എഡിറ്റര്‍
എഡിറ്റര്‍
അംബേദ്ക്കറെ ഭരണഘടനാ സമിതിയുടെ ചെയര്‍മാനാക്കിയത് ചതി, ദളിതര്‍ ഭരണഘടനയ്ക്ക് വിധേയപ്പെടല്‍ ഉദ്ദേശം/ ആനന്ദ് തെല്‍തുംദെ- എന്‍.കെ ഭൂപേഷ്
എഡിറ്റര്‍
Wednesday 23rd August 2017 2:46pm

വിധേയത്വമുണ്ടാക്കാനായിരുന്നു അംബേദ്ക്കറെ കോണ്‍സ്റ്റിറ്റിയൂവെന്റ് അസംബ്ലിയുടെ ചെയര്‍മാനാക്കിയത്. ഇതില്‍ മഹാത്മഗാന്ധിയുടെകൂടി അതിസാമര്‍ത്ഥ്യം കൂടിയായിരുന്നു. കാരണം അംബേദ്ക്കര്‍ തയ്യറാക്കുന്ന ഭരണഘടനയോട്, അക്കാര്യം കൊണ്ട് തന്നെ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ വിധേയത്വം കാണിച്ചുകൊള്ളുമെന്ന ധാരണയായിരുന്നു അതിന് പിന്നില്‍. അതെത്രമാത്രം ശരിയായിരുന്നുവെന്ന് പിന്നീട് ബോധ്യപ്പെടുന്നുമുണ്ട്.


ദളിത് ചിന്തകരില്‍ നിലപാടുകളിലെ മൗലികത കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന വ്യ്ക്തിത്വമാണ് ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ആനന്ദ് തെല്തുംദെയുടെത്. നിരവധി പ്രസിദ്ധീകരണങ്ങളിലെ സ്ഥിരം എഴുത്തുകാരനായ തെല്തും ദെ, അംബേദ്ക്കര്‍ ചിന്തകളെക്കുറിച്ചും, ദളിത് മോചനവും മാര്്ദ്‌സിസം എന്നീ വിഷയങ്ങളെ അധികരിച്ചാണ് ഏറെയും എഴുതിയിട്ടുള്ളത്.

Dalits Past Present Future എന്ന ഗ്രന്ഥം ഈയിടെ പ്രസിദ്ധീകരിച്ചതാണ്. B R Ambedkar, India and Communism ആണ് തെല്തുംദെയുടെ പുതിയ പുസ്തകം. The Persistence of Caste: The Khairlanji Murders and India’s Hidden Apartheid ആണ് തെല്തുംവദെയുടെ ശ്രദ്ധേയമായ മറ്റൊരു ഗ്രന്ഥം. ദളിത് മോചനവുമായി ബന്ധപ്പെട്ടും അംബേദ്ക്കര്‍ ചിന്തയെക്കുറിച്ചും ജനാധിപത്യത്തെയും ഫാസിസത്തെയും ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചുമാണ് ഈ അഭിമുഖത്തില്‍ ആനന്ദ് തെല്തുംകദെ ഈ അഭിമുഖത്തില്‍ സംസാരിക്കുന്നത്

കഴിഞ്ഞ കുറച്ചുകാലമായി പ്രത്യേകിച്ച് നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ദളിത് പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. അംബേദ്ക്കറിസമാണ് ഹിന്ദുത്വത്തെ നേരിടാനുള്ള ഫലപ്രദമായ ഉപാധി എന്നതിന്റെ സൂചന കൂടിയല്ലേ ഇത്?
യഥാര്‍ത്ഥത്തില്‍ അംബേദ്ക്കറിസം എന്ന ഒന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. വളരെ പ്രാഗ്മാറ്റിക്കായ ഒരു നേതാവായിരുന്നു അദ്ദേഹം. എന്തെന്ത് രീതികളിലുടെയാണ് ജാതിയെ ഇല്ലാതാക്കാന്‍ കഴിയുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അതിനനുസരിച്ചുള്ള മാര്‍ഗങ്ങളായിരുന്നു അദ്ദേഹം ജീവിതകാലതത്രയും സ്വീകരിച്ചിരുന്നത്. അത് ഏതെങ്കിലും സിദ്ധാന്ത പദ്ധതിയുടെ അടിസ്ഥാനത്തിലായിരുന്നില്ല. അതുകൊണ്ട് തന്നെ അംബേദ്കറിസം എന്ന ഒന്നില്ല എന്നാണ് എന്റെ നിലപാട്.

അംബേദ്ക്കറിസത്തെ പലരും പലതായി പലതായി നിര്‍വചിക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. ജാതി നിര്‍മ്മൂ ലനത്തിനായി ശ്രമിച്ച അംബേദ്ക്കറുടെ ചിന്തകള്‍ പിന്‍പിറ്റുന്നുവെന്ന് പറയുന്ന അംബേദ്ക്കറൈറ്റുകളില്‍ ചിലര്‍ തന്നെ ജാതിയുടെ ശാക്തീകരണകരണമാണ് വേണ്ടതെന്ന് വാദിക്കുന്നവരുമുണ്ട്. ഇതേക്കുറിച്ച് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്.

