എഡിറ്റര്‍
എഡിറ്റര്‍
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വൈവിദ്ധ്യവല്‍ക്കരണത്തിലേയ്ക്ക്‌
എഡിറ്റര്‍
Wednesday 9th May 2012 8:27pm

 

Plantation Corporation of Kerala


ഒട്ടവധി വിവാദങ്ങളിലൂടെയാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഈ അടുത്ത കാലത്തായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. വൈവിദ്ധ്യവല്‍ക്കരണത്തിലൂടെ അത് നേരിട്ടിരിക്കുന്ന മോശം പ്രതിഛായയെ മാറ്റാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍. അതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ക്ക് രൂപം കൊടുക്കുകയാണ്. ആരോഗ്യ മേഖല, ഭക്ഷ്യ മേഖല മുതലായവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും നാണ്യവിളയോടൊപ്പം ഭക്ഷ്യവിളയ്ക്കു പ്രാധാന്യം കൊടുക്കാന്‍ ഇന്ന് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ശ്രമിക്കുന്നുണ്ട്. അത്തരമൊരു പശ്ചാത്തലത്തില്‍ കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പുതിയ പദ്ധതികളെ പറ്റി അതിന്റ മാനേജിങ്ങ് ഡയറക്ടര്‍ സുബൈര്‍ഖാനുമായി ഡൂള്‍ന്യൂസ് ബിസിനസ് ഡെസ്‌ക്ക് നടത്തിയ അഭിമുഖം.


സുബൈര്‍ഖാന്‍/ഡൂള്‍ന്യൂസ് ബിസിനസ് ഡെസ്‌ക്ക്

കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പ്രധാന പ്രവര്‍ത്തന മേഖല ഏതൊക്കെയാണ്?

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പ്രധാനമായും നാണ്യവിളകളാണ് ഉത്പാദിപ്പിക്കുന്നത്. റബ്ബറിലും കാഷ്യുവിലും ഓയില്‍ പാമിലുമാണ് കോര്‍പ്പറേഷന്‍ ശ്രദ്ധ ചെലുത്തുന്നത്. പ്രധാന നാണ്യവിളയും അത് തന്നെയാണ്. എന്നാല്‍ പുതിയ ഗണ്‍മെന്റും, ഡോ.വര്‍ഗീസ് ജോര്‍ജ് ചെയര്‍മാനായി ബോര്‍ഡുമൊക്കെ നിലവില്‍ വന്നതോടെ കോര്‍പ്പറേഷന് പുതിയ മുഖഛായ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അടുത്ത കാലങ്ങളിലായി വിവാദങ്ങളുടെ പിറകെയാണ്. ഇത്തരം വിവാദങ്ങളെ മറികടക്കാന്‍ കൂടിയാകണം പുതിയ ബോര്‍ഡും സര്‍ക്കാരും ശ്രമിക്കുന്നത്. എന്തൊക്കെയാണ് പുതിയ ഡവലപ്‌മെന്റ്‌സ്?

പി.സി.കെ (പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍) നാണ്യവിളകളുടെ ഉത്പാദനം മാത്രമാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. നാണ്യവിളകള്‍ക്കപ്പുറം ഭക്ഷ്യവിള, വിദ്യാഭ്യാസ മേഖല, കൃഷി അധിഷ്ഠിത വ്യവസായം, ടൂറിസം തുടങ്ങി വിവിധ മേഖലകളിലേക്ക് കൂടി കോര്‍പ്പറേഷന്‍ കടക്കുകയാണ്. വിദ്യാഭ്യാസ മേഖലയില്‍ കാസര്‍ഗോഡ് ഗവണ്‍മെന്റുമായി ചേര്‍ന്ന് മെഡിക്കല്‍ കോളേജ് സ്ഥാപിക്കുവാന്‍ പി.സി.കെ. തീരുമാനിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ഗവണ്‍മെന്റ് അംഗീകാരം പ്രതീക്ഷിക്കുന്നു.

