ഫേസ് ടു ഫേസ്/ ഇഷാന്ത് ശര്‍മ
മൊഴിമാറ്റം/ആര്യ.പി


ദീര്‍ഘനാളായി പരിക്കിന്റെ പിടിയിലായ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഇഷാന്ത് ശര്‍മ തിരിച്ചുവരവിന്റെ പാതയിലാണ്. പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതനായ ഇഷാന്ത് മത്സരത്തെ നേരിടാന്‍ തയ്യാറാണ്. തന്റെ കരിയറിലെ ഉയര്‍ച്ച താഴ്ചകളെ കുറിച്ചും തിരിച്ചുവരവിനെ കുറിച്ചും ഇഷാന്ത് സംസാരിക്കുന്നു…

Ads By Google

കണങ്കാലിനേറ്റ പരിക്ക് ഏറെ വലച്ചിരുന്നല്ലോ? എന്താണ് ഇപ്പോഴത്തെ അവസ്ഥ, പരിക്കില്‍ നിന്നും പൂര്‍ണമായും മോചിതനായോ?

കഴിഞ്ഞ മാര്‍ച്ചില്‍ കാലിന് ഒരു സര്‍ജറി നടത്തി. അതിന് ശേഷം കുറച്ചുനാള്‍ പൂര്‍ണവിശ്രമത്തിലായിരുന്നു. ഇപ്പോള്‍ എല്ലാം ഭേദമായി. സാധാരണത്തേതുപോലെ ബൗളിങ് പരിശീലനം നടത്തുന്നുണ്ട്. ദല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ മോയിന്‍ ഉള്‍ ദൗള ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. എന്റെ താളവും വേഗവും ഫിറ്റ്‌നെസും തിരിച്ചെടുക്കാന്‍ കഴിഞ്ഞെന്നാണ് തോന്നുന്നത്. അതില്‍ ഏറെ സന്തോഷമുണ്ട്.

ടെസ്റ്റ് സീരീസിനായുള്ള ഇംഗ്ലണ്ട് പര്യടനത്തില്‍ താങ്കളെ പ്രതീക്ഷിക്കാമോ?

തീര്‍ച്ചയായും. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. പിന്നെ ഇപ്പോള്‍ കിട്ടുന്ന സമയം എന്റെ കഴിവ് പരിപോഷിപ്പിക്കാനും വേണ്ടത്ര പരിശീലനം നടത്താനുമാണ് ഉപയോഗിക്കുന്നത്. മുന്‍പുള്ളതിനേക്കാള്‍ കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം ഇപ്പോള്‍ നടത്താന്‍ സാധിക്കുന്നുണ്ടെന്നാണ്് തോന്നുന്നത്.

പരിക്കേറ്റ സമയവും അതിന് ശേഷമുള്ള അവസ്ഥയും എങ്ങനെയായിരുന്നു, മാനസികമായി അന്ന് വിഷമം തോന്നിയിരുന്നോ?

ക്രിക്കറ്റ് താരങ്ങളെ സംബന്ധിച്ച് പരിക്ക് പുതിയ കാര്യമല്ല. പ്രത്യേകിച്ചും ഫാസ്റ്റ് ബൗളര്‍മാര്‍ക്ക്. പരിക്കിന്റെ പിടിയിലായി കളിക്കളത്തില്‍ നിന്നും മാറി നില്‍ക്കാന്‍ ഒരു കായിക താരവും ആഗ്രഹിക്കില്ല. പിന്നെ എല്ലാ കാര്യത്തെയും പോസിറ്റീവ് ആയി കാണുന്ന ആളാണ് ഞാന്‍. ഓരോ അവസരത്തേയും ക്ഷമാപൂര്‍വ്വം കാത്തിരിക്കുകയും അങ്ങനെ ലഭിക്കുന്ന അവസരങ്ങളെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യും. എന്റെ ശരീരത്തെക്കുറിച്ചും എന്റെ ഫിറ്റ്‌നെസിനെ കുറിച്ചും ബൗളിങ് രീതിയെ കുറിച്ചും എന്റെ കഴിവും കഴിവുകേടും എല്ലാം ഞാന്‍ നന്നായി മനസിലാക്കിയിട്ടുണ്ട്. കുറച്ചുനാള്‍ കളിക്കളത്തില്‍ നിന്നും മാറി നിന്നാല്‍ പിന്നെ ഫിറ്റ്‌നെസ് തിരിച്ചെടുക്കുകയെന്ന് പറയുന്നത് എളുപ്പം നടക്കുന്ന കാര്യമല്ല. അതിനായി കഠിന പരിശ്രമം ആവശ്യമായി വരും. ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ച് എല്ലായ്‌പ്പോഴും ഫിറ്റ്‌നെസ് നിലനിര്‍ത്തുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഒരു ഫാസ്റ്റ് ബൗളര്‍ക്ക് 70 ശതമാനം ഫിറ്റ്‌നെസും 30 ശതമാനം കഴിവുമാണ് വേണ്ടതെന്നാണ് എന്റെ അഭിപ്രായം.

കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മത്സരത്തില്‍ വിക്കറ്റ് നേട്ടത്തില്‍ താങ്കളായിരുന്നല്ലോ മുന്നില്‍. എന്നാല്‍ അതിന് ശേഷം നടന്ന ഇംഗ്ലണ്ട് പര്യടനത്തിലും ഓസ്‌ട്രേലിയന്‍ പര്യടനത്തിലും അതേ നിലവാരം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല?

നന്നായി ബൗള്‍ ചെയ്താല്‍ ഒരുപാട് പേരുടെ അഭിനന്ദനം നമുക്ക് ലഭിക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരെ നന്നായി ബൗള്‍ ചെയ്തു. അത്തരത്തില്‍ തന്നെയാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഞാന്‍ ബൗള്‍ ചെയ്തത്. എന്നാല്‍ വിക്കറ്റുകള്‍ അധികം നേടാനായില്ല. ഇത് ഞാന്‍ ഒരു എക്‌സ്‌ക്യൂസ് ആയി പറയുകയല്ല. ഒരു പക്ഷേ സിഡ്‌നിയില്‍ ബൗള്‍ ചെയ്തപോലെയായിരിക്കില്ല മെല്‍ബണിലെ പ്രകടനം അതുപോലെയായിരിക്കില്ല അഡ്‌ലെയ്ഡിലേത്. കാലാവസ്ഥയും സമയവും മാറുന്നതിനനുസരിച്ച് പ്രകടനത്തിലും മാറ്റം വരും.

ഓസ്‌ട്രേലയന്‍ പര്യടനത്തില്‍ വിക്കറ്റുകള്‍ അധികം നേടാന്‍ സാധിക്കാതിരുന്നതില്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നല്ലോ. വിക്കറ്റ് എങ്ങനെ എടുക്കാമെന്ന് താങ്കള്‍ പഠിക്കണമെന്നായിരുന്ന അന്നത്തെ വിമര്‍ശനം, അന്ന് ഫോമിലല്ലയായിരുന്നു എന്ന് തോന്നിയിരുന്നോ?

ഏത് മത്സരമായാലും കഴിവിന്റെ പരമാവധി ഉപയോഗിച്ചാണ് ഞാന്‍ ബൗള്‍ ചെയ്യാറ്. ബാറ്റ്‌സ്മാന്‍മാര്‍ക്കും പിച്ചിനും അനുസരിച്ച് എന്റെ ലെംഗ്ത് ഞാന്‍ അഡ്ജസ്റ്റ് ചെയ്യാറാണ് പതിവ്. എന്നാല്‍ ചില സമയങ്ങളില്‍ കാര്യങ്ങള്‍ എന്റെ കൈയ്യില്‍ ഒതുങ്ങില്ല. 2007-2008 കാലത്ത് ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ അടുത്തിടെയായി അതിന് സാധിച്ചിരുന്നില്ല.

കരിയറിലെ ഉയര്‍ച്ച താഴ്ചകള്‍ക്ക് ശേഷം താങ്കള്‍ ശക്തമായ തിരിച്ച് വരവിന് ഒരുങ്ങുകയാണ്, നിരവധി ടെസ്റ്റ് മാച്ചുകള്‍ കളിച്ച അനുഭവസമ്പത്ത് താങ്കള്‍ക്കുണ്ട്, അതുമായി ഒരംഗത്തിന് ഇനി തയ്യാറാണോ?

തീര്‍ച്ചയായും. വെല്ലുവിളികളെ അതിജീവിച്ച് മുന്നേറാനാണ് ഇനിയുള്ള എന്റെ ശ്രമം. ബൗളിങ് രംഗത്ത് എനിയ്ക്ക് അനുഭവങ്ങള്‍ ധാരാളം ഉണ്ട്. 19 ാമത്തെ വയസുമുതല്‍ ബൗളിങ്ങിനെ ഗൗരവമായി എടുത്ത ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ അതിന്റെ എല്ലാ വശവും ഞാന്‍ നന്നായി മനസിലാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയെന്നത് എന്നെ സംബന്ധിച്ച് അഭിമാനമാണ്. അതിനായി ഇനി ഒരവസരത്തിന് കാത്തിരിക്കുകയാണ് ഞാന്‍. മത്സരങ്ങളില്‍ വിജയിച്ച് രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുകയെന്നതാണ് പ്രഥമ ലക്ഷ്യം.

കരിയറിന്റെ ആരംഭത്തില്‍ 145 മുതല്‍ 148 വരെയായിരുന്നു താങ്കളുടെ ബൗളിങ് സ്പീഡ്. പരിക്ക് പറ്റിയതിന് ശേഷം അത് നിലനിര്‍ത്താനായിട്ടുണ്ടോ, അതോ സ്പീഡ് കുറഞ്ഞോ?

