കോതമംഗലം: മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകള്‍ വിചാരിച്ചാല്‍ ഇവിടെ ഒരു തേങ്ങയും നടക്കില്ലായെന്ന് താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്. യുവതാരങ്ങള്‍ കഴിവ് തെളിയിച്ചാല്‍ താരരാജാക്കന്‍മാര്‍ പുറത്താകുമെന്നും ഇന്നസെന്റ് പറഞ്ഞു.

പുതുമുഖങ്ങള്‍ കഴിവ് തെളിയിച്ച് മുന്നോട്ട് വരികയാണ് വേണ്ടത്. പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് ആവശ്യമാണ്. കോതമംഗലം ചലച്ചിത്രമേളയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു ഇന്നസെന്റിന്റെ ഈ പരാമര്‍ശം.

Subscribe Us:

‘ഞാനും ഒരു താര രാജാവാണ്. പുതിയ കുട്ടികള്‍ വന്ന് കഴിവ് കാട്ടിയാല്‍ ഞാനും നാളെ പുറത്താകും. എന്നും ഒരേപോലെ ഇരിക്കാനാകില്ല’ – ഇന്നസെന്റ് പറഞ്ഞു.

മലയാളസിനിമയിലെ സൂപ്പര്‍താരങ്ങള്‍ പുതുമുഖങ്ങള്‍ക്കെതിരെ കളിക്കുന്നുവെന്ന ആരോപണം പലയിടങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്നസെന്റ് ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ആസ്വാദകര്‍ക്ക് ബുദ്ധിമുണ്ടാവാത്ത തരത്തില്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തിയ്യേറ്ററുകളില്‍ പെരുമാറണം. ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്ന നല്ല സിനിമകള്‍ കാണുവാന്‍ താരസംഘടനയിലെ അംഗങ്ങളോട് പറഞ്ഞിട്ടുണ്ട്. നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തും. ചലച്ചിത്രമേളകള്‍ പുതിയൊരു സിനിമാ സംസ്‌കാരത്തിന് തുടക്കം കുറിക്കുകയാണെന്നും ഇന്നസെന്റ് പറഞ്ഞു.

മാര്‍ച്ച് പത്ത് മുതല്‍ പതിനഞ്ച് വരെയാണ് ചലച്ചിത്രമേള. ഹിന്ദി, തമിഴ്, മറാട്ടി, മലയാളം ഭാഷകളിലുള്ള ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. മാര്‍ച്ച് പത്തിന് വൈകുന്നേരം അഞ്ചുമണിക്ക് ആന്‍ തിയ്യേറ്ററില്‍ സാസ്‌കാരികമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ബോളിവുഡ് താരം അതുല്‍ കുര്‍ക്കര്‍ണി മുഖ്യാതിഥിയാവും.

Malayalam News

Kerala News In English