വ്യവസായമേഖലയില്‍ റബ്ബര്‍-ഓയില്‍ പാം അധിഷ്ഠിത വ്യവസായങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത്. റബ്ബറധിഷ്ടിത വ്യവസായങ്ങള്‍ക്ക് റോമെറ്റീരിയല്‍സ് നമുക്ക് അവയ്‌ലബിളാണ്. ഡിഫന്‍സിനും, റെയില്‍വേക്കും നാഷണല്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ ഫേമുകള്‍ക്കും ആവശ്യമുള്ള ഹൈക്വാളിറ്റി ലാറ്റക്‌സ് നമുക്ക് കൊടുക്കാന്‍ കഴിയുന്നുണ്ട്. അതിനുദാഹരണമാണ് ജബുലാനി പന്തിന്റെ ബ്ലാഡര്‍. നമുടെ ലാറ്റക്‌സാണ് അവര്‍ ഉപയോഗിച്ചിരുന്നത്. ഹൈക്വാളിറ്റി റബ്ബര്‍ ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള പദ്ധതിക്കും രൂപം നല്‍കിവരുന്നു.

മറ്റൊരു പ്രോഡക്ടായ ഓയില്‍ പാംമില്‍ നിന്നും പാമോയില്‍ എടുക്കുന്ന ഫാക്ടറി വളരെ പെട്ടെന്ന്് തന്നെ ആരംഭിക്കുന്നുണ്ട്. കൂടാതെ പി.സി.കെയക്ക് സ്വന്തമായി ടൂറിസ്റ്റ് റീസോര്‍ട്ട് ഉണ്ട്. പ്ലാന്റേഷന്‍ടൂറിസം ലക്ഷ്യമിട്ടുതുടങ്ങിയതാണ് ഈ റിസോര്‍ട്ടുകള്‍. നൂറ് ശതമാനം പ്രകൃതി സന്തൂലനാവാസ്ഥ നിലനിര്‍ത്തിക്കൊണ്ട് പ്ലാന്റേഷന്‍ ടൂറിസം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. അങ്ങനെ ഒരു വൈവിധ്യവത്കരണത്തിന്റെ പാതയിലാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍.

നാണ്യ വിളകള്‍ക്കപ്പുറത്ത് ഭക്ഷ്യ വിളകളിലേക്ക് കൂടി പ്രവര്‍ത്തനങ്ങളെ വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണല്ലോ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍. ഇത്തരത്തിലുള്ള ഒരു മാറ്റത്തിന് പി.സി.കെയെ പ്രേരിപ്പിച്ച ഘടകമെന്താണ്?

എന്‍ഡോസള്‍ഫാന്‍ ഉപയോഗം മൂലം ജനങ്ങള്‍ക്കിടയില്‍ കോര്‍പ്പറേഷന് മോശം പ്രതിഛായ വന്നിട്ടുണ്ട്. അതിനെ മറികടക്കുക എന്നത് പ്രധാനലക്ഷ്യമാണ്. അതോടൊപ്പം തന്നെ കീടനാശിനി ഉപയോഗിക്കാത്ത പച്ചക്കറികളും ഭക്ഷ്യ വിളകളും ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട. അതിനായി ജൈവകീടനാശിനിയും വളങ്ങളും ഉപയോഗിച്ച് പച്ചക്കറികളും ഭക്ഷ്യവിളകളും ഉല്‍പാദിപ്പിക്കുന്ന സംരംഭങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അടുത്തകാലത്ത് കാസര്‍ഗോഡ് ഈ രീതിയില്‍ കോളിഫഌവര്‍, കാബേജ് എന്നിവ കൃഷിചെയ്യുകയും നല്ല വിളകള്‍ ലഭിക്കുകയും ചെയ്തു. അത് വിജയിച്ചതിനാല്‍ ഓര്‍ഗാനിക് കള്‍ട്ടിവേഷന് പ്രൊപ്പഗാന്റെ തയ്യാറാക്കുന്നുണ്ട്. കൂടാതെ കൃഷിക്കാര്‍ക്കിടയില്‍ ജൈവ കൃഷി രീതിക്ക് കൂടുതല്‍ പ്രോല്‍സാഹനം കൊടുക്കുന്നതിനും കര്‍ഷകര്‍ക്ക് ട്രെയിനിംഗ് കൊടുക്കുന്നതടക്കമുള്ള ഓപ്പറേഷന്‍സാണ് സ്വീകരിച്ചിട്ടുള്ളത്.

