കൊച്ചി: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ വന്‍തോതില്‍ വിദേശകപ്പലുകള്‍ അനധികൃതമായി മത്സ്യബന്ധനം നടത്തുന്നതായി റിപ്പോര്‍ട്ട്. വ്യാജരജിസ്‌ട്രേഷന്‍ സ്വന്തമാക്കിയാണ് മത്സ്യബന്ധനം നടത്തുന്നത്. ഗ്രീന്‍പീസ് എന്ന ഇന്ത്യന്‍ സംഘടന നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

തായ് വാനില്‍ നിന്നുള്ള കപ്പല്‍ മറ്റു ചെറുരാജ്യങ്ങളില്‍ പോയി രജിസ്‌ട്രേഷന്‍ നടത്തും. പിന്നീട് ഈ കപ്പല്‍ ഇന്ത്യന്‍ മത്സ്യബന്ധന കമ്പനിക്ക് കൈമാറിയെന്ന രേഖയുണ്ടാക്കി താത്ക്കാലിക രജിസ്‌ട്രേഷന്‍ ഇന്ത്യന്‍ മര്‍ച്ചന്റൈന്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ കാണിക്കും. ഇങ്ങനെയാണ് തട്ടിപ്പ് നടക്കുന്നത്. തായ് വാനില്‍ നിന്നും രജിസ്‌ട്രേഷന്‍ ചെയ്ത കമ്പനികളാണ് ഇന്ത്യന്‍ രജിസ്‌ട്രേഷന്‍ സ്വന്തമാക്കി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നത്.

ഇരട്ട രജിസ്‌ട്രേഷന്‍ എന്ന രീതി ഇന്ത്യയില്‍ അനുവദിക്കുന്നില്ല. ഇത് നിയമലംഘനം ആയിരിക്കേയാണ് വിദേശകപ്പല്‍ കമ്പനികള്‍ ഇത്തരത്തില്‍ വെട്ടിപ്പ് നടത്തുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കേരള മത്സ്യ ഐക്യവേദി അറിയിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ വന്‍വില ലഭിക്കുന്ന ഇന്ത്യന്‍ മത്സ്യങ്ങളെ ലക്ഷ്യമാക്കിയാണ് ഈ തട്ടിപ്പ്. വര്‍ഷത്തില്‍ ഒരു കപ്പല്‍ 630 ടണ്‍ മത്സ്യം ഇന്ത്യയില്‍ നിന്നും പിടിക്കുന്നതായാണ് കണക്ക്. ഇതുവഴി കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യമാണ് ഇന്ത്യയ്ക്ക് നഷ്ടമാകുന്നത്.