മലയാളത്തില്‍ ഇപ്പോഴുള്ള സിനിമാ സംവിധായകരെ എടുത്തുനോക്കിയാല്‍ അതില്‍ ഹിറ്റുകള്‍ മാത്രം സമ്മാനിച്ച ചുരുക്കം ചില സംവിധായകരേ കാണു.അക്കൂട്ടത്തില്‍പെടുന്ന ഒരാളാണ് ലാല്‍ ജോസ്. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രം മാത്രമേ ലാല്‍ ജോസിനുള്ളു. തന്റേതായ ഒരു ശൈലി എല്ലാ ചിത്രത്തിലും കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. തന്റെ പുതിയ ചിത്രമായ സ്പാനിഷ് മസാലെയുടെ വിജയാഹ്ലാദത്തിലാണ് ലാല്‍ ജോസ്. കുഞ്ചാക്കോ ബോബനും ദിലീപും ഓസ്‌ട്രേലിയന്‍ നടിയായ ഡെനീല സച്ചേരിയും തകര്‍ത്തഭിനയിച്ച സ്പാനിഷ് മസാലയ്ക്ക് പ്രേക്ഷകര്‍ നല്ല പ്രതികരണമാണ് നല്‍കിയത്.
1.സ്പാനിഷ് മസാലെയെ കുറിച്ച് എന്താണ് പറയാനുള്ളത്?
സ്പാനിഷ് മസാല ചുരുക്കത്തില്‍ പ്രണയവും ബന്ധങ്ങളും എല്ലാം കൂടിച്ചേര്‍ന്ന ഒരു മസാല സിനിമ തന്നെയാണ്. ചിത്രത്തിന്റേ കൂടുതല്‍ ഭാഗങ്ങളും വിദേശത്താണ് ചിത്രീകരിച്ചിരിക്കുന്നത്. തികച്ചും ഒരു എന്റര്‍ടൈനര്‍ ആണ് സ്പാനിഷ് മസാല. ഒരു മിമിക്രി ആര്‍ട്ടിസ്റ്റിന്റെ കഥയാണ് ചിത്രം പറയുന്നത്. ചാര്‍ളി എന്ന മിമിക്രി താരം സ്‌പെയിനില്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ പോകുന്നതും പിന്നീട് അവിടെ നിന്നും മടങ്ങിവരാതെ നിയമവിരുദ്ധമായി അവിടെ തന്നെ താമസിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ നിരവധി ആളുകള്‍ ഇത്തരത്തില്‍ ജീവിക്കുന്നവരുണ്ട്. നിയമ വിധേയമായി അവിടെ താമസിക്കുവാന്‍ വേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് ആള്‍ക്കാര്‍ ഉണ്ട്. സ്‌പെയിനില്‍ എത്താന്‍ ഒരുപാട് ആഗ്രഹിച്ച് സ്വന്തം ദേശത്തുനിന്നും പോകുന്ന ആളാണ് ചിത്രത്തിലെ ചാര്‍ളി.
2.എന്തുകൊണ്ടാണ് ചിത്രം സ്‌പെയിനില്‍ ചിത്രീകരിക്കാന്‍ തയ്യാറായത് ?
സ്പാനിഷ് മസാലയുടെ ചിത്രീകരണം മറ്റെവിടെയും വെച്ച് പൂര്‍ത്തിയാക്കാന്‍ കഴിയില്ല. സ്‌പെയിന്‍ തന്നെയാണ് ചിത്രത്തിന് അനുയോജ്യമായ ലൊക്കേഷന്‍. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറി താമസിക്കുന്ന നിരവധിയാളുകള്‍ ഉണ്ട്. സിനിമയുടെ ചിത്രീകരണം അധികവും യു.കെ യില്‍ വെച്ചാണ് നടന്നത്. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇംഗ്ലീഷ് അറിയാം. ബ്രിട്ടനെ കുറിച്ചും ചെറിയൊരു അറിവുണ്ട്. അല്ലാതെ യൂറോപ്യന്‍ രാജ്യങ്ങളെ കുറിച്ച് കാര്യമായ അറിവൊന്നും ഉണ്ടായിരുന്നില്ല. പിന്നെ സ്‌പെയിനെ കുറിച്ച ്അറിയാവുന്ന ഒരു കാര്യം അവിടുത്തെ കാളപ്പോരും സോക്കര്‍ കളിയെ കുറിച്ച് മാത്രമായിരുന്നു. എന്നാല്‍ അവിടെയുള്ളവര്‍ക്ക് വലിയൊരു സംസ്‌ക്കാരം തന്നെയുണ്ടെന്ന് മനസ്സിലായി.