ഭക്ഷ്യവിളകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ പിന്തുണക്കുമോ?

തീര്‍ച്ചയായും ഉദ്ദേശിക്കുന്നുണ്ട്. കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിക്കാനും കൂടുതല്‍ പേരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ലാഭം കൊയ്യുക എന്നുള്ളതല്ല മറിച്ച് കെമിക്കല്‍സിന്റെ ഉപയോഗം ഒഴിവാക്കുവാനും ബോധവല്‍ക്കരണത്തിലൂടെ ജൈവകൃഷി വ്യാപിപ്പിക്കുവാനുമാണ് ഉദ്ദേശിക്കുന്നത്. ഈ മേഖലയില്‍ സ്വയം പര്യാപ്തത നേടുന്നതിനുള്ള പദ്ധതികള്‍ ഗവണ്‍മെന്റിനും അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റിനും ഉണ്ടെന്നാണ് അറിഞ്ഞത്. അത് പി.സി.കെ. സപ്പോര്‍ട്ട് ചെയ്യുകയാണല്ലോ. തീര്‍ച്ചയായും സര്‍ക്കാര്‍ പിന്തുണ ലഭിക്കുന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. പ്രത്യേകിച്ച് അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റേയും ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്റേയും കേന്ദ്രത്തിന്റെയും പിന്തുണയുണ്ടാകും.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കൈവശം വെക്കുന്ന പല ഭൂമികളും ഗവണ്‍മെന്റ് പാട്ടത്തിന് തന്നതാണല്ലോ. പാട്ടഭൂമി നാണ്യവിളകള്‍ക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാന്‍ പാടില്ലെന്ന നിബന്ധനകൂടി ഉണ്ടല്ലോ. ഇത്തരം നിയമപരമായ സാങ്കേതികത്വങ്ങളെ പെട്ടെന്ന് മറികടക്കാനാവുമോ?

ദീര്‍ഘദൃഷ്ടിയുള്ള ബൃഹത്തായ പദ്ധതികള്‍ കൊണ്ടുവന്നാല്‍ ഗവണ്‍മെന്റ് അനുമതി തരും. സര്‍ക്കാരിനും ഈകാര്യങ്ങളില്‍ അതിയായ താല്‍പര്യമുണ്ട്. നൂറ് ശതമാനം പൊതുമേഖയിലുള്ള കേരളത്തിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പോലുള്ള കേരളത്തിലെ സ്ഥാപനത്തില്‍ ഇത്തരം ബൃഹത്തായ സംരംഭം കൊണ്ടുവരികയാണെങ്കില്‍ അനുമതി വാങ്ങുവാന്‍ ബുദ്ധിമുട്ടുണ്ടാവില്ല എന്നു കരുതുന്നു. നിലവിലുള്ള ഭുമി ഉപയോഗിക്കാന്‍ പറ്റാത്ത പ്രശ്‌നങ്ങളാണെങ്കില്‍ പുതുതായി ഭൂമി അനുവദിക്കാന്‍ സര്‍ക്കാരിനോടാ വശ്യപ്പടുന്നതായിരിക്കും. തരിശായി കിടക്കുന്ന നിരവധി ഭൂമികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഇതൊക്കെ സര്‍ക്കാര്‍ ഏറ്റെടുത്ത് തരികയാണെങ്കില്‍ ബൃഹത്തായ ഇത്തരം സംരംഭത്തിന് പി. സി.കെ. തയ്യാറാണ്.

