ന്യൂദല്‍ഹി: ഇന്റര്‍നെറ്റ് ഐ.പി വിലാസശേഖരം അവസാനിച്ചുവെന്ന വാര്‍ത്ത ശരിയല്ലെന്ന് സൂചന. വിലാസം അവസാനിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഇന്റര്‍നാഷണല്‍ ടെലിക്കമ്മ്യൂണിക്കേഷന്‍ യൂണിയന്‍ (ഐ.ടി.യു) ഉദ്യോഗസഥര്‍ വ്യക്തമാക്കി.

നിലവിലെ ഇന്റര്‍നെറ്റ് സംവിധാനമനുസരിച്ച് 4294967296 ഐ.പി അഡ്രസുകള്‍ ലഭ്യമായിരുന്നു. ഇത് ഫെബ്രുവരിയോടെ അവസാനിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഉപയോക്താക്കളുടെ എണ്ണം എത്രകണ്ട് വര്‍ധിച്ചാലും ഐ.പി അഡ്രസുകളുടെ എണ്ണത്തില്‍ കുറവൊന്നും ഉണ്ടാകില്ലെന്ന് ഐ.ടി.യു ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഹൗളിന്‍ വ്യക്തമാക്കി.

ഓരോ ഭൂഖണ്ഡങ്ങള്‍ക്കും അനുവദിച്ച വിഭവങ്ങളില്‍ കുറവുണ്ടായേക്കാമെങ്കിലും ഐ.പി അഡ്രസുകള്‍ തീര്‍ന്നുപോകാന്‍ സാധ്യതയില്ലെന്ന് ഹൗളിന്‍ പറഞ്ഞു.

ഇന്റര്‍നെറ്റ് അസൈന്‍ഡ് നമ്പേര്‍സ് അതോറിറ്റിക്കാണ് ഐ.പി അഡ്രസുകളുടേയും ഡൊമൈന്‍ വിലാസങ്ങളുടേയും മേല്‍നോട്ടച്ചുമതല. നിലവിലെ അഡ്രസുകളുടെ എണ്ണം കഴിയുമ്പോഴേക്കും 340 ലക്ഷം കോടി പുതിയ ഐ.പി അഡ്രസുകള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.