ഈ വാദങ്ങളെല്ലാം മാതൃഭാഷയ്ക്കുവേണ്ടിയാണ്. ഇതിനര്‍ത്ഥം മറ്റുഭാഷകള്‍ പഠിക്കേണ്ടതില്ല എന്നല്ല. എത്രയധികം ഭാഷകള്‍ നന്നായി പഠിക്കുന്നുവോ അത്രയും നല്ലത്, അവയില്‍ അനായാസം വിനിമയം നടത്താന്‍ കഴിയുന്നത് അതിലേറെ നല്ലത്. പക്ഷേ ഒരു കുഞ്ഞിന്റെ നൈസര്‍ഗ്ഗികമായ ഭാഷാ വളര്‍ച്ചയില്‍ മാതൃഭാഷയ്ക്കുള്ള സ്ഥാനം അംഗീകരിച്ചു കൊടുക്കണം.


എസ്സേയിസ് / ഇ.ദിനേശന്‍

‘ലോകമാതൃഭാഷാ ദിന’മാണ് ഫെബ്രുവരി 21. ലോകമാതൃഭാഷ എന്ന പ്രയോഗം സാധുവാണോ എന്ന് പലരും സംശയം പ്രകടിപ്പിച്ചു കണ്ടു. കാരണം ലോകമാതൃഭാഷ എന്നൊന്നുണ്ടോ? ഇല്ല. ലോകത്തിനാകെ ഒരു മാതൃഭാഷയില്ല. അപ്പോള്‍ എന്താണ് ലോകമാതൃഭാഷാ ദിനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ലോകത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളും അവരുടെ മാതൃഭാഷയെക്കുറിച്ചു ചിന്തിക്കുന്ന, ഇതര ഭാഷകളെ സ്‌നേഹത്തിലും ബഹുമാനത്തിലും കാണുന്ന, ഒരര്‍ത്ഥത്തില്‍ ഭാഷകളുടെ സമത്വത്തെ, സാഹോദര്യത്തെ പ്രഖ്യാപിക്കുന്ന ദിനമാണത്.

Ads By Google

അങ്ങനെ നോക്കുമ്പോള്‍ ലോകമാതൃഭാഷ എന്നത് ലോകത്തിലെ മാതൃഭാഷകളെയെല്ലാം ചേര്‍ത്ത് പറയുന്ന ഏകവചനമാണെന്നു വരുന്നു. രണ്ടായിരമാണ്ടിലാണ് ഐക്യരാഷ്ട്രസഭ ഇങ്ങനെയൊരു ദിനം പ്രഖ്യാപിക്കുകയും അംഗീകരിക്കുകയും ചെയ്തത്.

എന്താണ് ഫെബ്രുവരി-21 ന്റെ പ്രത്യേകത? 1952-ല്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ ഉര്‍ദു ഭരണഭാഷയായി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നടന്ന കലാപത്തില്‍ ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ രക്തസാക്ഷിത്വം വരിച്ച ദിനമാണ് ഫെബ്രുവരി 21.

പാക്കിസ്ഥാന്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ത്തന്നെ ഉര്‍ദു ഏക ഔദ്യോഗികഭാഷയായി പ്രഖ്യാപിക്കപ്പെട്ടു. അപ്പോള്‍ത്തന്നെ  എതിര്‍പ്പുകളും അവിടെ ഉയര്‍ന്നുവന്നിരുന്നു. ബംഗാളി സംസാരിക്കുന്ന, ബംഗാളി മാതൃഭാഷയായ ജനതയാണ് കിഴക്കന്‍ പാക്കിസ്ഥാനില്‍-ഇന്നത്തെ ബംഗ്ലാദേശ്- അവരുടെ ഭാഷയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തിയത്.

മാതൃഭാഷയായ ബംഗാളിക്കുവേണ്ടി അവര്‍ ആവശ്യമുന്നയിച്ചു. മറുപടി പോലീസിന്റെ വെടിയുണ്ടകളായിരുന്നു. 1952 ഫെബ്രുവരി 21-നും പിറ്റേന്നുമായി പലവട്ടം വെടിവെപ്പു നടന്നു. നിരവധിപേര്‍ മരിച്ചു വീണു.

മറ്റൊരു ഭാഷയ്‌ക്കെതിരായ സമരമായിരുന്നില്ല ഇത്. തങ്ങളുടെ മാതൃഭാഷ ഔദ്യോഗികഭാഷയായി അംഗീകരിച്ചു കിട്ടാനുള്ള സമരമായിരുന്നു. ഇവിടെ ഭാഷ ഒരു പൗരാവകാശ പ്രശ്‌നമായി മാറുന്നു എന്നു കാണാം.

1952-ല്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ ഉര്‍ദു ഭരണഭാഷയായി അടിച്ചേല്‍പ്പി ക്കുന്നതിനെതിരെ നടന്ന കലാപത്തില്‍ ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ രക്തസാക്ഷിത്വം വരിച്ച ദിനമാണ് ഫെബ്രുവരി 21.

