ന്യൂദല്‍ഹി : ശത്രുവിന്റെ ബാലിസ്റ്റിക് മിസൈലുകളെ ഏറ്റവും കുറഞ്ഞ ഉയരത്തില്‍ വച്ചുതന്നെ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈല്‍ വേധ മിസൈല്‍ ( അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‍സ് മിസൈല്‍) ഇന്ന് ഇന്ത്യ പരീക്ഷിക്കും. ഇന്ത്യ സ്വന്തമായാണ് ഈ അത്യാധുനിക മിസൈല്‍ വേധ മിസൈലിന്റെ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഒറീസ തീരത്തെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലാണ് പരീക്ഷണം നടക്കുന്നത്.

ഇന്ത്യയുടെ പൃഥ്വി മിസൈലാണ് ‘ശത്രു മിസൈലായി അഭിനയിക്കുക. ചന്ദിപ്പൂരില്‍ മൊബൈല്‍ ലോഞ്ചറില്‍ നിന്നാണ് ‘ശത്രു മിസൈല്‍’ വിക്ഷേപിക്കുക. തുടര്‍ന്ന് ശത്രു മിസൈലിനെ റേഡിയോ തരംഗങ്ങളുപയോഗിച്ച് തിരിച്ചറിയുന്ന മിസൈല്‍ വേധ മിസൈല്‍ 70 കിലോമീറ്റര്‍ അകലെ നിന്ന് സ്വയം കുതിച്ചുയര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ വച്ച് ശത്രുമിസൈലിനെ തകര്‍ക്കും.പരീക്ഷണത്തിനു മുന്നോടിയായി, ചാന്ദിപുര്‍ തീരത്തെ ലോഞ്ച് പാഡ്മൂന്നിന്റെ രണ്ടു കി മീ ചുറ്റളവിലുള്ള അഞ്ചു ഗ്രാമങ്ങളിലെ അറുനൂറോളം കുടുംബങ്ങളെ ബാലസോര്‍ ജില്ലാഭരണകൂടം താല്‍ക്കാലികമായി സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റി.