inter

1986 മുതല്‍ 1993  വരെ കേരള ഹൈക്കോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് പി.കെ. ഷംസുദ്ധീന്‍ ഹംഷീന ഹമീദുമായി സംസാരിക്കുന്നു.

നിലവിലുള്ള മുസ്‌ലിം വ്യക്തി നിയമത്തിന്റെ പോരായ്മകള്‍ എന്തൊക്കെയാണ്? കാലാഹരണപ്പെട്ടതാണെന്ന വാദം ശരിയാണോ?

നിലവിലുള്ള മുസ്‌ലിം വ്യക്തി നിയമം പല വിഷയങ്ങളിലും ഖുര്‍ആനിനും സുന്നത്തിനും എതിരാണ്  എന്നുള്ളതാണ് ഏറ്റവും  പ്രധാനമായ സംഗതി. അവ ഇസ്ലാമിക ശരീഅത്തിന്റെ വ്യവസ്ഥകള്‍ക്ക് നിരക്കാത്തതും വിവേചനപരവുമാണ്.

അതുകൊണ്ട് നിലവിലെ വ്യക്തിനിയമത്തിലെ അനിസ്ലാമിക വ്യവസ്ഥകള്‍ ഒഴിവാക്കുകയും വ്യക്തിനിയമം പുനരാവിഷ്‌കരിക്കുകയും ചെയ്താല്‍ തന്നെ മുസ്‌ലിം നിയമം ആധുനിക കാലഘട്ടത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ ഉള്‍ക്കൊള്ളാന്‍ കരുത്താര്‍ജ്ജിക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. പക്ഷെ അത്തരം പരിഷ്‌കരണങ്ങള്‍ കാലാകാലങ്ങളായി സമുദായം എതിര്‍ത്തുപോന്നിട്ടുള്ളതാണ് എന്നതാണ് ദുഃഖകരമായ സത്യം.

ടുണീഷ്യ, മൊറോക്കോ തുടങ്ങീ പല രാജ്യങ്ങളിലും ഖുര്‍ആനിക ചൈതന്യത്തിനു നിരക്കുന്ന രീതിയില്‍ ഇത്തരം പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

പിതാവ് ജീവിച്ചിരിക്കെ ഒരു മകന്‍ മരിച്ചുപോയാല്‍ ആ മകന്റെ സന്തതികള്‍ക്ക് പിതാവിന്റെ സ്വത്തില്‍ നിന്ന് ഒന്നും ലഭിക്കുകയില്ല എന്നൊരു ന്യൂനത പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഈ സ്ഥിതി ഇന്ത്യന്‍ വ്യക്തി നിയമത്തില്‍ ഇപ്പോള്‍  നിലവിലുണ്ട്. ഇത് വലിയൊരു ന്യൂനതയായി പലപ്പോഴും ചൂണ്ടിക്കാണിച്ചുകൊണ്ട് മുസ്‌ലിം പിന്തുടര്‍ച്ചാവകാശം വിമര്‍ശിക്കപ്പെടാറുണ്ട്.

എന്നാല്‍, ഖുര്‍ആനിലെ തന്നെ  നാലാം അധ്യായത്തില്‍,  ”സ്വത്ത് ഭാഗിക്കുന്ന സന്ദര്‍ഭത്തില്‍ ബന്ധുക്കളോ അനാഥകളോ പാവപ്പെട്ടവരോ ഉണ്ടെങ്കില്‍ അതില്‍ നിന്നും അവര്‍ക്കു നിങ്ങള്‍ എന്തെങ്കിലും നല്‍കുകയും അവരോടു നിങ്ങള്‍ മര്യാദവാക്കുകള്‍ പറയേണ്ടതുമാകുന്നു” എന്ന വചനത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് പല മുസ്‌ലിം രാജ്യങ്ങളും അത്തരം അനാഥരായ സന്തതികള്‍ക്ക് മൂന്നില്‍ ഒന്നില്‍ കവിയാത്ത, അവരുടെ പിതാവ് ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന് ലഭിക്കുമായിരുന്ന അവകാശം കിട്ടത്തക്ക വിധത്തില്‍ വ്യവസ്ഥകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അത്തരം കുട്ടികള്‍ക്ക് നിര്‍ബന്ധമായി ഒസ്യത്ത്  ചെയ്യണമെന്നും ഇനി ചെയ്തിട്ടില്ലെങ്കില്‍ കൂടി അത് ചെയ്തു എന്ന് നിയമം പരിഗണിക്കണമെന്നും വ്യവസ്ഥ ചെയ്തു കൊണ്ടാണ് ആ വിടവ് നികത്തിയിരിക്കുന്നത്.