ഒരു പ്രദേശത്തെ, രാജ്യത്തെ ജനതയ്ക്ക് അവരുടെ ഭാഷയില്‍ വിനിമയങ്ങള്‍ നടത്താന്‍ കഴിയാത്ത സ്ഥിതി മൗലികാവകാശത്തിന്റെ ലംഘനമാണെന്ന തിരിച്ചറിവ് നമുക്കിപ്പോഴും കൈവന്നിട്ടില്ല.

സാമ്പത്തികമായി, ഭൂപരവുമായി ഒരു പ്രദേശത്തെ കീഴടക്കി ഭരിക്കുന്നതുപോലെയോ അതിലേറെയോ ആണ് സാംസ്‌കാരികമായി കീഴടക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍. ഈയിടെ ചില ഇംഗ്ലീഷ് മാധ്യമ വിദ്യാലയങ്ങളില്‍ മലയാളം സംസാരിച്ചതിന് വിദ്യാര്‍ത്ഥികളെ പിഴയടപ്പിച്ച സംഭവം നാം കേള്‍ക്കുകയുണ്ടായി.

ചിലയിടങ്ങളില്‍ കുട്ടികളുടെ കഴുത്തില്‍ ‘മലയാളം പണ്ഡിറ്റ്’ എന്ന ഒരു ബോര്‍ഡ് എഴുതി തൂക്കി എന്നും അറിയാന്‍ കഴിഞ്ഞു. മാളയിലും തിരുവനന്തപുരത്തും ഒക്കെ നടന്ന സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍, മനസ്സില്‍ വരുന്നത് ആഫ്രിക്കയില്‍ വെള്ളക്കാര്‍ നടത്തിയ വിദ്യാലയങ്ങളില്‍ കറുത്തവരും അവരുടെ ഭാഷകളും അവഹേളിക്കപ്പെട്ടതിനെക്കുറിച്ച എന്‍ഗൂഗി എഴുതിയ കാര്യങ്ങളാണ്.

മാളയിലെയും തിരുവനന്തപുരത്തെയും മറ്റും സംഭവം ഒരു സൂചനയാണ്. ഒരുപാടു സൂചനകള്‍ ഈ തരത്തില്‍ കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് മലയാളത്തിനുവേണ്ടി ശബ്ദിക്കുന്നവര്‍ ശ്രദ്ധിക്കുന്നുണ്ട്.

പലരും പറയുന്നത് മലയാളം കൊണ്ട് ഒന്നിനും കഴിയില്ല എന്നാണ്. ഇത് ഒരുഅന്ധവിശ്വാസം പോലെ പ്രചരിപ്പിക്കപ്പെടുകയാണ്. യഥാര്‍ത്ഥത്തില്‍ കേരളത്തിനകത്തെ എല്ലാ വിനിമയങ്ങളും നടക്കേണ്ടത് മലയാളത്തിലാണ്.

1957-ല്‍ ആദ്യത്തെ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍, സെക്രട്ടറിയേറ്റുവരെയുള്ള ഭരണ നടപടികളും സര്‍വകലാശാലാതലം വരെ വിദ്യാഭ്യാസവും മലയാളത്തിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഭരണം മലയാളത്തിലാക്കുന്നതിനെക്കുറിച്ചാലോചിക്കാന്‍ ആ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചു. കോമാട്ടില്‍ അച്യുതമേനോനായിരുന്നു സമിതിയുടെ അദ്ധ്യക്ഷന്‍. കെ.ദാമോദരന്‍, പി.ടി.ഭാസ്‌ക്കരപണിക്കര്‍ തുടങ്ങിയ പ്രഗത്ഭരൊക്കെ അംഗങ്ങളായ ആ സമിതി പറഞ്ഞത് ‘ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ നടത്തുന്ന ജനങ്ങളുടെ ഭരണം ഏതു വിഷയം അധികരിച്ചുള്ളതായാലും ജനങ്ങളുടെ ഭാഷയില്‍ത്തന്നെ വേണം’ എന്നാണ്.

അരനൂറ്റാണ്ടു കഴിഞ്ഞു. ജനങ്ങളുടെ ഭാഷയില്‍ ഭരണം വന്നില്ല എന്നു നമുക്കറിയാം. ഏറ്റവും സാധാരണ മനുഷ്യര്‍ ആശ്രയിക്കുന്ന മാവേലിസ്‌റ്റോറിലെ ബില്ലുകള്‍ നല്‍കുന്നത് ഇംഗ്ലീഷിലാണ്. കടുകിന്റെയും ഉലുവയുടെയും പരിപ്പിന്റെയുമൊക്കെ ഇംഗ്ലീഷ് പേരുകള്‍ അച്ചടിച്ച ബില്ലാണ് നല്‍കുന്നത്. അത് മലയാളത്തില്‍ നല്‍കുന്നതിന് യാതൊരു ബുദ്ധിമുട്ടും ഇല്ല. കമ്പ്യൂട്ടറില്‍ ചെറിയ ഒരു സോഫ്റ്റ്‌വെയര്‍ വെച്ചാല്‍ മതി.
അടുത്ത പേജില്‍ തുടരുന്നു