ആനന്ദ് തെല്തുംദെ

രസകരമായ വസ്തുത ഇങ്ങനെ ജാതി സ്വത്വത്തിന്റെ ശാക്തീകരണത്തിനായി ശ്രമിക്കുന്നവര്‍ ചില ഘട്ടത്തില്‍ മാര്‍ക്‌സി സത്തിന്റെ ഡയലക്ടിസത്തെയും ആശ്രയിക്കുന്നുവെന്നതാണ്. ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്, മറ്റേതെങ്കിലും ഇസങ്ങളെ സമീപിക്കുന്നത് പോലെ അംബേദ്ക്കറിന്റെ ചിന്തകളെ നിലപാടുകളെ കാണുന്നതില്‍ കാര്യമില്ല എന്ന് പറയാനാണ്. അതായത്, ദളിതരുടെ മോചനത്തിന്, ജാതിനിര്‍മ്മൂലനത്തിന് അതത് കാലത്ത് സ്വീകാര്യമായ നിലപാടുകളാണ് അംബേദ്ക്കര്‍ സ്വീകരിച്ചത്.

ഇതുകൊണ്ടൊണ് അംബേദ്ക്കര്‍ ഇന്നും ജാതി നിര്‍മ്മൂലനത്തിനായി ശ്രമിക്കുന്നവര്‍ക്ക്, ദളിതര്‍ക്ക് അതീവ പ്രധാന്യമുള്ള വ്യക്തിത്വമായി തുടരുന്നത്. അംബേദ്ക്കറില്‍ എല്ലായ്‌പ്പോഴും അദ്ദേഹത്തിന്റെ അധ്യാപകനായിരുന്ന ജോണ്‍ ദേവെയുടെ സ്വാധീനം വളരെ പ്രകടമാണ്. അത് അദ്ദേഹം തന്നെ പറഞ്ഞിട്ടുമുണ്ട്. ഒരു ഫാബിയന്‍ സോഷ്യലിസ്റ്റായിരുന്നു ദേവെ. പ്രാഗ്മാറ്റിക്കായ സമീപനങ്ങള്‍ക്കായിരുന്നു അദ്ദേഹത്തിന്റെ ഊന്നല്‍.

അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള ഐക്യപെടാനുള്ള അദ്ദേഹത്തിന്റെ ചിന്തകളും ശ്രമങ്ങളും അംബേദ്ക്കറെയും സ്വാധീനിച്ചിരുന്നു. അതുകൊണ്ടാണ് അംബേദ്ക്കര്‍ ദളിത് മോചനത്തിന് ഉതകും എന്ന് കരുതുന്ന സമീപനങ്ങള്‍ അദ്ദേഹം പലപ്പോഴായി പലരീതിയില്‍ എന്ന് തോന്നുവിധം സ്വീകരിച്ചതിന്റെ കാരണങ്ങളില്‍ ഒന്ന്.

  അങ്ങനെ ഒരു പ്രത്യയശാസ്ത്ര പദ്ധതിയെന്ന നിലയിലല്ല അംബേദ്ക്കറിന്റെ ചിന്തകളെ കാണെണ്ടെന്ന് പറയുമ്പോഴും, രാജ്യത്തെ ദളിത് മോചനവുമായി ബന്ധപ്പെട്ട പാര്‍ട്ടികള്‍ അംബേദ്ക്കറിന്റെ ചിന്തകളെ ഒരു പ്രത്യയശാസ്ത്ര പദ്ധതിയായി തന്നെയാണ് കാണുന്നത്. വ്യത്യസ്തങ്ങളായ ദളിത് പ്രസ്ഥാനങ്ങള്‍ ഒരു പ്രതിരോധശ്രമമായി അവതരിക്കുമ്പോഴും, ബി.എസ്.പി പോലുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് കരുതയിരുന്ന രാഷ്ട്രീയ പ്രസ്ഥാനമായിരുന്ന ബി.എസ്.പി പോലുള്ളവ ഇപ്പോള്‍ വലിയ തിരിച്ചടികള്‍ നേരിടുകയാണ്. എങ്ങനെയാണ് താങ്കള്‍ ഇതിനെ കാണുന്നത്?

അനുരാധാ ഗാന്ധി

ഇത് യഥാര്‍ത്ഥത്തില്‍ ഒരു മിഥ്യയുടെ, തോന്നലിന്റെ തകര്ച്ചളയാണ്. ഞാന്‍ പറയുന്നത് ബി.എസ്.പിയ്ക്ക് കഴിഞ്ഞ കുറച്ചുകാലമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഏറ്റ തിരിച്ചടിയെക്കുറിച്ചാണ്. ഇത് യഥാര്‍ത്ഥ ത്തില്‍ പലരും കരുതുന്നതും പോലെ മായാവതിയുടെ മാത്രം പരാജയമല്ല. കന്‍ഷിറാമിന്റെതു കൂടിയാണ്. മായവതി നേടിയ വിജയങ്ങള്‍ അവരുടെ രാഷ്ട്രീയത്തിന്റെ പരിമിതിയെക്കുറിച്ചുള്ള ചര്‍ച്ചകളെ നേരത്തെ ഒരു തരത്തില്‍ അസാധ്യമാക്കിയിരുന്നു.