ടൂറിസം മേഖലയിലേക്ക് കടക്കുന്നു എന്ന് പറഞ്ഞല്ലോ. ഏത് രീതിയിലായിരിക്കും പ്രവര്‍ത്തനങ്ങള്‍?

ആതിരപ്പള്ളി വെള്ളച്ചാട്ടം പ്ലാന്റേഷന്‍ വാലിയുടെ ഭാഗമായുള്ള എണ്ണപ്പന തോട്ടങ്ങളുടെയും കാഷ്യു തോട്ടങ്ങളുടെയും അടുത്താണ്. അതിന്റെ ഒരു വശം ഫോറസ്റ്റ് ആണ്. നിലവിലുള്ള ടൂറിസം കാഴ്ചപ്പാടുകള്‍ക്ക് അതീതമായി പ്ലാന്റേഷന്‍ ടൂറിസം പോലുള്ള പദ്ധതിയാണ് ഉദ്ദശിക്കുന്നത്. പ്രകൃതി രമണീയമായ വളരെ സൈലന്റ് ആയ അറ്റ്‌മോസ്ഫിയറില്‍ ആളുകള്‍ക്ക് വന്ന് തങ്ങാനുള്ള സൗകര്യമൊരുക്കുക. ഇക്കോ ടൂറിസം പോലെ പ്ലാന്റേഷന്‍ ടൂറിസം അല്ലെങ്കില്‍ ഫാം ടൂറിസം എന്നൊക്കെ പറയാവുന്ന രീതിയിലുള്ള ഒരു ടൂറിസം രീതിയാണ് ഉദ്ദേശിക്കുന്നത്. ആ രീതിയിലുള്ള സ്ഥലങ്ങള്‍ പലയിടത്തും സ്വന്തമായുണ്ട. പ്ലാന്റേഷന്‍ ടൂറിസവും ട്രക്കിംഗും ആഗ്രഹിച്ചെത്തുന്നവരെ ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യവുമുണ്ട്. കാസര്‍ഗോഡ് ബേക്കല്‍ ഫോര്‍ട്ടും മറ്റുമുണ്ടല്ലോ. കടലും ഹൈറേഞ്ചും ഇത്രമാത്രം അടുത്തുള്ളവേറെ പ്രദേശങ്ങളുണ്ടാകണമെന്നില്ല. തങ്ങുന്നതിനും സന്ദര്‍ശിക്കുന്നതിനുമുള്ള സൗകര്യമൊരുക്കുന്ന തിനായി ഒരു പദ്ധതി ലോഞ്ച് ചെയ്യാന്‍ പോകുകയാണ്.

ബേക്കല്‍ ഇന്ത്യയിലെ ആദ്യത്തെ സ്‌പെഷ്യല്‍ ടൂറിസം സോണായി മാറാന്‍ പോകുകയാണല്ലോ. അതിന്റെ ഭാഗമായിട്ടാണോ കാസര്‍ഗോട്ടെ പ്രവര്‍ത്തനങ്ങള്‍?

അതിനെ വ്യത്യസ്തമായ രീതിയില്‍ സപ്പോര്‍ട്ട് ചെയ്യുകയെന്നതാണ് പി.സി.കെ. ഉദ്ദേശിക്കുന്നത്. തീരപ്രദേശങ്ങളെ കൂടാതെയുള്ള പ്രകൃതിപരമായ സൗന്ദര്യം കൂടി വിനോദ സഞ്ചാരികള്‍ക്ക് ഒരുക്കുക. ബേക്കലിന്റെ ബാക്കി സൈഡില്‍ പി.സി.കെ. എസ്റ്റേറ്റാണല്ലോ. സഞ്ചാരികളെ അങ്ങോട്ടേക്ക് ആകര്‍ഷിക്കാനും ഫാം ടൂറിസം ആസ്വദിക്കാനുമുള്ള സൗകര്യമൊരുക്കുകയുമാണ് പി.സികെ. ലക്ഷ്യം വയ്ക്കുന്നത്.

ഓയില്‍ പാം റിഫൈനറിയെയും ഡവലപ്‌മെന്‍സിനെയും കുറിച്ച് പറഞ്ഞല്ലോ. എന്താണ് ഉദ്ദേശിക്കുന്നത്?

നിലവില്‍ നമ്മള്‍ എണ്ണക്കുരു ഉല്‍പാദിപ്പിച്ച് പുറത്ത് വില്‍ക്കുകയാണ് ചെയ്യുന്നത്. ഓയില്‍ പാം റീഫൈനറി മില്‍ സ്ഥാപിച്ച് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ കൂടി കോര്‍പ്പറേഷന്‍ ലക്ഷ്യം വെക്കുന്നു. ഇത് വളരെ ലാഭകരമാണ്. ഫാക്ടറി യാഥാര്‍ത്ഥ്യമാകുന്നതോടെ പാം ഓയില്‍ ഉല്‍പാദനം കൂടി ആരംഭിക്കുകയാണ്. കൂടാതെ ബാബാ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ സാങ്കേതിക സഹായത്തോടെ ഓയില്‍ പാമിന്റെ ബഞ്ചില്‍ നിന്നും, കാഷ്യു ആപ്പിളില്‍ നിന്നും വ്യത്യസ്ഥങ്ങളായ ഉപോല്‍പ്പന്നങ്ങള്‍ ഉല്‍പാദിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ട്.

ഓയില്‍ പാം ഫാക്ടറിയിലും റബ്ബര്‍ സംസ്‌കരണത്തിനുമുള്ള ഫാക്ടറികളിലും സ്വകാര്യപങ്കാളിത്തം അനുവദിക്കുന്നുണ്ടോ?

ഇല്ല. മുഴുവനായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സ്ഥാപനമായിരിക്കും ആരംഭിക്കുന്നത്. പി.സി.കെ.യില്‍ വേറെ റബ്ബറധിഷ്ടിത വ്യവസായങ്ങളുണ്ട്. അസംസ്‌കൃത റബ്ബര്‍ ലാറ്റക്‌സിനെ സെനക്‌സാക്കി മാറ്റുന്ന സെനക്‌സ് ഫാക്ടറിയും ടി.എസ്.ആര്‍ ഫാക്ടറിയും ക്രമ്പ് ഫാക്ടറിയുമുണ്ട്. ഇതുപോലെ ഒരു മൂല്യവര്‍ധിത ഉല്‍പ്പന്നം ലക്ഷ്യമിട്ടാണ് പുതിയ ഫാക്ടറി. ഇതിലെല്ലാം കോര്‍പ്പറേഷന് പുറത്തു നിന്നും ആരുടെയും പങ്കാളിത്തമുണ്ടാകില്ല.

പ്ലാന്റേഷന്‍ കോര്‍പ്പഷന്‍ അടുത്തിടെ വിവാദമായത് എന്‍ഡോസള്‍ഫാന്‍ വിഷയമാണല്ലോ. എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്ന തുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കോര്‍പ്പ റേഷന്റെ നേരിട്ടുള്ള മാത്രം തീരുമാനമായിരുന്നോ?

ഇത്തരം കാര്യങ്ങള്‍ പി.സി.കെ.യ്ക്ക് നേരിട്ട് ചെയ്യാന്‍ പറ്റില്ല. നൂറ് ശതമാനം ഗവണ്‍മെന്റ് ഓഹരിയുള്ള സ്ഥാപനമാണ് പി.സി.കെ. ഓരോ ഓപ്പറേഷന്‍സും അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റേയും കാര്‍ഷിക സര്‍വ്വകലാശാലയുടേയും സി.പി,സി.ആര്‍.ഐ. തുടങ്ങിയ സ്ഥാപനങ്ങളുടേയും നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും അനുസരിച്ച് ചെയ്തിട്ടുണ്ട്.

സമീപകാലത്ത് പേരാമ്പ്രയിലുള്ള എസ്‌റ്റേറ്റില്‍ എന്‍ഡോസള്‍ ഫാന്‍ ഉപയോഗിക്കുകയും കുട്ടികള്‍ക്ക് അതിന്റെ ബുദ്ധിമുട്ടുകളുണ്ടാകുകയും ചെയ്‌തെന്നും വാര്‍ത്തകളുണ്ടാ യിരുന്നു. വാസ്തവമെന്താണ്?

അവിടെ എന്‍ഡോസള്‍ഫാന്‍ കാസര്‍കോട് ഉപയോഗിച്ചതു പോലെ ഉപയോഗിച്ചിട്ടില്ല. 2000-ല്‍ കുഞ്ഞുതൈകള്‍ക്ക് ഒരു തവണ ഹാന്‍ഡ്‌സ് സ്േ്രപ ചെയ്തിരുന്നു. വെറും 70 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ 100 ഹെക്ടറിലാണ് ഉപയോഗിച്ചത്. അതും ഹാന്‍ഡ്‌സ്‌പ്രേ ആയിട്ട്. അത് തന്നെ ബാലന്‍സ് ചെയ്താണ് ഉപയോഗിച്ചത്. ആയിടക്കാണ് എന്‍ഡോസള്‍ഫാന്‍ നിരോധനം നേരിട്ടത്. 2000-ല്‍ തന്നെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നിരോധനം ഏര്‍പ്പെടുത്തി. പിന്നെ ഉപയോഗിച്ചിട്ടില്ല. അങ്ങനെ പ്രചരിപ്പിക്കുന്നതിനു പിന്നില്‍ വേറെ ചില പ്രേരണകളാണ്.

ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍ ചില മാധ്യമങ്ങളുടെ തല്‍പര്യങ്ങളുണ്ടെന്നും കേള്‍ക്കുന്നു.

മറ്റ് അജണ്ടകളെ കുറിച്ചൊന്നും എനിക്കറിയില്ല. അവിടെ എന്‍ഡോസള്‍ഫാന്‍ ഉപയോഗം മൂലം അസുഖം ഉണ്ടായെന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല.

കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കാനാകില്ലെന്ന് പറഞ്ഞല്ലോ.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എന്നു പറയുന്നത് 8000 കുടുംബങ്ങളുടെ നിലനില്‍പും ഒരുപാട് വര്‍ഷം നിലനില്‍ക്കേണ്ടതുമായ ബൃഹത് സ്ഥാപനമാണ്. എന്‍ഡോസള്‍ ഫാന്റെ വിഷയത്തില്‍ വലിയൊരു നഷ്ടപരിഹാരം നല്‍കാന്‍ ഒരുങ്ങിയാല്‍ പി.സി.കെ. തന്നെ ഇല്ലാതായി പോകും. ആ സാഹചര്യം മനസ്സിലാക്കിക്കൊണ്ടാണ് ഗവണ്‍മെന്റ് ആ ബാദ്ധ്യതയില്‍ നിന്നും പി.സി.കെ.യെ ഒഴിവാക്കിയത്.

കാസര്‍ഗോട്ടെ പെരിയക്കടുത്തുള്ള മൂളിയാര്‍ എസ്റ്റേറ്റില്‍ ചെങ്ങറയില്‍ നിന്നും കുടിയൊഴിപ്പച്ചവരെ സര്‍ക്കാര്‍ താമസിപ്പിച്ചിരുന്നല്ലോ. പിന്നീട് കോര്‍പ്പറേഷന്‍ അവിടെ മറ്റുള്ളവര്‍ക്ക് ഭൂമി അനുവദിക്കാന്‍ പറ്റില്ലെന്ന് പറയുകയു ണ്ടായി. എന്തു കൊണ്ടാണ് ഭൂമി അനുവദിക്കാ തിരുന്നത്?

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമാണെങ്കിലും കോര്‍പ്പറേഷന്‍ വിലകൊടുത്ത് വാങ്ങിച്ച ഭൂമിയാണ് അവ. അങ്ങനെ താമസിപ്പിക്കുകയാണെങ്കില്‍ ഇതിനു പകരമായി ഗവണ്‍മെന്റ് ബദല്‍ സംവിധാനങ്ങള്‍ നിര്‍ദേശിക്കാന്‍ എളുപ്പമല്ലേ. പകരം ഭൂമി തരികയോ മറ്റ് ആള്‍ട്ടര്‍നേറ്റീവ് നിര്‍ദ്ദേശിക്കുകയോ ചെയ്യാതെയാണ് അന്ന് അങ്ങനെ ചെയ്തത്. ഇതുപോലെ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിക്ക് വേണ്ടി കോര്‍പ്പറേഷന്റെ കാസര്‍ഗോഡ് എസ്റ്റേറ്റിലെ പെരിയയിലുള്ള 310 ഏക്കര്‍ ഭൂമി ഗവണ്‍മെന്റ് ഏറ്റെടുത്തു. പകരം റവന്യൂ ലാന്റ് ചീമേനിയില്‍ അനുവദിച്ചുതന്നു കൊണ്ടു പ്രശ്‌നം പരിഹരിക്കുകയുണ്ടായി.

കാസര്‍ഗോഡ് മെഡിക്കല്‍ കോളജിനായി ഭൂമി ഏറ്റെടുത്തോ?

അതിന്റെ ആവശ്യമില്ല. കോര്‍പ്പറേഷനു തന്നെ ഭൂമിയുണ്ടല്ലോ. ഗവണ്‍മെന്റിനും ഓഹരിയുള്ളതാണല്ലോ അതുകൊണ്ട് റവന്യൂ ഭൂമിയായാലും മതി.

മെഡിക്കല്‍ കോളജും പൂര്‍ണ്ണമായും കോര്‍പ്പറേഷന്റെ ഉടമസ്ഥതയില്‍ തന്നെയായിരിക്കുമല്ലോ?

കോര്‍പ്പറേഷനു കീഴില്‍ പൂര്‍ണമായും വരുന്ന തരത്തില്‍ ചെയ്യാന്‍ ഞങ്ങള്‍ സന്നദ്ധമാണ്. അപ്പോഴത് പൊതുമേഖലയില്‍ തന്നെയാകുമല്ലോ. പക്ഷെ ഗവണ്‍മെന്റ്  ആവശ്യപ്പെട്ടിരിക്കുന്നത് ഗവണ്‍മെന്റിനും പ്ലാന്റേഷന്‍ കോര്‍പ്പറേഷനും പബ്ലിക്കിനും പാര്‍ട്ണര്‍ഷിപ്പ് വരുന്ന തരത്തിലാണ് ഇപ്പോള്‍ ഉദേശിക്കുന്നത്. ഇതിനാണ് ഗവണ്‍മെന്റ് അനുമതി തന്നിട്ടുള്ളത്.

പുതിയ ഡവലപ്‌മെന്റ്‌സ് ഉടനെ പ്രതീക്ഷിക്കാമോ?
ഉടനെയുണ്ടാകും. മെഡിക്കല്‍കോളജ് പെട്ടെന്ന് തുടങ്ങണമെന്നാണ് ഗവണ്‍മെന്റ് നിര്‍ദേശിച്ചിട്ടുള്ളത്.

 

(It is a Marketing interview.)

Advertisement