ഫേസ് ടു ഫേസ്/ലളിത് മോഡി
മൊഴിമാറ്റം : ആര്യ


ഐ.പി.എല്‍ എന്ന കളിയെ ഇത്രത്തോളം ജനകീയമാക്കിയതില്‍ പങ്ക് ആര്‍ക്കായിരുന്നെന്ന് ചോദിച്ചാല്‍ അതില്‍ നിസ്സംശയം പറയാവുന്ന പേരാണ് ലളിത് മോഡിയുടേത്. ക്രിക്കറ്റിനെ പുത്തന്‍ മത്സരങ്ങളുടെ വേദിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോഡി ബി.സി.സി.ഐയുടെ അകത്തളങ്ങളിലെത്തിയത്.

Ads By Google

ക്രിക്കറ്റിലെ ഔദ്യോഗികകേന്ദ്രങ്ങളെ വെല്ലുവിളിച്ച് കപില്‍ദേവും സീ സ്‌പോര്‍ട്‌സും തുടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിനെ വീഴ്ത്താന്‍ മോഡി ഐ.പി.എല്ലുമായി എത്തിയത് ബി.സി.സിഐയിലെ ഉന്നതരുടെ പിന്തുണയോടെയും അനുഗ്രഹത്തോടെയുമായിരുന്നു. എന്നാല്‍ താന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ അപ്പുറമാണ് ഐ.പി.എല്ലിന്റെ സാധ്യതകള്‍ എന്നു മനസ്സിലാക്കിയ മോഡി ഐ.പി.എല്ലിന്റെ  നിയന്ത്രണം ഏറ്റെടുത്തു. മൂന്ന് ഐ.പി.എല്‍ സീസണ്‍ പൂര്‍ത്തിയായപ്പോഴേക്കും മോഡി കെട്ടിപ്പടുത്തത് ഒരു വലിയ സാമ്രാജ്യം തന്നെയായിരുന്നു.

എന്നാല്‍ കേന്ദ്രസര്‍ക്കാരിലെ ചില ഉന്നതര്‍ക്കുവേണ്ടി മറ്റുചിലരുടെ രഹസ്യ ബന്ധങ്ങളും രഹസ്യ ഇടപാടുകളും പരസ്യപ്പെടുത്തിയപ്പോള്‍ ആരുടേയും സംരക്ഷണം മോഡിക്ക് ലഭിച്ചില്ല.   സര്‍ക്കാരിന് നാണക്കേട് വരുത്തിയ ഐ.പി.എല്‍ മേധാവിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം കൂടി തിരിഞ്ഞതോടെ മോഡിയുടെ കണക്കുകൂട്ടല്‍ പിഴച്ചു. ഇതോടെ ഐ.പി.എല്ലില്‍ നിന്നും മോഡി പുറത്തേക്കുള്ള വാതില്‍ സ്വയം തുറക്കുകയായിരുന്നു.

2010 ലെ ഐ.പി.എല്ലിന്റെ ഫൈനല്‍ മത്സരം അവസാനിച്ചതിന് പിന്നാലെ, സാമ്പത്തിക ആരോപണങ്ങള്‍ കൂടി വന്നപ്പോള്‍ ലളിത് മോഡിയെ ഐ.പി.എല്‍ ചെയര്‍മാന്‍ കമീഷണര്‍ സ്ഥാനത്ത് നിന്ന് ബി.സി.സി.ഐ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു….

തന്റെ കരിയറിനെ കുറിച്ചും ഐ.പി.എല്‍ വിവാദങ്ങളെ കുറിച്ചും മോഡി മനസ് തുറക്കുന്നു..

ഐ.പി.എല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടിട്ട് രണ്ട് വര്‍ഷം തികയുന്നു, എന്താണ് ഈ അവസരത്തില്‍ പറയാനുള്ളത് ?