2006 ലെ വിജയം പലരേയും അത്ഭുതപ്പെടുത്തുകയും ചെയ്തു. ആ സംസ്ഥാനത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിക്കുന്നത് കുറച്ചുകാലത്തിന് ശേഷം അന്ന് ആദ്യമായിരുന്നു. അത് ആ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ വലിയ മാറ്റം തന്നെ ആകേണ്ടതായിരുന്നു.

അതിന് മുമ്പും മായവതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആയിരുന്നിട്ടുണ്ട്. അന്നത്തെടുത്ത പല സമീപനങ്ങളുമാണ് വലിയ വിഭാഗത്തിന്റെ വിശ്വാസം ആര്‍ജ്ജിക്കാനും മുന്നോട്ടുപോകാനും മായവതിയെ പ്രാപ്തയാക്കിയതെന്നാണ് കരുതിയത്.

അവരുടെ നിലപാടുകളിലെ ഏകാധിപത്യപരമായ സമീപനങ്ങളെ പോലും ദളിത് അവകാശത്തിന്റെ പ്രഖ്യാപനമായിട്ടായിരുന്നു ആ വിഭാഗത്തില്‍പെട്ടവര്‍ കണ്ടത്. പക്ഷെ പിന്നീട് ഇവര്‍ കേവലമായി അധികാരത്തിന്റെ തടവിലാക്കപ്പെടുകയായിരുന്നു. അത് അവര്‍ പിന്തുടര്‍ന്ന രാഷ്ട്രീയത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു.

മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നതുപോലുള്ള എല്ലാ തന്ത്രങ്ങളിലുടെയും വിജയം കൈയടക്കാനാണ് അവര്‍ ശ്രമിച്ചത്. അതില്‍ അവര്‍ ഒരു ഘട്ടത്തില്‍ വിജയിച്ചു. എന്നാല്‍ ഇത്തരം നടപടികള്‍ കൊണ്ടുമാത്രം ഒരു ബദല്‍ രാഷ്ട്രീയ മുന്നേറ്റം സാധ്യമാകുമായിരുന്നില്ല.

അടിസ്ഥാനപരമായി ദളിത് ശാക്തീകരണ നടപടികളിലായിരുന്നില്ല അവര്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. മറിച്ച് അംബേദ്ക്കറിന്റെയും കന്‍ഷിറാമിന്റെയും തന്റെ തന്നെയും പ്രതിമകളും പാര്‍ക്കുകളും ഉണ്ടാക്കിയുള്ള ഒരു രാഷ്ട്രീയമാണ് അവര്‍ പിന്തുടര്‍ന്നത്. എല്ലാ അര്‍ത്ഥത്തിലും അധികാരത്തിന്റെ തടവില്‍ അകപ്പെടുകയാണ് അവര്‍ ചെയ്തത്.

അവരുടെ സോഷ്യല്‍ എഞ്ചിനിയറിംങ് എന്ന് വാഴ്ത്തിയ സവര്‍ണ വിഭാഗത്തെ കൈയിലെടുത്തുള്ള തെരഞ്ഞെടുപ്പ് പരിപാടിതന്നെ ഇതിന്റെ തുടര്‍ച്ച യായിരുന്നു. 2006 ല്‍ അതിന്റെ വിജയവും അവര്‍ക്ക് ഉണ്ടായി എന്നത് സത്യമാണ്. എന്നാല്‍ മറ്റേത് പാര്‍ട്ടികളും രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രത്തിന് സമാനമായ ഒന്നായല്ലാതെ ഇതിനെ മറ്റെന്തായാണ് കാണാന്‍ കഴിയുക. ഇത് പൂര്‍ണമായും മായാവതിയുടെ മാത്രം പ്രശ്‌നമല്ല, കാന്‍ഷിറാമിന്റെയും പ്രശ്‌നമാണ്.

അധികാരത്തിലെത്തുകയെന്നതിന് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്ന തന്ത്രം തന്നെയായിരുന്നു കന്‍ഷിമറാമും സ്വീകരിച്ചത്. അധികാരം കിട്ടിയതിനുശേഷം അത് അടിസ്ഥാന ജനവിഭാഗങ്ങളെ ശക്തരാക്കാന്‍ പ്രാപ്തരാക്കുന്ന നടപടികള്‍ സ്വീകരിക്കാനും ഇവര്‍ തയ്യാറായില്ല.

ഭൂപരിഷ്‌ക്കരണമുള്‍പ്പെടെയുള്ള നടപടികളിലൂടെ ദളിതരെയും മറ്റ് പ്രാന്തവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെയും ശാക്തികരിക്കുന്നതുള്‍പ്പെടെയുള്ള നടപടികളായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ അതിന് കഴിഞ്ഞില്ല. അല്ലെങ്കില്‍ അധികാരം മായവതിയെ അതില്‍ നിന്ന് വിലക്കി.

