മെഹ്ബൂബ മുഫ്തിയുമായി അഭിമുഖം
രണ്ട് യുവാക്കള്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് കാശ്മീര്‍ താഴ് വരയില്‍ ഉടലെടുത്ത സംഘര്‍ഷം ഇനിയും അവസാനിച്ചിട്ടില്ല. പോലീസും ജനങ്ങളും തെരുവില്‍ ഏറ്റുമുട്ടുന്ന അവസ്ഥയാണുള്ളത്. പ്രതിഷേധക്കാര്‍ക്കെതിരെ സൈന്യം നടത്തിയ വെടിവെപ്പില്‍ വീണ്ടും നിരവധി പേര് മരണമടഞ്ഞു. മനുഷ്യാവകാശ ലംഘനങ്ങള്‍ താഴ്വരയില് സൃഷ്ടിക്കുന്ന അസ്വാരസ്യങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് ചരിത്രം നമ്മോട് പറയുന്നത്. കാശ്മീര്‍ അസ്വസ്ഥമായിരിക്കേണ്ടത് പലരുടെയും ആവശ്യമാണെന്നതാണ് അതിന് കാരണം.
കാശ്മീര്‍ സംഘര്‍ഷത്തെക്കുറിച്ച് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മെഹ്ബൂബാ മുഫ്തി റഡിഫ് ഡോട് കോം പ്രതിനിധി ഓംകാര്‍ സിങുമായി നടത്തിയ അഭിമുഖം
കാശ്മീരില്‍ ഇപ്പോള്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് താങ്കളുടെ പാര്‍ട്ടി സാമ്പത്തിക സഹായം നല്‍കുന്നുവെന്ന ആരോപണത്തെ എങ്ങിനെ കാണുന്നു?.
ഇത് വാസ്തവ വിരുദ്ധവും തെറ്റായതുമായ പ്രചാരണമാണ്. ആരോപണമുന്നയിക്കുന്നവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്താണെന്ന് അവര്‍ സ്വയം ചിന്തിക്കട്ടെ. ഞങ്ങള്‍ അധികാരത്തിലിരുന്നപ്പോള്‍ താഴ് വരയിലെ സംഘര്‍ഷാവസ്ഥ വന്‍തോതില്‍ കുറഞ്ഞിരുന്നു.
താങ്കളുടെ പാര്‍ട്ടിയല്ല അക്രമത്തിന് പിന്നിലെങ്കില്‍ ആരാണ് അതിന് ഉത്തരവാദി?. പിന്നില്‍ ലഷ്കര്‍ ഇ ത്വയ്ബയാണോ?. ആഭ്യന്തരമന്ത്രി പി ചിദംബരം ലഷ്കറിനെയാണ് സൂചിപ്പിച്ചത്.
അക്രമത്തിന് പിന്നില്‍ ലഷ്കര്‍ ഇത്വയ്ബയാണോ അല്ലയോ എന്ന് പറയുക പ്രയാസമാണ്. സംസ്ഥാനത്ത് തീവ്രവാദപ്രവര്‍ത്തനം ഏറെക്കുറെ അവസാനിച്ചിരുന്നു. എന്നാല്‍ കാശ്മീരികളുടെ പ്രതിഷേധത്തിന്റെ തീയില്‍ എണ്ണയൊഴിക്കുന്ന നിലപാടുകളാണ് കേന്ദ്ര സേനയുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. പ്രത്യേകിച്ചും സി ആര് പി എഫിന്റെ ഭാഗത്തു നിന്നും.
പി ചിദംബരം പ്രസ്താവനയിറക്കിയിട്ടും നിരപരാധികള്‍ കാശ്മീരില്‍ കൊല്ലപ്പെടുകയാണ്. വര്‍ധിച്ചുവരുന്ന മനുഷ്യാവകാശ ധ്വംസനത്തിനെതിരെയാണ് ജനങ്ങള്‍ പ്രതികരിക്കുന്നത്.
കാശ്മീരി യുവാക്കള്‍ പോലീസുകാരെ തല്ലുന്നതും നിങ്ങള്‍ കാണാതെ പോകരുത്.
അതാണ് പ്രശ്നം. മാധ്യമങ്ങള്‍ എപ്പോഴും കാശ്മീരികള്‍ പോലീസിനെ തല്ലുന്ന ഫോട്ടോ മാത്രമേ പ്രസിദ്ധീകരിക്കുന്നുള്ളൂ. സൈന്യത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ അവര്‍ കാണുന്നില്ല.
ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ സുരക്ഷാ ഉദ്യാഗസ്ഥര്‍ മര്‍ദിക്കുന്ന ചിത്രം മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നില്ല. ഇത് മാധ്യമങ്ങളെ ബാധിച്ച രോഗമാണ്.
ഒമര്‍ അബ്ദുല്ലയുടെ ഭരണം പരാജയമാണെന്നാണോ പറയുന്നത്?.
എന്ത്കൊണ്ട് ഒമര്‍ അബ്ദുല്ലയുടെ പേര് മാത്രം?. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഇതിന് ഉത്തരവാദികളാണ്. പ്രശ്നം പരിഹരിക്കാന്‍ സമാധാനപരമായ നിലപാടുകള്‍ എടുക്കേണ്ടതിന് പകരം പരുക്കന്‍ നിലപാടുകളാണ് കൈക്കൊള്ളുന്നത്.
പ്രധാനമന്ത്രിയുടെ കാശ്മീര്‍ സന്ദര്‍ശനം കൊണ്ട് ഒരു ഉപകാരവുമുണ്ടായില്ലെന്നാണോ നിങ്ങള്‍ പറയുന്നത്?.
പ്രധാനമന്ത്രി താഴ്വരയില് എത്തിയപ്പോള്‍ കര്‍ഫ്യൂവിന് സമാനമായ സ്ഥിതിയായിരുന്നു കാശ്മീരില്‍. ആര്‍ക്കും അവരുടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതി. അദ്ദേഹം വന്നു, പ്രസംഗിച്ചു, തിരിച്ചു പോയി.
സംസ്ഥാനത്തിന് വേണ്ടി എന്തെങ്കലും പ്രഖ്യാപനം പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാവുമെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ അത് സംഭവിച്ചില്ല.
താങ്കളുടെ പിതാവ് മുഫ്തി മുഹമ്മദ് സഈദ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കാശ്മീരില്‍ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണോ പറയുന്നത്?.
അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രശ്നം വളരെ കുറവായിരുന്നു. ഇത് രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. സംസ്ഥാനത്തെ ജനങ്ങളുടെ മുറിവുകള്‍ ഉണക്കാന്‍ അന്ന് കഴിഞ്ഞിരുന്നു. മനുഷ്യാവകാശ ലംഘനങ്ങളെ കര്‍ശനമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്നു.


