തൃശൂര്‍: രാജ്യാന്തര നാടകോത്സവത്തിന് ഇന്ന് തൃശൂരില്‍ തിരിതെളിയും. ഇന്ന് വൈകിട്ട് 6 മണിക്ക് ഭരത് മുരളി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി കെ.സി ജോസഫ് മേള ഉദ്ഘാടനം ചെയ്യും.

പോളണ്ടില്‍നിന്നുള്ള ലാമോര്‍ട്ട് തിയറ്റര്‍ അവതരിപ്പിക്കുന്ന ഹാംലെറ്റ് മെഷീനാണ് ഉദ്ഘാടന നാടകം. പ്രാദേശിക വിഭാഗത്തില്‍ മലയാളത്തില്‍ നിന്നുള്ള ഉതുപ്പാന്റെ കിണറും അരങ്ങേറുന്നുണ്ട്.

Ads By Google

അഞ്ച് വേദികളിലായി 40 നാടകങ്ങളാണ് അരങ്ങേറുക. ഏകാംഗം, പരമ്പരാഗതം, ദേശീയം, പ്രാദേശികം എന്നീ വിഭാഗങ്ങളിലായാണ് നാടകങ്ങള്‍ അവതരിപ്പിക്കുന്നത്. റൊമാനിയ, ജോര്‍ജിയ, ഉസ്ബക്കിസ്ഥാന്‍, പോളണ്ട്, നോര്‍വേ, ഇറ്റലി, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ബ്രിട്ടണ്‍, കാറ്റലോണിയ, സ്‌പെയിന്‍, അമേരിക്ക എന്നിവിടങ്ങളില്‍നിന്നുള്ള നാടകങ്ങള്‍ മേളയില്‍ അരങ്ങേറും.

മേളയില്‍ ആദ്യമായി സംഗീത നാടക അക്കാദമിയുടെ അമച്വര്‍, പ്രഫഷനല്‍, ലഘു നാടക മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ നാടകങ്ങളുടെ അവതരണമുണ്ടായിരിക്കുന്നതാണ്. മേളയില്‍ തിരഞ്ഞെടുത്ത 25 കലാകാരന്മാര്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകിട്ട് 9 വരെ ശില്‍പശാലയുമുണ്ടാകും.  22ന് മേള സമാപിക്കും.