എന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്നാണ് ബൗളിങ്ങിലെ വേഗത. എന്തുതന്നെ സംഭവിച്ചാലും അതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഞാന്‍ തയ്യാറല്ല. എനിയ്ക്ക് ഇപ്പോള്‍ 24 വയസ്സേ ആയുള്ളു, അതുകൊണ്ട് തന്നെ ബൗളിങ് വേഗത കുറയ്‌ക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഈ പ്രായത്തിലല്ലാതെ പിന്നെ എപ്പോഴാണ് വേഗതയെ കൂടെ നിര്‍്ത്താന്‍ കഴിയുക, എ്ന്നാല്‍ സ്പീഡ് മാത്രം ഉണ്ടായതുകൊണ്ടും കാര്യമില്ല. ഒരു നല്ല ബൗളറാകണമെങ്കില്‍ വേറെയും ഒരുപാട് ഘടകങ്ങളുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ നാള്‍ നില്‍ക്കണമെന്ന് ആഗ്രഹമുണ്ടോ?

ഫിറ്റ്‌നെസ് ഇല്ലാത്തതിന്റെ പേരില്‍ ടീമില്‍ നിന്നും പുറത്തിരിക്കേണ്ട അവസ്ഥ എനിയ്ക്ക് വരുമെന്ന് തോന്നുന്നില്ല. ഏതു ഫോര്‍മാറ്റിലും കളിക്കാന്‍ കഴിയുകയെന്നതാണ് എന്റെ പ്രത്യേകതയെന്ന് തോന്നിയിട്ടുണ്ട്. എല്ലാ മത്സരങ്ങളിലും ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടാകണമെന്നാണ് ആഗ്രഹം. ഏത് തരം ഫോര്‍മാറ്റിലും കളിക്കാന്‍ ഞാന്‍ ഒരുക്കമാണ്, ആര്‍ക്കൊപ്പവും.

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് സഹീര്‍ ഖാന്‍ വിലപ്പെട്ട താരമായിരുന്നു, എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി സഹീറിന്റെ പ്രകനടത്തില്‍ ഇടിവ് വന്നെന്ന്് തോന്നിയിട്ടുണ്ട്, പ്രായം കൂടുന്നതാണോ പ്രശ്‌നം ?

സഹീര്‍ ഭായ് ഫോമിലല്ല എന്ന് പറയുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹം വലിയ താരമാണ്. കഴിഞ്ഞ 12 വര്‍ഷമായി ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുന്ന ആളാണ് അദ്ദേഹം. എനിയ്ക്ക് ഒരുപാട് നിര്‍ദേശങ്ങള്‍ തരുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തില്‍ നിന്നും ഞാന്‍ ഒരുപാട് പഠിച്ചിട്ടുണ്ട്. സഹതാരങ്ങള്‍ക്ക് ഇത്രയേറെ പിന്തുണ നല്‍കുന്ന മറ്റൊരാളും ഉണ്ടാവില്ല. അദ്ദേഹം എന്നും ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടാകണമെന്നാണ് ആഗ്രഹം.

വരുണ്‍ അരോണും ഉമേഷ് യാദവുമായി താങ്ങള്‍ എങ്ങനെ സാമ്യപ്പെട്ടിരിക്കുന്നു?

ബൗളിങ്ങിനെ സംബന്ധിച്ച് ഞങ്ങള്‍ ഒരുപാട് സംസാരിക്കാറുണ്ട്. ചര്‍ച്ചകള്‍ നടത്താറുണ്ട്. ഉമേഷിന്റേത് ബോള്‍ ചുഴറ്റിയെറിയുന്ന രീതിയാണ്.  എന്നാല്‍ വരുണിന്റേത് മറ്റൊരു ശൈലിയാണ്. ഇരുവരും കഴിവുള്ള താരങ്ങളാണെന്നതില്‍ സംശയമില്ല.

ഇന്ത്യന്‍ ടീമിന്റെ ബൗളിങ് കോച്ച് ജോ ദാവ്‌സിനെകുറിച്ച്?

എല്ലാ താരങ്ങളേയും ഒരേപോലെ പരിഗണിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഒരുപാട് ടിപ്‌സുകളും ബൗളിങ് തന്ത്രങ്ങളും അ്‌ദ്ദേഹം എനിയ്ക്ക് പറഞ്ഞു തന്നിട്ടുണ്ട്. ഓരോ താരത്തേയായി മാറ്റി നിര്‍ത്തി അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അവര്‍ക്കൊപ്പം നില്‍ക്കുന്ന ആളാണ് അദ്ദേഹം. വളരെ അര്‍പ്പണമനോഭാവം കൂടിയുള്ള വ്യക്തിയെന്ന് പറയാം.

കടപ്പാട്: ഐ.ബി.എന്‍