ന്യൂയോര്‍ക്ക്: ഫുള്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റും ലൈവ് ടി വി റിയാലിറ്റി പരിപാടികളുമെല്ലാം ഭൂമിയില്‍ മാത്രമിരുന്നുമാത്രമേ ആസ്വദിക്കാനാവൂ എന്ന ധാരണ തിരുത്താന്‍ സമയമായി. വിമാനത്തിലിരുന്നും ഇനി ഇവയെല്ലാം നിങ്ങള്‍ക്ക് ആസ്വദിക്കാം, അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

ഹോങ്കോംങ്ങ് എയര്‍ലൈനായ കാതെ പസഫിക് ആണ് ഇത്തരമൊരു ശ്രമവുമായി മുന്നിലുള്ളത്. വിമാനത്തില്‍ ഫുള്‍ ബ്രോഡ്ബാന്‍ഡ് നെറ്റ് കണക്ഷനും ലൈവ് ടി വി പരിപാടികളും യാഥാര്‍ത്ഥ്യമാക്കാനാണ് കാതെ പസഫിക്കിന്റെ തീരുമാനം. ഇതിനുവേണ്ടി പനാസോനിക് ഏവിയോനിക്‌സുമായി ധാരണയുണ്ടാക്കിയതായും വിമാന കമ്പനി പറഞ്ഞു.

50 മെഗാബൈറ്റ്‌സ് വേഗതയുള്ള പുതിയ സംവിധാനത്തിനായുള്ള പരീക്ഷണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പക്ഷേ പുതിയ സംവിധാനങ്ങള്‍ക്കെല്ലാം കനത്ത തുക ഈടാക്കുമെന്നും കമ്പനി ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. 2012 ആകുമ്പോഴേക്കും പുതിയ സംവിധാനം യാഥാര്‍ത്ഥ്യമാവുമെന്നാണ് കാതെ പസഫിക് പ്രതീക്ഷിക്കുന്നത്.