ഞാന്‍ ഒരു ഇന്ത്യക്കാരനാണ് അതുകൊണ്ട് തന്നെ എന്റെ രാജ്യത്തെ ഏറെ സ്‌നേഹിക്കുകയും മിസ് ചെയ്യുന്നുമുണ്ട്. എനിയ്‌ക്കെതിരെയുള്ള വിവാദങ്ങള്‍ ഏറെയാണ്. എന്തുതന്നെയായാലും ഒരു നാള്‍ ഞാന്‍ തിരിച്ച് വരും. എന്നെ പുറത്താക്കിയവര്‍ തന്നെ തിരിച്ചുവിളിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. എന്നെ കുറ്റപ്പെടുത്തുന്നവര്‍ക്ക് എനിയ്ക്ക് മറുപടി കൊടുക്കേണ്ടതുണ്ട്.  എല്ലാത്തിന്റെയും ഉത്തരവാദിത്തം ഇപ്പോള്‍ എന്റെ തലയിലാണ്.

ഐ.പി.എല്ലിനെ തന്നെ അടക്കിഭരിച്ചിരുന്ന താങ്കള്‍ ഇപ്പോള്‍ ഓരോ ഐ.പി.എല്‍ മത്സരങ്ങളെയും എങ്ങനെയാണ് കാണുന്നത് ?

ഐ.പി.എല്ലിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനം കൊണ്ട വ്യക്തിയാണ് ഞാന്‍. സ്വാഭാവികമായും ഐ.പി.എല്ലില്‍ നിന്നും പുറത്തിരിക്കേണ്ട ഈ അവസ്ഥയില്‍ മാനസികമായി ഏറെ വിഷമമുണ്ട്.

ഇപ്പോള്‍ ഒരുപാട് സമയമൊക്കെ ലഭിക്കുന്നുണ്ടോ, പ്രധാന ജോലി എന്തൊക്കെയാണ് ?

നിയമവിദ്ഗ്ധരുടെ കൂടെ സമയം ചിലവഴിക്കുകയെന്നതാണ് എന്റെ പ്രധാനജോലി. അത് വെറുതെയല്ല, എനിയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ എല്ലാം തെറ്റായിരുന്നെന്ന് എനിയ്ക്ക് തെളിയിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നിയമത്തിന്റെ വഴിയില്‍ ചെയ്യാന്‍ കഴിയുന്നതൊക്കെ എനിയ്ക്ക് ചെയ്‌തേ പറ്റൂ. പിന്നെ അധികസമയവും ചിലവഴിക്കുന്നത് ലണ്ടനിലാണ്. ഐ.പി.എല്‍ മത്സരങ്ങള്‍ കാണാന്‍ വേണ്ടിയും സമയം കണ്ടെത്താറുണ്ട്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഐ.പി.എല്‍ മത്സരത്തിന്റെ ആവേശവും പ്രൗഢിയും മറ്റൊരു മത്സരത്തിനും ഉണ്ടെന്ന് തോന്നുന്നില്ല.

 വലിയൊരു സംരംഭത്തിന്റെ ഉന്നതമായ നിലയില്‍ നിന്നും ഇപ്പോള്‍ പുറത്താണല്ലോ,എങ്ങനെയാണ് ഇപ്പോള്‍ മനസ്സിനെ അടക്കി നിര്‍ത്തുന്നത്?

എന്റെ കൂടെ പ്രവര്‍ത്തിച്ചവര്‍ക്ക് അറിയാം. ഒരിക്കല്‍ പോലും വെറുതെ ഇരിക്കണമെന്ന് ആഗ്രഹിക്കുന്ന ആളല്ല ഞാന്‍. എപ്പോഴെങ്കിലും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം. ഐ.പി.എല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പുറത്തായെങ്കിലും ഞാന്‍ ഇപ്പോള്‍ വെറുതെ ഇരിക്കുന്നൊന്നുമില്ല. എന്നിരുന്നാലും ഞാന്‍ ഒരു തെറ്റും ചെയ്തിരുന്നില്ലെന്ന് എനിയ്ക്ക് തെളിയിക്കേണ്ടതുണ്ട്.

സ്വന്തം വീട്ടില്‍ നിന്നും അതിലുപരി രാജ്യത്ത് നിന്നും മാറിനില്‍ക്കുമ്പോള്‍ വേദന തോന്നുന്നത് എന്തിനെ കുറിച്ച് ചിന്തിക്കുമ്പോഴാണ് ?