3. സ്‌പെയിനിലെ ഷൂട്ടിംഗ് അനുഭവം എങ്ങനെയായിരുന്നു?
നമുക്കറിയുന്ന സ്‌പെയിന്‍കാര്‍ വിദേശികളെ പോലെ വെളുത്തവരാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവിടുത്തെ ആളുകള്‍ക്ക് ഇന്ത്യയിലുള്ള ആളുകളുമായി നല്ല രൂപ സാദൃശ്യമുണ്ട്. പ്രത്യേകിച്ചും തമിഴ്‌നാട്ടിലുള്ള ആളുകളുമായിട്ട്.
അവിടുത്തെ ആഘോഷങ്ങള്‍ പലതും വയലന്റ് ആണ്. പ്രത്യേകിച്ച് കാളപ്പോര്. അതിന് തമിഴ് നാട്ടിലെ ജെല്ലിക്കെട്ടുമായി നല്ല സാമ്യമുണ്ട്. എനിയ്ക്ക് തോന്നിയത് അവിടുത്തെ ആളുകള്‍ കൂടുതല്‍ ഇമോഷണലാണെന്നാണ്.
4.ലാ ടൊമാറ്റിന ഫെസ്റ്റിവലും കാളപ്പോരും ഫ്‌ളെമന്‍കോ നൃത്തത്തിനുമിടയില്‍ ഷൂട്ട് ചെയ്തത് ബുദ്ധിമുട്ടായിരുന്നോ ?
എന്റെ ജീവിതത്തിലെ തന്നെ പിരിമുറക്കം നിറഞ്ഞ സന്ദര്‍ഭമായിരുന്നു അത്. ലാ ടൊമാറ്റിന എന്നു പറയുന്നത് തികച്ചും പ്രകോപനകരമായ ഒരു ആഘോഷമായിരുന്നു. ഇടുങ്ങിയ ഒരു തെരുവില്‍ വെച്ചാണ് ആ ഉത്സവം നടക്കുക. ഒരു വലിയ രഥത്തിന് കടന്നുപോകാന്‍ ആളുകള്‍ വഴിയൊരുക്കുന്ന കാഴ്ച മനോഹരമാണ്. ഒരു മണിക്കൂര്‍ മാത്രമേ ആഘോഷം ഉണ്ടാവുകയുള്ളൂ. അത് കഴിഞ്ഞാല്‍ പിന്നെ തെരുവ് ശാന്തമാകും. ഒരാളെ പോലും പിന്നെ ആ തെരുവില്‍ കാണില്ല.

5. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ “സിന്തഗി നാ മിലേഗി ദൊബാര” എന്ന ഹിന്ദി ചിത്രം ഷൂട്ട് ചെയ്തത് സ്‌പെയിനില്‍ വെച്ചാണ്. അത് ഒരു പ്രചോദനമായിരുന്നോ?
“സിന്തഗി നാ മിലേഗി ദൊബാര” എന്ന ചിത്രത്തിന് കൂടുതല്‍ ടൂറിസ്റ്റുകളുടെ ആവശ്യമുണ്ടായിരുന്നു. സ്പാനിഷ് മസാലയില്‍ അത്തരം ആള്‍ക്കാരുടെ ആവശ്യമുണ്ടായിരുന്നില്ല. ഈ കഥ നടക്കുന്നത് സ്‌പെയിനില്‍ ആയതുകൊണ്ടാണ് അവിടെ ചിത്രീകരിക്കാന്‍ തീരുമാനിച്ചത്. ചിത്രത്തില്‍ കുറച്ച് സ്പാനിഷ് ആള്‍ക്കാര്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു.അത് അവരുടെ കള്‍ച്ചറും വികാരങ്ങളുമൊക്കെ കാണിക്കാന്‍ കൂടി വേണ്ടിയാണ്. ലാ ടൊമാറ്റിനെയും, കാളപ്പോരും ഫ്‌ളേമന്‍കോ ഡാന്‍സുമെല്ലാം ചിത്രത്തില്‍ കാണിച്ചത് സ്‌പെയിനിന്റെ കള്‍ച്ചര്‍ മലയാളി പ്രേക്ഷകര്‍ക്ക് കാണിച്ചു കൊടുക്കാനും ദൃശ്യഭംഗിയ്ക്കും കൂടി വേണ്ടിയാണ്.
6. ചിത്രത്തിലെ നായികയായ ഡെനീല സച്ചേരിയെ തിരഞ്ഞെടുത്തതെങ്ങനെയാണ്?