 

ബി.എസ്.പിയുടെ പരാജയത്തിന് ശേഷം എക്കോണമിക്ക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ എഴുതിയ End of Dalit Chimmera എന്ന ലേഖനത്തില്‍ ഞാന്‍ ഇക്കാര്യം വിശദമാക്കിയിട്ടുണ്ട്. വിമോചനാത്മകമായ രാഷ്ട്രീയ പരിപാടികള്‍ക്ക് പകരമായി കേവല സ്വത്വബോധ രാഷ്ട്രീയത്തിന്റെ പരിമിതികള്‍ കൂടിയാണ് ബി.എസ്.പിയ്ക്ക് സംഭവിച്ചിട്ടുള്ളത്. ആ അര്‍ത്ഥ ത്തിലാണ് ഒരു ആഗ്രഹ ചിന്തയുടെ പതനമായി ഞാന്‍ അതിനെ കാണുന്നത്.


• എന്നാല്‍, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് പുറത്ത് പല ദളിത് പ്രസ്ഥാനങ്ങളും ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. പല രീതിയില്‍ ജാതിവിരുദ്ധ സമരങ്ങളിലാണ് അവര്‍ ഏര്‍പ്പെട്ടിട്ടുള്ളത്. പ്രത്യേകിച്ചും ഗുജറാത്തിലെ യുനയില്‍ ജിഗ്‌നേഷ് മേവാനിയുടെ നേതൃത്വത്തിലുണ്ടായ പ്രസ്ഥാനം. അതുപോലെ, ഉത്തര്‍പ്രേദേശില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള ഭീം ആര്‍മി പോലുള്ള സംഘടനകള്‍. ഇത്തരത്തിലുള്ള പ്രസ്ഥാനങ്ങളെ എങ്ങനെയാണ് താങ്കള്‍ നോക്കി കാണുന്നത്.? ഭീം ആര്‍മിയുടെ പിന്നില്‍ ബി.ജെ.പിയാണെന്നാണ് മായാവതി പറഞ്ഞത്?

മേവാനിയുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തെ വ്യത്യസ്തമാക്കുന്നത് അത് ഭൂമിയുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തി ക്കുന്നു അതിനു വേണ്ടി വാദിക്കുന്നു എന്നതാണ്. അതൊരു രാഷ്ട്രീയ മുദ്രാവാക്യമാണ്. ഭൂമിയുടെ മേലുള്ള അധികാരം പുനഃസ്ഥാപിച്ചുകിട്ടലാണ്, മര്‍ദ്ദിത ജനവിഭാഗങ്ങളുടെ രാഷ്ട്രീയ ആവശ്യം. അവര്‍ക്കു വേണ്ടത് ഏതെങ്കിലും തരത്തിലുള്ള അനുഭാവമല്ല. ഇത് ബോധ്യപ്പടുത്താന്‍ കഴിയുന്നു വെന്നതാണ് പ്രധാനം.

അതുപൊലെ, നിങ്ങള്‍ നിങ്ങളുടെ പശുവിനെ എടുത്തുകൊള്ളൂ, ഞങ്ങള്‍ക്ക് ഞങ്ങളുടെ ഭൂമി തിരിച്ചുതരൂ എന്ന് പറയുമ്പോള്‍, അത് ദളിതരുടെ അവകാശ പ്രഖ്യാപനമായി മാറുന്നു. ചത്ത പശുക്കളെ സര്‍ക്കാര്‍ ഓഫീസിനുമുന്നില്‍ കൊണ്ടു ചെന്നിടുമ്പോഴെക്കും, ഒരു സംവിധാനം തന്നെ അപ്രസക്തമാക്കപ്പെടുകയായിരുന്നു. അതൊരു പ്രധാന സംഗതിയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ദളിത് സമരങ്ങളുമായി ഐക്യപ്പെടാനുള്ള ശ്രമങ്ങളും മേവാനി നടത്തുന്നുണ്ട്.

കാന്‍ഷിറാം, മായാവതി

ഭീം ആര്‍മിെക്കെതിരെ ഉയര്‍ന്നു വിമര്‍ശനം ബി.ജെ.പിയുടെയും ബി.എസ്.പിയുടെയും ഭാഗത്തുനിന്നാണ്. മായാവതി ബി.ജെ.പിയുടെ സൃഷ്ടിയാണ് ഭീം ആര്‍മിയെന്നാണ് ആരോപണം ഉന്നയിച്ചത്. സവര്‍ണ വിഭാഗത്തിന്റെ ആക്രമണങ്ങളെ ചെറുക്കുന്ന ഒരു ദലിത് പ്രസ്ഥാനത്തെ അനുകൂലിക്കുന്നതിന് പകരം അതിനെ ബി.ജെ.പിയുടെ സൃഷ്ടിയാണെന്ന് പറയുക വഴി അവര്‍ അവരുടെ രാഷട്രീയത്തിന്റെ പരിമിതികളെ ഒരിക്കല്‍ കൂടി അനാവരണം ചെയ്യുകയാണ് യഥാര്‍ത്ഥ ത്തില്‍ ചെയ്തത്.

തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളുണ്ടായിട്ടുപോലും, ദളിത് വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്താണെന്ന് അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ബി.എസ്.പി അധികാരത്തിലെത്തിയാല്‍ അത് ദളിത് അധികാരമെന്ന് കരുതി പോന്ന ജനങ്ങളെ അവരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ ബോധപൂര്‍വം മറച്ചുവെച്ച് അവരെ പറ്റിക്കുന്ന ഒരു രാഷ്ട്രീയത്തെയാണ് ഭീം ആര്‍മിയെ ബി. ജെ.പിയുടെ സൃഷ്ടി എന്ന് പറയുന്നത് വഴി ഒരിക്കല്‍ കൂടി മായവതി വെളിപ്പെടുത്തിയത്.

ഭീം ആര്‍മി യഥാര്‍ത്ഥത്തില്‍ ബി.എസ്.പിയുടെ രാഷ്ട്രീയത്തിന്റെ ഉപോത്പന്നമാണ്. അവര്‍ അവരുടെ രാഷ്ട്രീയ ഉത്തരവാദിത്തം നിര്‍വഹിച്ചിരുന്നുവെങ്കില്‍ ദളിത് ജീവിതങ്ങളുടെ അവസ്ഥ മറ്റൊന്നാകുമായിരുന്നു. അധികാരം ഉണ്ടായപ്പോള്‍ പക്ഷെ ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ അത് ചെയ്തില്ല. തീര്‍ച്ചയായും ജനകീയമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടണമെന്ന് നിര്‍ബലന്ധമില്ലെന്ന് വാദിക്കാം. പക്ഷെ അവര്‍ അതിന് ശ്രമിച്ചിരുന്നുവെങ്കില്‍ ഈ വ്യവസ്ഥയെ തുറന്നുകാണിക്കാമായിരുന്നു.

അതിന് അവര്‍ തയ്യാറായില്ല. അപ്പോള്‍ മറ്റ് പ്രസ്ഥാനങ്ങള്‍ സ്വാഭാവികമായി ഉയര്‍ന്നു വരും. അതിനെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ കൊണ്ട് നേരിടാമെന്നൊക്കെ കരുതുന്നത് ശരിയാകണമെന്നില്ല.

ചന്ദ്രശേഖര്‍ ആസാദ്

• ഭൂമിയില്‍ അവകാശം സ്ഥാപിക്കലുമായി ബന്ധപ്പെട്ട് പറയുമ്പോള്‍ അതൊടൊപ്പം ചൂണ്ടികാണിക്കാവുന്ന ഒരു കാര്യമാണ് ജാതിയും വര്‍ഗവും തമ്മിലുള്ളത്. ജാതി എന്ന പ്രശ്‌നത്തെ തീര്‍ത്തും അവഗണിക്കുകയും വര്‍ഗ പ്രശ്‌നത്തിന്റെ ഭാഗമായി മാത്രം അതിനെ കാണുകയും ചെയ്തതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വലിയ പരിമിതിയായി പലരും ചൂണ്ടികാണിച്ചുവരുന്നത്.

മുതലാളിത്ത പൂര്‍വ്വ പ്രദേശങ്ങളില്‍ വര്‍ഗം എന്നത് പലരൂപത്തിലുളളതായിരുന്നു. ജാതിയെന്നത് വര്‍ഗത്തിന്റെ ഭാഗമാണ്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ബ്രാഹ്മണിസവുമായുള്ള ബന്ധം കൊണ്ടായിരിക്കണം ജാതിയെ വേര്‍തിരിച്ച് നിര്‍ത്തി കേവലമായി വര്‍ഗത്തെ വ്യാഖ്യാനിച്ചുകൊണ്ടുള്ള പ്രവര്‍ത്തവനങ്ങളില്‍ അഭിരമിച്ചത്.

മാര്‍ക്‌സ് തന്നെ പറഞ്ഞത് ഇതുവരെയുള്ള ചരിത്രം വര്‍ഗസമരങ്ങളുടെതാണ് എന്നാണ്. എന്നാല്‍ ഇതില്‍ വിശ്വസിക്കുന്നവരാണ് ഈ ഉപഭൂഖണ്ഡത്തിലെ വലിയ വിഭാഗം ജനങ്ങളുടെ ജീവിതത്തെ ബാധിച്ച ജാതിയെ പുര്‍ണമായും തങ്ങളുടെ വ്യവഹാരങ്ങളില്‍ നിന്ന് ഒഴിവാക്കിയത്. ഇങ്ങനെ ജാതിയെ മാറ്റി നിര്‍ത്തിയുള്ള പ്രവര്‍ത്തനമാണ് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തളര്‍ത്തിയത്.