ഇന്ത്യയെ ഏറെ മിസ് ചെയ്യുന്നുണ്ട്. പക്ഷേ ലണ്ടനില്‍ ഏറെ സന്തോഷത്തോടെയാണ് ഞാന്‍ ജീവിക്കുന്നത്. ഇപ്പോള്‍ എന്റെ വീട് ഇതാണെന്നാണ് എനിയ്ക്ക് തോന്നുന്നത്. എന്റെ അടുത്ത കുടുംബങ്ങളും പിന്നെ ഫാമിലിയും ഇവിടെയാണ്. അതുകൊണ്ട് തന്നെ അധികം വിഷമം തോന്നാറില്ല. പിന്നെ ഇന്ത്യയിലാകുമ്പോള്‍ തന്നെ എനിയ്ക്ക് എന്റെ കുടുംബത്തിലെ അധികം പേരെയും കാണാന്‍ സാധിക്കാറില്ല. ഞങ്ങള്‍ വളരെ വലിയ കുടുംബമാണ്. പിന്നെ നമ്മുടെ നാട്ടില്‍ ജീവിക്കുമ്പോഴുണ്ടാകുന്ന സുഖവും സന്തോഷവും വേറെ തന്നെയാണ്.

ലളിത് മോഡിയെന്ന വ്യക്തിയെ കുറിച്ച് ഏറെ കേട്ടിട്ടുണ്ട്, എന്നാല്‍ താങ്കളുടെ അടുത്ത സുഹൃത്തുക്കളെ പറ്റി വലിയ അറിവില്ല, ആരൊക്കെയാണ് ഉറ്റ സുഹൃത്തുക്കള്‍ ?

കഴിഞ്ഞ കുറേനാളായി ഞാന്‍ എന്റെ ഉറ്റസുഹൃത്തുക്കള്‍ ആരെല്ലാമിയിരുന്നെന്ന് എനിയ്ക്ക് അറിയില്ലായിരുന്നു. എന്നാല്‍ ഒരുപാട് വ്യക്തികളുമായി ഇപ്പോഴും ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. എന്റെ ജീവിതത്തില്‍ എനിയ്ക്ക് നേട്ടങ്ങള്‍ ഉണ്ടായപ്പോഴും കോട്ടങ്ങള്‍ ഉണ്ടായപ്പോഴും കൂടെ നിന്ന അനവധി സുഹൃത്തുക്കള്‍ ഉണ്ട്.  അവരുടെയൊക്കെ സ്‌നേഹിത്തിന് മുന്നില്‍ ഞാന്‍ നന്ദി പറയുകയാണ്. അവരുടെയൊക്കെ പേര് പറയുകയാണെങ്കില്‍ ഒരുപാട് പറയേണ്ടിവരും. ഐ.പി.എല്‍ വിവാദം വന്നപ്പോള്‍ പോലും എനിയ്ക്ക് എല്ലാ പിന്തുണയും തന്നവരാണ് എന്റെ സുഹൃത്തുക്കള്‍.

താങ്കളെ ഐ.പി.എല്ലിന്റെ പര്യായമായി വേണമെങ്കില്‍ പറയാം, ഇന്ത്യന്‍ ക്രിക്കറ്റില്‍ താങ്കള്‍ ഇടപെട്ട മറ്റ് ചില മേഖലകളും ഉണ്ടായിരുന്നു, ഇപ്പോള്‍ എന്തൊക്കെയാണ് മിസ് ചെയ്യുന്നത് ?

രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനിലൂടെയായിരുന്നു തുടക്കം. എന്നാല്‍ ഞാന്‍ പ്രാദേശിക ക്രിക്കറ്റിന്റെ ഉന്നമനത്തിനായി ആഗ്രഹിച്ചു, എന്നാല്‍ അത് നടപ്പിലാക്കാന്‍ എനിയ്ക്ക് സാധിച്ചില്ല. അതില്‍ വിഷമമുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്തിരുന്ന താങ്കള്‍ ഇപ്പോള്‍ ഏറെ മിസ് ചെയ്യുന്നത് എന്തിനെയാണ് ?