സ്‌പെയിനിലെയും ഓസ്‌ട്രേലിയയിലെയും പ്രേക്ഷകരെയും കൂടി മുന്നില്‍ കണ്ടാണ് ചിത്രം എടുത്തത്. ചില അഭിനേതാക്കള്‍ സ്‌പെയിനില്‍ ഉള്ളവരായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ ഓസ്‌ട്രേലിയയില്‍ വെച്ച് നടത്തിയ ഓഡീഷനില്‍ നിന്നാണ് ഡെനീലയെ കണ്ടെത്തിയത്. ഡെനീല അവിടുത്തെ പ്രൊഫഷനല്‍ ഡാന്‍സറും അറിയപ്പെടുന്ന മോഡലുമാണ്.
7. പുതുമുഖ താരങ്ങളെ പരിചയപ്പെടുത്തുന്നതില്‍ ലാല്‍ ജോസ് എന്നും മുന്‍പന്തിയിലാണ്. ഉദാഹരണത്തിന് അറബിക്കഥയിലെ ചൈനീസ് സുന്ദരിയായ ചാങ് ഷുമിനെയും അത്തരത്തില്‍ മലയാളസിനിമയില്‍ അവതരിപ്പിച്ചതാണല്ലോ,എങ്ങനെയുണ്ടായിരുന്നു ഡെനീലയുടെ അഭിനയം?
വളരെ നല്ല കുട്ടിയാണ്. അവരുടെ പെരുമാറ്റത്തില്‍ മറ്റൊരു ജീവിത സാഹചര്യത്തിലും സംസാക്കാരത്തിലും വളര്‍ന്നതാണെന്ന ഭാവമൊന്നും ഉണ്ടായിരുന്നില്ല. അവര്‍ ഓസ്‌ട്രേലിയയിലാണ് ജനിച്ചതും വളര്‍ന്നതുമെല്ലാം. സ്‌പെയിനുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. അവിടുത്തെ കള്‍ച്ചര്‍ എന്തെന്നും പോലും ആ കുട്ടിയ്ക്ക് അറിയില്ലായിരുന്നു. സ്പാനിഷ് മസാലയില്‍ സ്പാനിഷ്,ഇംഗ്ലീഷ്, മലയാളം തുടങ്ങി മൂന്ന് ഭാഷകള്‍ അവര്‍ ഉപയോഗിക്കുന്നുണ്ട്. പ്രശ്‌നം എന്താണെന്നുവെച്ചാല്‍ അവര്‍ക്ക് ഇംഗ്ലീഷ് ഒഴിച്ച് മറ്റൊരു ഭാഷയും അറിയില്ലായിരുന്നു എന്നതാണ്. ഓരോ എക്‌സ്പ്രഷന്‍സും എവിടെ എങ്ങനെ കൊടുക്കണം എന്ന കാര്യത്തിലും ആദ്യമൊക്കെ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു.

8. പൂര്‍ണ്ണമായും വിദേശത്ത് വെച്ച് ഷൂട്ടിംഗ് നടത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇനി ഭാവിയിലും ഇത്തരം സിനിമകള്‍ പ്രതീക്ഷിക്കാമോ?
ഉറപ്പിച്ചു പറയാന്‍ കഴിയില്ല. ചിലപ്പോള്‍ ചെയ്‌തേക്കാം. പുറത്ത് പോയി ഓരോ സിനിമ ചിത്രീകരിക്കുമ്പോഴും ഞാന്‍ കരുതും ഇനി അത്തരം ചിത്രങ്ങള്‍ വീണ്ടും ചെയ്യരുതെന്ന്. പക്ഷേ അവസാനം എന്റെ അടുത്ത് അത്തരത്തില്‍ ചിത്രീകരിക്കേണ്ട കഥകള്‍ വന്നു ചേരുകയും ചെയ്യും. അപ്പോള്‍ പിന്നെ അത് ചെയ്തല്ലെ പറ്റൂ.
9. ദിലീപുമായി താങ്കള്‍ നിരവധി ചിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്താണ് ദിലീപുമായുള്ള കെമിസ്ട്രി?
ഞങ്ങള്‍ തമ്മില്‍ വളരെ അടുത്ത ബന്ധമാണ്. ഷൂട്ടിംഗിനിടയിലൊക്കെ എന്തെങ്കിലും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ദിലീപ് എങ്ങനെ ചിന്തിക്കുമെന്നും പ്രവര്‍ത്തിക്കുമെന്നുമെല്ലാം എനിയ്ക്ക് മനസ്സിലാകും. അത് ഞങ്ങള്‍ തമ്മിലുള്ള അടുപ്പം കൊണ്ടാവാം. അദ്ദേഹം വലിയൊരു താരവും കഴിവുള്ള നടനുമാണ്. അതിലെല്ലാമുപരി എന്റെ ഉറ്റ സുഹൃത്തും കൂടിയാണ്.