ഇന്ത്യയെ സംബന്ധിച്ചുള്ള വര്‍ഗ വിശകലനങ്ങളോ വര്‍ഗസമരങ്ങളോ ജാതിയെ മാറ്റി നിര്‍ത്തി നടത്താന്‍ കഴിയില്ല. ഇപ്പോള്‍ ഈ പ്രശ്‌നത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നുണ്ടെന്ന് പറയുമ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അടിസ്ഥാനപരമായി ജാതിയെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ലെന്നാണ് എന്റെ നിലപാട്.

• ഇക്കാര്യത്തില്‍ ഇന്ത്യയിലെ മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കളുടെ അതേ നിലപാട് തന്നെയാണോ മാവോയിസ്റ്റുകളും സ്വീകരിക്കുന്നത്. അവരുടെ ജാതിയോടുള്ള സമീപനത്തെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്.

ഇക്കാര്യത്തില്‍ മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെക്കാള്‍ കൂടുതല്‍ അന്വേഷണം മാവോയിസ്റ്റ് സംഘടനകള്‍ നടത്തുന്നുണ്ടെന്നാണ് തോന്നുന്നത്. അത് അത്രയും നല്ലത് തന്നെയാണ്. അനുരാധ ഗന്ധിയുടെ അന്വേഷണങ്ങള്‍ ഇക്കാര്യത്തില്‍ മാവോയിസ്റ്റ് പ്രസ്ഥാനം ജാതിയെ ഗൗരവത്തില്‍ കാണുന്നു എന്നതിന്റെ തെളിവു തന്നെയാണ്.

അവരുടെ Scripting The Change: Selected Writings of Anuradha Gandhi’ എന്ന പുസ്തകത്തില്‍ ഇതുമായി ബന്ധപ്പെട്ടുള്ള ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ( ആനന്ദ് തെല്‍തുദെയാണ് ഈ പുസ്തകം എഡിറ്റു ചെയ്തത് ) പക്ഷെ പ്രശനം അടിത്തറ മേല്‍ത്തറ സങ്കല്‍പത്തിന് പുറത്തുകടന്നുകൊണ്ട് ജാതിയെക്കാണാന്‍ ഇവര്‍ തയ്യാറാകുമോ എന്നതാണ്. അതൊരു ideological barrier എന്നു തോന്നിക്കുന്ന രീതിയില്‍ കമ്മ്യൂണിസ്റ്റുകാര്‍ പ്രതിഷ്ഠിച്ചുവെച്ചിരിക്കയാണെന്ന് വേണം കരുതാന്‍. അതുമാറ്റാതെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ക്ക് മുന്നോട്ടുപോകാനാകില്ല.

ജിഗ്നേഷ് മെവാനി

• ജാതി എന്നത് മുതലാളിത്ത വികസനത്തിന്റെ ഭാഗമായി ഇല്ലാതാകുമെന്ന് കരുതുന്നവരുണ്ട്. മുതലാളിത്ത വികസനത്തിന് ഇത്തരത്തില്‍ ജാതിയെ നിര്‍മ്മൂതലനം ചെയ്യാനുള്ള ശേഷിയുണ്ടോ?

ആഗോളവല്‍ക്കരണത്തിന്റെ തുടക്കത്തിലാണ് ഇത്തരമൊരു വാദം പ്രബലമായി ഉയര്‍ത്തപ്പെട്ടത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ദലിത് ചേംബര്‍ ഓഫ് ഇന്റസ്ട്രി ആന്റ് കോമോഴ്‌സോക്കെ രൂപകരിക്കപ്പെടുന്നത്. ദലിതരുടെ ജീവിത നിലവാരം ആഗോളവല്‍ക്കകരണത്തിന് ശേഷം കാര്യമായി മെച്ചപ്പെട്ടുവെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ഈ വാദം തന്നെ തെറ്റായ കണക്കുകളുടെയും മാനദണ്ഢങ്ങളുടെയും അടിസ്ഥാനത്തിലാണ്.

തങ്ങളില്‍പെട്ട ചിലരുടെ സാമ്പത്തിക അഭിവൃദ്ധിയുടെ അടിസ്ഥാനത്തില്‍ ദളിതരുടെ ജീവിതം തന്നെ ആഗോളവല്‍ക്കരണം അനുകൂലമായി മാറ്റിയെന്നൊക്കെ പറയുന്നതിന് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ല. ഇതൊക്കെ നിയോലിബറല്‍ വക്താക്കളെ സന്തോഷിപ്പിക്കുമെന്നതിനപ്പുറം മറ്റൊരു പ്രയോജനവും ചെയ്യില്ല.

ഭൂമിയുടെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട, ദുരിതം അനുഭവിച്ച ഒരു ദലിതന്‍, നഗരത്തിലേക്ക് മാറ്റപ്പെടുന്നതോടെ അദ്ദേഹത്തിന്റെ ജീവിതരീതിയില്‍ അടിസ്ഥാനപരമായി മാറ്റമുണ്ടായി എന്നൊക്കെ അവകാശപ്പെടുന്നതിന് യാതൊരു വിധ കണക്കുകളുടെയും പിന്തുണയില്ല.