എന്റെ ജീവിതത്തില്‍ ഏറെ ചാലഞ്ച് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആ ചാലഞ്ച് എല്ലാം പരിഹരിക്കുന്നതില്‍ സന്തോഷം കണ്ടെത്തണം. ആ ഒരു സ്വഭാവം എനിയ്ക്ക് പണ്ട് മുതലേ ഉണ്ടായിരുന്നു. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് പോലും എനിയ്ക്ക് ഒരു പ്രോബ്ലം തന്നാല്‍  അത് ആദ്യം സോള്‍വ് ചെയ്യുന്ന കുട്ടി ഞാനായിരുന്നു. ഇപ്പോള്‍ ഉള്ള പ്രശ്‌നങ്ങളും അത് രാഷ്ട്രീയപ്രേരിതമാണെങ്കിലും അല്ലെങ്കിലുമെല്ലാം അത് പരിഹരിക്കാന്‍ ഞാന്‍ തയ്യാറാണ്.

താങ്കളുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉണ്ടായെങ്കിലും വിജയ് മല്യയെപ്പോലുള്ള വ്യക്തികള്‍ ഇപ്പോഴും താങ്കളെ പിന്തുണച്ചാണ് സംസാരിക്കുന്നത്. അത്തരത്തിലുള്ളവരുടെ പിന്തുണ ലഭിക്കുമ്പോള്‍ എന്താണ് തോന്നുന്നത് ?

മറ്റുള്ളവര്‍ എന്നില്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് എന്റെ ശക്തി. അവരുടെ സ്‌നേഹവും പിന്തുണയുമാണ് എന്നെ ജീവിപ്പിക്കുന്നത്.

ഐ.പി.എല്‍ മത്സരങ്ങളുമായി ബന്ധപ്പെട്ടും അല്ലാതെയും താങ്കള്‍ക്ക് നേരെ വന്ന വിവാദങ്ങള്‍ ഏറെ ശക്തിയേറിയതായിരുന്നു. ഇതിനെല്ലാം ശുഭകരമായ ഒരു അന്ത്യം ഉണ്ടാകുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ ?

തീര്‍ച്ചയായും. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിയ്ക്ക് ഉറപ്പുണ്ട്. ഞാന്‍ ബി.സി.സി.ഐയില്‍ ചേര്‍ന്ന് നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അവരുടെ വരുമാനം 10 ബില്യണ്‍ യു.എസ് ഡോളറാക്കി ഉയര്‍ത്തിക്കൊടുത്തിട്ടുണ്ട്. അത് ഐ.പി.എല്ലില്‍ നിന്ന് കൂടിയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി ഇത്രയേറെ നേട്ടം കൊയ്യാനായതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നുണ്ട്. ഞാന്‍ ബി.സി.സി.ഐക്ക് വേണ്ടിയല്ല നേട്ടങ്ങള്‍ സ്വന്തമാക്കിയത്. മറിച്ച് ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടിയാണ്. ഇനിയുള്ള നിയമയുദ്ധത്തില്‍ ഞാന്‍ ജയിക്കുമോ ഇല്ലയോ എന്നത് എനിയ്ക്ക് പറയാന്‍ കഴിയില്ല, എന്നാലും എന്റെ മനസാക്ഷിക്ക് മുന്നില്‍ ഞാന്‍ തെറ്റുകാരനല്ല.

എങ്ങനെയായിരുന്നു താങ്കളും കുടുംബവും ഈ വിവാദങ്ങളെയെല്ലാം നേരിട്ടത് ?

