തിരുവനന്തപുരം: അന്താരാഷ്ട്ര മാര്‍ഷ്യല്‍ ആര്‍ട്‌സ് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ചെയ്തു. ഡിസംബര്‍ ആറ് മുതല്‍ ഒന്‍പതുവരെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഫെസ്റ്റിവല്‍ നടക്കുക.

ഫെസ്റ്റിവലിന്റെ ലോഗോ പി.ആര്‍ ചേംബറില്‍ നടന്ന പരിപാഠിയില്‍ ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ സംഘാടകസമിതി ചെയര്‍മാന്‍ കൂടിയായ കെ.മുരളീധരന്‍ എം.എല്‍.എയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ഫെസ്റ്റിവലില്‍ ഇരുപതോളം വിദേശരാജ്യങ്ങളില്‍ നിന്നും, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മുന്നൂറോളം ആയോധനകലാ വിദഗ്ദ്ധര്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

Ads By Google

ഇന്റര്‍നാഷണല്‍ കരാട്ടെ ഓര്‍ഗനൈസേഷന്‍, ജപ്പാന്റെ ആഭിമുഖ്യത്തില്‍ രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ സംഘടിപ്പിക്കുന്ന 13-ാമത് ഏഷ്യന്‍ കരാട്ടെ ടൂര്‍ണമെന്റിനോടൊപ്പം, വിമന്‍സ് ഇന്റര്‍നാഷണല്‍ കരാട്ടേ ടൂര്‍ണമെന്റ് ആള്‍ ഇന്ത്യാ വെയ്റ്റ് കാറ്റഗറി കരാട്ടേ ടൂര്‍ണമെന്റ് എന്നിവ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്നുണ്ട്.

എല്ലാ ദിവസവും ആയോധനകലയുടെ പ്രദര്‍ശനവും കളരിപ്പയറ്റും കേരളത്തിന്റെ തനത് കലകളും അരങ്ങേറും. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ഡോ.എം.ആര്‍.തമ്പാന്‍, ഐ.പി.ആര്‍.ഡി. ഡയറക്ടര്‍ എ.ഫിറോസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.