മേക്കപ്പിനും ഫാഷനും മാത്രമായി ആദ്യമായി കേരളത്തില്‍ ഒരു ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങുന്നു. മലയാള സിനിമയിലെ പ്രമുഖ മേക്കപ്പ്മാനായ പട്ടണം റഷീദിന്റെയും എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജോണ്‍ പോളിന്റെയും നേതൃത്വത്തിലാണ് ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുന്നത്.

മേക്കപ്പിന്റെയും ഫാഷന്റെയും രംഗത്ത് ഉണ്ടാകുന്ന കണ്ടുപിടിത്തങ്ങളും പുരോഗതികളും യഥാസമയത്ത് നമ്മുടെ മേഖലയില്‍ എത്താറില്ല. ഇതിന് ഒരു പരിഹാരമെന്ന നിലയില്‍ ഭാവി തലമുറയ്ക്കായി മേക്കപ്പിലും മറ്റ് അനുബന്ധ കലകളിലും ലോകോത്തര നിലവാരത്തിലുള്ള പരിശീലനം നല്‍കുക എന്നതാണ് പട്ടണം ഡിസൈനറിയുടെ ഉദേശ്യ ലക്ഷ്യം. വിദേശ സ്വദേശ സിനിമകളിലേയും സമാന കലാരൂപങ്ങളായ തിയറ്റര്‍ പാരമ്പര്യ കലകള്‍, ഫാഷന്‍ തുടങ്ങിയ രംഗങ്ങളിലേയും വിദഗ്ധരുടെ നേതൃത്വത്തിലുള്ള പരിശീലനം, അത്യാധുനിക പഠനസൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികള്‍, വിഷയാധിഷ്ഠിത ഹൈടെക് ലാബുകള്‍, സ്റ്റുഡിയോകള്‍ എന്നിവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്.

ഒക്‌ടോബര്‍ രണ്ടിനാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ആദ്യ ബാച്ചുകള്‍ ഒക്‌ടോബര്‍ 15ന് ആരംഭിക്കും. ഷാനവാസ് പട്ടണം, ജയന്‍ ചെമ്പഴന്തി, സണ്ണി ജോര്‍ജ് എന്നിവര്‍ മുഖ്യ രക്ഷാധികാരികള്‍ ആയിരിക്കും.