talaq

പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളുടെ പകുതി മാത്രം ലഭ്യമാകുന്ന അവസ്ഥയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സാമ്പത്തിക ബാധ്യത പുരുഷനില്‍ നിക്ഷിപ്തമായിരുന്ന കാലഘട്ടം മാറിയിരിക്കുന്നു. ആധുനിക കാലഘട്ടത്തിലെ ജീവിത സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്.  പുരുഷനൊപ്പം സ്ത്രീയും സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്ന അവസരങ്ങള്‍ ഏറുന്നു. അങ്ങനെ വരുമ്പോള്‍, സ്ത്രീകളുടെ അവകാശത്തിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്ന പ്രസക്ത ചോദ്യമാണ് ഉന്നയിക്കപ്പെടേണ്ടത്.

അതുപോലെ തന്നെ ഒരാളുടെ അവകാശി ഒരു പെണ്‍കുട്ടി മാത്രമാണെങ്കില്‍ അവള്‍ക്ക് എല്ലാ സ്വത്തും ലഭ്യമാകുകയില്ല. മറ്റുള്ള അകന്ന അവകാശികള്‍ക്കാണ് പകുതി സ്വത്ത് ലഭ്യമാകുക. ഇക്കാര്യം ധാരാളം വിമര്‍ശനങ്ങള്‍ക്ക് വിധേയമാണ്.

ഖുര്‍ആനിക വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ എന്ത് ചെയ്യാന്‍ കഴിയും എന്നതിനെ കുറിച്ച് പണ്ഡിതന്‍മാര്‍ ആലോചിച്ച് തീരുമാനം എടുക്കേണ്ടതുണ്ട്. ഇപ്പോള്‍ തന്നെ പെണ്‍കുട്ടി മാത്രം അവകാശിയായി വരുന്ന കേസുകളില്‍ പിതാവോ മാതാവോ ജീവിച്ചിരിക്കുന്ന അവസരത്തില്‍ തന്നെ മകള്‍ക്ക് സ്വത്ത് മുഴുവന്‍ ദാനമായി നല്‍കുകയും, പ്രമാണത്തില്‍ തങ്ങളുടെ ജീവിതകാലം വരെ സ്വത്തിന്റെ ആദായം എടുക്കാനുള്ള അവകാശം നിലനിര്‍ത്തുകയും ചെയ്തുകൊണ്ട് സ്വത്ത് പുറത്തുപോകുന്നത് പ്രായോഗികമായി തടയുന്നത് കണ്ടിട്ടുണ്ട്.

ബഹുഭാര്യാത്വം, മുത്വലാക്ക് എന്നിവ ഇപ്പോഴും ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകള്‍ക്ക് അവകാശ ലംഘനം ഉയര്‍ത്തുന്ന വലിയൊരു വെല്ലുവിളിയാണല്ലോ. ഇവ നിരോധിക്കപ്പെടേണ്ടതല്ലേ?

ബഹുഭാര്യാത്വം വളരെയേറെ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ ഫലമായി  മുസ്‌ലിം സ്ത്രീകള്‍ വളരെയേറെ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. സൂക്ഷ്മമായി പഠനം നടത്തിയാല്‍ ഏകഭാര്യാത്വം  എന്ന ആശയമാണ് ഖുര്‍ആനില്‍ കാണാന്‍ കഴിയുക.

മുസ്‌ലിം സമുദായത്തിലാണ് ബഹുഭാര്യാത്വം കൂടുതല്‍ എന്ന സങ്കല്പം സ്ഥിതി വിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ശരിയല്ല. സത്യത്തില്‍ മുസ്‌ലിം സമുദായത്തില്‍ ബഹുഭാര്യാത്വം വളരെയേറെ കുറഞ്ഞിട്ടുണ്ട്. വിദ്യാസമ്പന്നരും ഉന്നതസ്ഥാനത്തിരിക്കുന്നവരും ഒന്നിലേറെ വിവാഹം കഴിക്കുന്നത് വളരെ അപൂര്‍വമാണ്.

അടുത്ത പേജില്‍ തുടരുന്നു