കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പിജി സീറ്റുകളില്‍ സര്‍ക്കാരിന് പ്രവേശനം നടത്താമെന്ന് ഹൈക്കോടതി. അമ്പത് ശതമാനം സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവ് ശരിവച്ചുകൊണ്ടാണ് കോടതിയുടെ വിധി.  സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

സീറ്റ് ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലും, പരിയാരം ഭരണസമിതിയും നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.

സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ നടപടി കഴിഞ്ഞദിവസം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. എന്നാല്‍ സ്വാശ്രയപിജി പ്രവേശനത്തിനുള്ള അവസാന തീയ്യതി വെള്ളിയാഴ്ച വരെ നീട്ടിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് ഇന്ന് പുറത്തുവന്നിരുന്നു. 50% സീറ്റ് സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ അലോട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു.