എഡിറ്റര്‍
എഡിറ്റര്‍
ഹരിഹരന്‍ എന്ന വ്യക്തിയില്ലെങ്കില്‍ ഒരു പക്ഷേ ഇന്ന് ഞാന്‍ സിനിമയില്‍ ഉണ്ടാവുമായിരുന്നില്ല : മംമ്ത
എഡിറ്റര്‍
Saturday 19th May 2012 3:45pm

ഫേസ് ടു ഫേസ്/മംമ്ത
മെഴിമാറ്റം/ആര്യ പി. രാജന്‍

മംമ്തയുടെ സിനിമാ ജീവിതം ജയപരാജയങ്ങളിലൂടെയായിരുന്നു. മയൂഖം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മംമ്തയ്ക്ക് പിന്നീട് കൈ നിറയെ ചിത്രങ്ങളായിരുന്നു. ഇടയ്ക്ക് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നെങ്കിലും പിന്നീട് അന്‍വറിലൂടെ ശക്തമായ തിരിച്ചുവരവു നടത്തി.

ശ്യാമപ്രസാദിന്റെ അരികെ എന്ന ചിത്രത്തിലെ അനുരാധ എന്ന ശക്തമായ കഥാപാത്രത്തിലൂടെ മലയാള സിനിമയില്‍ ചുവടുറപ്പിക്കുകയാണ് മംമ്ത മോഹന്‍ദാസ്. വിവാഹിതയായിട്ടും സിനിമയോട് വിടപറയാന്‍ തയ്യാറാകാത്ത മംമ്തയ്ക്ക് ഇനിയും എന്തൊക്കെയോ ചെയ്തുതീര്‍ക്കാനുണ്ട്. അരികെയുടെ വിശേഷങ്ങളുമായി മംമ്ത…

2012 എന്ന വര്‍ഷം മംമ്തയ്ക്ക് എങ്ങനെയാണ് ?

തീര്‍ച്ചയായും നല്ല തുടക്കം ലഭിച്ച വര്‍ഷമാണെന്ന് പറയാം. ശ്യാമപ്രസാദ് സാറിന്റെ അരികെയില്‍ അഭിനയിക്കാന്‍ കഴിഞ്ഞു എന്നതുതന്നെയാണ്  ഈ വര്‍ഷത്തെ ഏറ്റവും വലിയ ഭാഗ്യം. സുനില്‍ ഗണ്‍ഗോപാദ്യായുടെ ഒരു ബംഗാളി ചെറുകഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. അരികെ യ്ക്ക് ശേഷം ദിലീപ് നായകനാകുന്ന മൈ ബോസ് എന്ന ചിത്രത്തിലാണ് അഭിനയിക്കാന്‍ പോകുന്നത്. മൊത്തത്തില്‍ ഈ വര്‍ഷം എന്നെ സംബന്ധിച്ച് നല്ലതാണെന്നു പറയാം

ശ്യാമപ്രസാദിന്റെ സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച്?

ശ്യാമപ്രസാദ് സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുകയെന്നതുതന്നെ വലിയ കാര്യമാണ്. ഞാനും അമ്മയും അതിനെ കുറിച്ച് സംസാരിക്കാറുണ്ട്. അദ്ദേഹത്തിന്റെ പല സിനിമകളും റിയാലിറ്റിയുമായി അടുത്തുനില്‍ക്കുന്നവയായിരിക്കും. അദ്ദേഹത്തിന്റെ ചിത്രത്തിലെ പല കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരുമായൊക്കെ സാമ്യമുണ്ടാകും. അതുകൊണ്ട് തന്നെ ഈ സിനിമയ്ക്കായി എന്നെ വിളിച്ച ഉടന്‍ തന്നെ മറ്റൊന്നും ആലോചിക്കാതെ ഞാന്‍ സമ്മതം പറയുകയായിരുന്നു. എന്റെ വിവാഹത്തിന് ഏതാനും ദിവസം മുന്‍പായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നത്.

വിവാഹവും സിനിമാ അഭിനയും എങ്ങനെ ഒരുമിച്ച് കൊണ്ടുപോയി ?

വളരെ ടൈറ്റ് ഷെഡ്യൂളായിരുന്നു. കുറച്ചു ബുദ്ധിമുട്ടി. എന്നിരുന്നാലും ഇപ്പോള്‍ അനുരാധ എന്ന കഥാപാത്രത്തെ സ്‌ക്രീനില്‍ കാണുമ്പോള്‍ ഒരു സന്തോഷമാണ്.

അരികെയെ  കുറിച്ച്  ?

പ്രണയത്തിനു വേണ്ടി നമ്മളിലെല്ലാം ഒഴിയാത്ത ഒരു ചോദ്യമുണ്ട്. പ്രണയത്തെ കുറിച്ച് നമുക്ക് ഒരുപാട് മിഥ്യാധാരണകളും വിലക്കുകളുമുണ്ട്. എന്നിട്ടും നമ്മളില്‍ സ്‌നേഹത്തിനു വേണ്ടിയുള്ള അടക്കാന്‍ കഴിയാത്ത ദാഹമുണ്ട്. നമുക്കെല്ലാം പ്രണയത്തില്‍ സന്തോഷം കണ്ടെത്തണമെന്നുണ്ട്. എന്നാല്‍ പ്രണയത്തിലൂടെ നമുക്ക് സന്തോഷം കണ്ടെത്താന്‍ കഴിയുന്നുണ്ടോയെന്ന ചോദ്യമാണ് സിനിമയിലൂടെ പുറത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ചിത്രത്തില്‍ ശാന്തനു എന്ന ശക്തമായ കഥാപാത്രമായി ദിലീപും കല്‍പ്പനയായി സംവൃതയുമാണ് എത്തുന്നത്.

അരികെയില്‍ മനോഹരമായ ഗാനം ആലപിച്ചിട്ടുണ്ടല്ലോ.. എങ്ങനെയുണ്ടായിരുന്നു അനുഭവം ?

ഇരവില്‍ വിരിയും .., വെയില്‍പോലെ എന്നീ ഗാനങ്ങള്‍ വളരെ മനോഹരമായാണ് ഔസേപ്പച്ചന്‍ സാര്‍ ചെയ്തിരിക്കുന്നത്. വളരെ മെലോഡിയസ് ആയ പാട്ട് . ഞാന്‍ എങ്ങനെ പാടിയെന്ന് പറയേണ്ടത് പ്രേക്ഷകരാണ്.  അരികെയിലെ പാട്ടുകള്‍ യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും ഒത്തിരിപേര്‍ കേട്ട് അഭിപ്രായം പറഞ്ഞു. ഔസേപ്പച്ചന്‍ സാര്‍ സംഗീതത്തിലെ മാസ്‌ററര്‍ ആണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സംഗീതത്തില്‍ പാടാന്‍ ചെറിയൊരു ഭയമുണ്ടായിരുന്നു. വെയില്‍പോലെ എന്ന പാട്ടിന്റെ ഹമ്മിംഗ് പാടിയിരിക്കുന്നത് കാര്‍ത്തിക് ആണ്.

മലയാളസിനിമയിലേക്ക് വന്ന സമയത്തെ കുറിച്ച്?

ഹരിഹരന്‍ എന്ന വ്യക്തിയില്ലെങ്കില്‍ ഒരു പക്ഷേ ഞാന്‍ ഇന്ന് സിനിമയില്‍ ഉണ്ടായെന്ന് വരില്ല. അന്ന് എനിയ്ക്ക് സിനിമയെന്തെന്നോ അഭിനയമെന്തെന്നോ അറിയില്ല. സിനിമയെ കുറിച്ചുള്ള അടിത്തറ എനിയ്ക്ക് തന്നത് ഹരിഹരന്‍ സാറാണ്.
കൈയ്യില്‍ ഒരു കോടിയെന്ന ഷോയിലൂടെ അവതാരികയുമായല്ലോ ?

എന്നും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് ടി.വി ഷോ ചെയ്യാന്‍ വിളി വരുന്നത്. അങ്ങനെ അവിടെയെത്തി. ഷോയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ജൂണ്‍മാസത്തോടെ അതിന്റെ ഷൂട്ടിംഗ് ഏതാണ്ട് അവസാനിക്കും. അതുകഴിഞ്ഞ് ചെറിയൊരു ഇടവേളയെടുക്കാനാണ് ആഗ്രഹിക്കുന്നത്. ഭര്‍ത്താവ് പ്രജിത്തിനൊപ്പം ഉണ്ടാകണമെന്നാണ് കരുതുന്നത്. അദ്ദേഹം വളരെ സപ്പോര്‍ട്ടീവാണ്. എപ്പോഴും തിരക്കുപിടിച്ചുള്ള ജോലി ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇടയ്ക്കിടെ ഒരു ബ്രേക്ക് വേണം. അല്ലെങ്കില്‍ ഫീല്‍ഡ് പെട്ടെന്ന് മടുക്കും.
കടപ്പാട്: ദി ഹിന്ദു

Advertisement