണ്ട്. ഇതേ കമ്പനിക്ക് വേണ്ടി അടുത്ത മാസം മുതല്‍ ഞാന്‍ ഒരു ടി.വി ഷോയും അവതരിപ്പിക്കുന്നുണ്ട്. ഇതല്ലാതെ എന്റെ ജീവതിം എന്ന് പറയുന്നത്, ട്വീറ്റ് ചെയ്യുകയും എഴുതുകയും എന്റെ കുഞ്ഞിനെ നോക്കുകയും ചെയ്യുന്നു എന്നതാണ്. രണ്ട് തവണ ഞാന്‍ ഇന്ത്യയില്‍ വന്നിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സമാധാനം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍.

ഇന്ത്യ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട സ്ഥലമാണ്. ഇന്ത്യന്‍ സിനിമ, അഭിനേതാക്കള്‍, സംസ്‌കാരം തുടങ്ങി പലതും മനോഹരമാണ്. എനിക്കെതിരെ പരാമര്‍ശങ്ങളുണ്ടായപ്പോള്‍ നിരവധി ഇന്ത്യക്കാരാണ് പിന്തുണയുമായി എത്തിയത്.

നിങ്ങള്‍ക്ക് ഞാന്‍ എഴുതിയ ലേഖനങ്ങള്‍ വായിക്കാം. എന്റെ ട്വിറ്റര്‍ പേജും  നോക്കാം. എന്നിട്ട് തീരുമാനിക്കാം ഞാന്‍ എന്താണ് ചെയ്യുന്നതെന്ന്. എന്റെ ഇതുവരെയുള്ള പ്രവര്‍ത്തികള്‍ നോക്കിയാല്‍ ആരും ഞാനൊരു ഐ.എസ്.ഐ ഏജന്റാണെന്ന് പറയില്ല.

എങ്ങനെയാണ് ഒരു സ്ത്രീക്ക് എന്തിന്റെ പേരിലായാലും ഒരു സോഷ്യല്‍ മീഡിയയില്‍ കൂടി എന്നെ കുറിച്ച് ഇത്തരം കാര്യങ്ങള്‍ പറയാന്‍ സാധിക്കുന്നത്?

ഈ വിവാദത്തെ കുറിച്ച് തരൂര്‍ ദമ്പതികള്‍ കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഈ വിവാദം ഇവിടെ അവസാനിപ്പിക്കുമോ?

തീര്‍ച്ചയായും. അവര്‍ക്ക് ഞാന്‍ എല്ലാ ആശംസകളും നേരുന്നു. ശശി തരൂരിനെ ഞാന്‍ വളരെയേറെ ബഹുമാനിക്കുന്നുണ്ട്. അദ്ദേഹത്തിന് നല്ല ദാമ്പത്യ ജീവിതമുണ്ടാകട്ടേയെന്നാണ് ആഗ്രഹം. തിരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിക്കട്ടേയെന്നും ഞാന്‍ ആശംസിക്കുന്നു. സുനന്ദ പുഷ്‌കര്‍ ഇത്തരത്തിലുള്ള ട്വീറ്റിങ് അവസാനിപ്പിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ട്വീറ്റ് ചെയ്തതിന് ശേഷം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് പറയുന്നത് മനസ്സിലാകുന്നില്ല.

ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് പറഞ്ഞ് അടുത്ത ദിവസം രണ്ട് പത്രങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് പറയുന്നു. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് അവരോട് തന്നെ ചോദിക്കണം.

സുനന്ദ പുഷ്‌കര്‍ മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ

ഞാന്‍ അതൊന്നും പ്രതീക്ഷിക്കുന്നില്ല. താന്‍ ചെയ്തത് തെറ്റാണെന്ന് പറയാനുള്ള ധാര്‍മിക ബോധം അവര്‍ക്കില്ല. ആര്‍ക്കെങ്കിലും നമ്മുടെ വസ്ത്ര ധാരണത്തിലോ വ്യക്തിത്വത്തിലോ പ്രശ്‌നമുണ്ടെങ്കില്‍ അത് മനസ്സിലാക്കാന്‍ സാധിക്കും. പക്ഷേ, ട്വിറ്റര്‍ പോലുള്ള ഇല്‌ട്രോണിക് മീഡിയയിലൂടെ ഒരാളെ ഐ.എസ്.ഐ ഏജന്റെന്ന് വിളിക്കുന്നത് മനസ്സിലാകുന്നില്ല.

അവര്‍ പറഞ്ഞ കാര്യങ്ങള്‍ എന്നെ അമ്പരപ്പിക്കുകയാണ് ചെയ്തത്. ഐ.എസ്.ഐ ഏജന്റെന്ന് ആരോപിക്കാന്‍ ഞാന്‍ എന്നെങ്കിലും എന്തെങ്കിലും ചെയ്‌തോയെന്ന് എന്തുകൊണ്ട് മാധ്യമങ്ങള്‍ ചോദിച്ചില്ല? ജീവിതത്തില്‍ ഇന്നേവരെ ഒരു ഐ.എസ്.ഐ ഏജന്റിനെ ഞാന്‍ കണ്ടിട്ടില്ല. ഐ.എസ്.ഐയ്‌ക്കെതിരെ ഒരുപാട് തവണ ഞാന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. അതൊന്നും തമാശയ്ക്കായിരുന്നില്ല. അതുകൊണ്ട് തന്നെ എന്നെ ഇഷ്ടപ്പെടാത്ത പലരുമുണ്ട്.

താങ്കള്‍ക്കെതിരെ എന്തുകൊണ്ടാവും സുനന്ദ പുഷ്‌കര്‍ ഇത്തരം ആരോപണങ്ങള്‍ നടത്തുന്നത്? എന്തെങ്കിലും തെറ്റിദ്ധാരണയുടെ പുറത്താകുമോ

അതെ. സുനന്ദ തരൂര്‍ ഇല്ലാത്ത ഒരു ദിവസം ഞാന്‍ ശശി തരൂറിനെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. ഞാന്‍ ശശി തരൂരിനെ കുറിച്ച് ലേഖനം എഴുതിയിട്ടുണ്ട്. ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ലഭിക്കും. എന്റെ ട്വീറ്റുകളില്‍ ഞാന്‍ അദ്ദേഹത്തെ ടാഗ് ചെയ്യാറുണ്ട്. ടാഗ് ചെയ്യാത്തവ എന്റെ ടൈംലൈനില്‍ കാണും. അതൊക്കെ നോക്കാം. എന്തെങ്കിലും മറച്ച് വെക്കാന്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തെ കുറിച്ച് എഴുതുമോ. അദ്ദേഹത്തെ കുറിച്ച് ട്വീറ്റ് ചെയ്യുമോ അദ്ദേഹത്തിന് ട്വീറ്റ് ചെയ്യുകയോ ചെയ്യുമായിരുന്നോ

ഞാന്‍ എന്നും അദ്ദേഹത്തെ പുകഴ്്ത്തിയിട്ടേയുള്ളൂ. അദ്ദേഹം മികച്ച എഴുത്തുകാരനാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇന്ത്യ പാക്കിസ്ഥാന്‍ ബന്ധത്തെ കുറിച്ചും പോസറ്റീവ് നിലപാടെടുക്കുന്നയാളാണ് അദ്ദേഹം. ഇതൊക്കെ കാരണം ഞാന്‍ അദ്ദേഹത്തില്‍ ആകൃഷ്ടയായിട്ടുണ്ട്.

ഇന്ത്യയെ കുറിച്ച് എന്നും അനുകൂലമായിട്ടാണ് ഞാന്‍ നിലപാടെടുത്തത്.