തീര്‍ച്ചയായും ദളിത് വിഭാഗത്തില്‍പ്പെട്ട ഏതെങ്കിലും വ്യക്തികള്‍ക്കുണ്ടാകുന്ന നേട്ടങ്ങളെ വിലകുറച്ചുകാണേണ്ട കാര്യമില്ല. അത് ആ അര്‍ത്ഥത്തില്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ അത് ആ വലിയ ജനവിഭാഗത്തിന്റെ ദുരന്തത്തിനുള്ള പരിഹാരമെന്ന് പറയുന്നത് ശരിയല്ല. അത് യഥാര്‍ത്ഥ പ്രശ്‌നങ്ങളെ മറച്ചുപിടിക്കലാണ്.

എന്നാല്‍ അംബേദ്ക്കറുടെ ചിന്തകള്‍ പോലും മുതലാളിത്ത വികസനത്തെ പിന്തുണച്ചിരുന്നുവെന്ന അവകാശവാദവുമുണ്ട്.
അത് നിയോ ലിബറിലസത്തിന്റെയും ആഗോളവത്ക്കരണത്തിന്റെയും വക്താക്കള്‍ പ്രചരിപ്പിക്കുന്നതാണ്. ബ്രാഹ്മണിസവും മുതലാളിത്തവുമാണ് ദലിതരുടെ ശത്രുക്കള്‍ എന്ന് പറഞ്ഞ അംബേദ്ക്കറിനെയാണ് ഇങ്ങനെ മുതലാളിത്തത്തിന്റെ ആശ്രിതനെന്ന നിലയില്‍ ചിത്രീകരിക്കുന്നത്.

 

അദ്ദേഹം ആദ്യം രൂപികരിച്ചത് ഇന്റിപെന്റന്റ് ലേബര്‍ പാര്‍ട്ടിയായിരുന്നു. അത് ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ മാതൃകയിലായിരുന്നു അന്ന് വിഭാവനം ചെയ്തത്. അതായത് ഫാബിയന്‍ സോഷ്യലിസം. സോഷ്യലിസത്തിലെക്കുള്ള സമാധാനപരമായ പരിവര്‍ത്തനം. അതെന്തായാലും മുതലാളിത്തത്തെ തള്ളി കളഞ്ഞതായിരുന്നു അംബേദ്ക്കറിന്റെ ചിന്തകള്‍.

അംബേദ്ക്കറിന്റെ ലേബര്‍ പാര്‍ട്ടിയായിരുന്നു ഇന്ത്യയിലെ ആദ്യത്തെ യഥാര്‍ത്ഥ ഇടതുപക്ഷപാര്‍ട്ടി. ജാതി സമരത്തെ ജനങ്ങളുടെ പോരാട്ടത്തിന്റെ ഭാഗമാക്കി കൊണ്ടുള്ള സമീപനമാണ് ലേബര്‍ പാര്‍ട്ടി സ്വീകരിച്ചത്. പിന്നീട് ആ പാര്‍ട്ടി ഇല്ലാതായെങ്കിലും മുതലാളിത്തത്തിന്‍െ കാര്യത്തില്‍, അത് ദലിതരുടെ ശത്രുവാണെന്ന കാര്യത്തില്‍ അംബേദ്കറുടെ നിലപാടില്‍ മാറ്റമൊന്നുമില്ലായിരുന്നു. ഇത് മറച്ചുപിടിച്ചാണ് മുതലാളിത്ത വികസനം ദളിത് മോചനത്തെ സഹായിക്കുമെന്ന നിലപാടുകള്‍ ചിലര്‍ സ്വീകരിച്ചുവരുന്നത്.

• ഡോ. അംബേദ്ക്കര്‍ രൂപം നല്‍കി ഇന്ത്യന്‍ ഭരണഘടന ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യയില്‍ ജാതി വ്യവസ്ഥയെ ഇല്ലാതാക്കുന്ന തരത്തില്‍ ഒരു സാമൂഹ്യ വിപ്ലവം ഉണ്ടാകാതിരുന്നത്? അംബേദ്ക്കര്‍ രൂപം നല്‍കിയ ഭരണഘടന നിലനില്‍ക്കുമ്പോഴാണ് ഇന്ത്യയില്‍ അടിയന്തരാവസ്ഥ ഉണ്ടാകുന്നത്. ഇപ്പോഴും ജനാധിപത്യ അവകാശങ്ങള്‍ക്കു മേലുള്ള കൈയേറ്റം ഉണ്ടാകുമ്പോള്‍ ഒരു സംവിധാനമെന്ന നിലയില്‍ ജനാധിപത്യത്തിന്റെ പരിമിതി തന്നെയാണോ ബോധ്യപ്പെടുന്നത്?