എനിയ്‌ക്കെതിരെ ഒരു വിവാദമുണ്ടായപ്പോള്‍ വേണ്ട പിന്തുണയൊക്കെ തന്ന് കൂടെ നിന്നവരാണ് എന്റെ വീട്ടുകാര്‍. അവരൊക്കെ കൂടെ നിന്നതുകൊണ്ടാണ് ഇതിനെയൊക്കെ നേരിടാനുള്ള കരുത്ത് എനിയ്ക്ക് ലഭിച്ചത്. ഇനി ഇപ്പോള്‍ ഞാന്‍ കുറ്റക്കാരനല്ലെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടി അവരെല്ലാം എന്റെ കൂടെ തന്നെ നില്‍ക്കുമെന്ന് എനിയ്ക്ക് ഉറപ്പാണ്.

താങ്കളുടെ നല്ല കാലത്ത് നിങ്ങളെ ഒന്നുകാണാനും സംസാരിക്കാനും വേണ്ടി ആളുകള്‍ കാത്തുനിന്നിരുന്നു, എന്നാല്‍ ഇപ്പോള്‍ അവരൊന്നും താങ്കളെത്തേടി വരുന്നില്ല, ഇതില്‍ നിന്നും എന്താണ് പഠിച്ചത് ?

അതെല്ലാം ജീവിതത്തിന്റെ ഒരുഭാഗമാണ്. ഞാന്‍ അന്നും ഇന്നും ഒരേ ആള്‍ തന്നെയാണ്. ഞാന്‍ ഐ.പി.എല്‍ ഓഫീസ് മേധാവിയായി ഇരിക്കുമ്പോള്‍ എങ്ങനെയായിരുന്നോ ആളുകളോട് പെരുമാറിയിരുന്നത് അങ്ങനെ തന്നെയാണ് ഇപ്പോഴും പെരുമാറുന്നത്. എന്നാല്‍ മാറ്റം വന്നത് ആളുകള്‍ക്കാണ്. സത്യത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ഒന്നും എന്നെ അസ്വസ്ഥപ്പെടുത്താറില്ല.

വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് നിര്‍ബന്ധമുള്ള ആളായിരുന്നു താങ്കള്‍ എന്ന് കേട്ടിട്ടുണ്ടല്ലോ ?

ഞാന്‍ മാത്രമല്ല, എന്നെ പോലെ പലരും ആഗ്രഹിക്കുന്ന ഒന്നാണ് വ്യത്യസ്തത. നിങ്ങള്‍ക്ക് ഇനി ഒന്നും നേടാനില്ല, ഒന്നും പഠിക്കാനില്ല എന്ന്് ചിന്തിക്കുന്ന നിമിഷമാണ് ജീവിതത്തില്‍ നിങ്ങള്‍ തോല്‍ക്കുന്നത്. ഒരു പ്രൊജക്ട് ചെയ്യാനാണെങ്കിലും ഒരു ടൂര്‍ണമെന്റ് നടത്താനാണെങ്കിലും എല്ലാത്തിലും പുതുമ ആവശ്യമാണ്. ഏതൊരു വിജയത്തിന്റെ പിന്നിലും പഴമയുടെ മാധുര്യം പറയാനുണ്ടാവില്ല.

ചില തെറ്റിദ്ധാരണകളുടെ പുറത്താണെങ്കിലും താങ്കളുടെ സ്വഭാവത്തെ കുറിച്ച് ചിലരെങ്കിലും മോശമായി പറയുന്നത് കേട്ടിട്ടുണ്ട്, താങ്കളെ മനസിലാക്കാന്‍ അവര്‍ക്ക് സാധിക്കാത്തതുകൊണ്ടാണോ ?

ഐ.പി.എല്ലിന്റെ വിജയത്തെ കുറിച്ച് ഞാന്‍ പറയേണ്ടതില്ലല്ലോ, അന്നുമുതല്‍ തന്നെ പബ്ലിക്കിന്റെ ഇടയില്‍ എനിയ്ക്ക് പേരുണ്ടായിരുന്നു. എന്നാല്‍ ചിലര്‍ക്കെങ്കിലും അത് ഇഷ്ടപ്പെടാതിരുന്നിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിനെ തന്ന ഐ.പി.എല്‍ നശിപ്പിക്കുമെന്ന് പറഞ്ഞ് നടന്ന പലരേയും എനിയ്ക്ക് തന്നെ അറിയാം.