ആദ്യമായി ഇന്ത്യയില്‍ ജനാധിപത്യമുണ്ടോ ഉണ്ടായിരുന്നോ എന്ന കാര്യത്തിലാണ് എനിക്ക് സംശയം. ഡോ അംബേദ്ക്കര്‍ രൂപകല്‍പന ചെയ്ത ഭരണഘടന എന്ന രീതിയിലാണ് ഇപ്പോള്‍ അതിന് ഒരു വിശുദ്ധി നല്‍കി പോരുന്നത്. യഥാര്‍ത്ഥത്തില്‍ അംബേദ്ക്കര്‍ തന്നെ ഇതിന്റെ പരിമിതികളെക്കുറിച്ച് ബോധവനായിരുന്നു. ലിബറല്‍ ഡെമോക്രസിയെന്ന് ഒരു വിമോചന പദ്ധതിയക്ക് ഉതകുന്ന ഒന്നല്ലെന്ന ബോധ്യം അംബേദ്ക്കര്‍ക്ക് ഉണ്ടായിരുന്നു.

എന്നാല്‍ അതിന്റെ അന്നത്തെ സാഹചര്യത്തില്‍ അദ്ദേഹത്തിന് അതിന്റെ പിടിയില്‍ നിന്ന് മാറിനില്‍ക്കാന്‍ പറ്റിയിരുന്നില്ലെന്നതും വസ്തുതയാണ്. ഇതുകൊണ്ടാണ് അദ്ദേഹം സാമൂഹ്യ സാമ്പത്തിക സമത്വം നേടാനായില്ലെങ്കില്‍ ജനാധിപത്യം നിലനില്‍ക്കി ല്ലെന്ന് അപ്പോള്‍ തന്നെ പറയുന്നത്. അതുതന്നെയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന് സംഭവിച്ചത്.

ബോധപൂര്‍വമായ പരിപാടികളില്ലാതെ രാഷ്ട്രീയ ജനാധിപത്യം തന്നെ സാമൂഹ്യവിപ്ലവത്തെ ത്വരിതപ്പെടുത്തുമെന്നുള്ള മിഥ്യാധാരണകളൊന്നും അംബേദ്ക്കറിന് ഉണ്ടായിരുന്നില്ല. വിപണി കേന്ദ്രീകൃത വ്യവസ്ഥ സമത്വം നല്‍കില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അന്നത്തെ സാഹചര്യത്തില്‍ ആ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തുവെന്നു മാത്രം.

പിന്നീട് അദ്ദേഹം തന്നെ ഭരണഘടനയുടെ പരിമിതികളെക്കുറിച്ച് തിരിച്ചറിയുന്നുണ്ടെന്നതും പ്രധാനമാണ്. വോട്ടവകാശം ഉറപ്പിച്ചതുകൊണ്ടോ തിരഞ്ഞെടുപ്പ് നടത്തിയതുകൊണ്ടോ മാത്രം പരിഹരിക്കാവുന്നതല്ല, സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. ഇക്കാര്യം ഏറ്റവും സമഗ്രമായി തിരിച്ചറിഞ്ഞത് അംബേദ്ക്കര്‍ തന്നെയായിരുന്നു. അടിയന്തരാവസ്ഥ മാത്രമല്ല, ഇന്ത്യയില്‍ ഫാസിസം നടപ്പിലാക്കുന്നതിനെയും തടയാന്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കാവില്ല.

ഇപ്പോള്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ നടത്തുന്ന ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും തരത്തില്‍ ഭരണഘടനയെ പ്രത്യക്ഷത്തില്‍ അട്ടിമറിച്ചാണോ ചെയ്യുന്നത്. കോടതികളും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും തരത്തില്‍ പിഴവ് കാണുന്നില്ല. അതുകൊണ്ട് തന്നെ ഫാസിസത്തെ നേരിടാന്‍ ഭരണഘടനയുണ്ടാകുമെന്ന് കരുതരുത്. അവര്‍ ഇപ്പോള്‍ അത് ഉപയോഗിച്ചുതന്നെയാണ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്

• പക്ഷെ ഇന്ത്യന്‍ ഭരണഘടനയുടെ വിശുദ്ധിയില്‍ വിശ്വസിക്കുന്നവരാണ് ദളിത് പാര്‍ട്ടികളും മിക്ക ദളിത് പ്രവര്ത്തകരും?

ഇത്തരത്തിലുള്ള വിധേയത്വമുണ്ടാക്കാനായിരുന്നു അംബേദ്ക്കറെ കോണ്‍സ്റ്റിറ്റിയൂവെന്റ് അസംബ്ലിയുടെ ചെയര്‍മാനാക്കിയത്. ഇതില്‍ മഹാത്മഗാന്ധിയുടെകൂടി അതിസാമര്‍ത്ഥ്യം കൂടിയായിരുന്നു. കാരണം അംബേദ്ക്കര്‍ തയ്യറാക്കുന്ന ഭരണഘടനയോട്, അക്കാര്യം കൊണ്ട് തന്നെ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ വിധേയത്വം കാണിച്ചുകൊള്ളുമെന്ന ധാരണയായിരുന്നു അതിന് പിന്നില്‍. അതെത്രമാത്രം ശരിയായിരുന്നുവെന്ന് പിന്നീട് ബോധ്യപ്പെടുന്നുമുണ്ട്.

കടപ്പാട്: മാതൃഭൂമി ആഴ്ചപതിപ്പ്

Advertisement