 ചില സമയത്ത് മാധ്യമങ്ങളെ കുറിച്ച് നന്നായി പറയുകയും ചില സമയത്ത് മാധ്യമങ്ങളെ വിമര്‍ശിക്കുകയും ചെയ്ത ആളാണ് താങ്കള്‍, മാധ്യമങ്ങളുമായി താങ്കളുടെ ബന്ധം എങ്ങനെയായിരുന്നു ?

അവസരങ്ങള്‍ക്കനുസരിച്ച് അഭിപ്രായം മാറ്റുന്ന ആളല്ല ഞാന്‍. മാധ്യമങ്ങളുമായി നല്ല ബന്ധം തന്നെ ഉണ്ടാകണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. സത്യസന്ധമായി പ്രവര്‍ത്തിക്കേണ്ട ഒരു മേഖലയാണ് മാധ്യമം. പക്ഷേ മാധ്യമങ്ങളോട് ഒരു കാര്യം എനിയ്ക്ക് ചോദിക്കാനുണ്ട്, എനിയ്‌ക്കെതിരെ ഉണ്ടായ ആരോപണം ബി.സി.സി.ഐ ഉള്‍പ്പെടെ പറഞ്ഞപ്പോള്‍ അതിന് പിന്നിലുള്ള സത്യാവസ്ഥ അന്വേഷിക്കാന്‍ ഈ മാധ്യമങ്ങള്‍  തയ്യാറായില്ല. പിന്നെ മാധ്യമങ്ങള്‍ എന്നെ എങ്ങനെ ട്രീറ്റ് ചെയ്താലും അതില്‍ എനിയ്ക്ക് വിഷമമില്ല.

ഇന്ത്യന്‍ ക്രിക്കറ്റില്‍ മാറ്റം വേണമെന്ന് തോന്നിയത് എന്തിനാണ് ?

ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്ത് ക്രിക്കറ്റ് എന്ന് കളിയെ നിയന്ത്രിക്കുന്നത് ഒരു സെന്‍ട്രല്‍ ബോഡിയാണ്. അതുകൊണ്ട് തന്നെ അതിന് ഒരുപാട് പരിമിതികള്‍ ഉണ്ട്. ആ പരിമിതി മറികടന്ന് കൊണ്ട് ഓരോ സംസ്ഥാനത്തിന് അവരുടെ പോളിസിക്കനുസരിച്ച് ക്രിക്കറ്റില്‍ ഇടപെടാന്‍ കഴിയണം.

ഇക്കഴിഞ്ഞ കാലയളവിനുള്ളില്‍ മറ്റേതെങ്കിലും സ്‌പോര്‍ട്‌സ് അതോറിറ്റിയുമായോ ക്രിക്കറ്റ് ബോഡുമായോ ബന്ധപ്പെട്ടിരുന്നോ ?

നിരവധി പേരുമായി സംസാരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഞാനുമായി ഒരു കരാര്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് വിഷമമുണ്ടെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്.

ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ എന്താണ് ബുദ്ധിമുട്ട് ?

ഇന്ത്യയിലേക്ക് വരണമെങ്കില്‍ എന്റെ പാസ്‌പോര്‍ട്ട് ആദ്യം ശരിയാക്കേണ്ടതുണ്ട്. ചുവപ്പ് നാടയ്ക്കുള്ളില്‍ കുടുങ്ങിയ പാസ് പോര്‍ട്ട് ശരിപ്പെടുത്തുന്നതിനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. പിന്നെ എന്റെ ഫാമിലി, എല്ലാം നോക്കണം.

ഇന്ത്യയുടെ ക്രിക്കറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്തേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹമുണ്ടോ ?

തീര്‍ച്ചയായും. ഞാന്‍ എന്നും മനസില്‍ കൊണ്ടു നടന്നിരുന്ന പ്രൊഫഷനാണ് സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേറ്റര്‍. അതുകൊണ്ട് തന്നെ വീണ്ടും ആ സ്ഥാനത്തേക്ക് വരണമെന്നാണ് ആഗ്രഹം.