എഡിറ്റര്‍
എഡിറ്റര്‍
തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സിനിമയിലേക്കില്ല: പ്രചാരണത്തിന് സിനിമ താരങ്ങളെ ഇറക്കില്ലെന്നും ഇന്നസെന്റ്
എഡിറ്റര്‍
Sunday 9th March 2014 5:03pm

innocent

തൃശൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സിനിമയില്‍ അഭിനയിക്കില്ലെന്ന് ചാലക്കുടിയില്‍ സി.പി.ഐ.എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടന്‍ ഇന്നസെന്റ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സിനിമ താരങ്ങളെ ഇറക്കില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സിനിമാക്കാരെ ഇറക്കില്ല.കാരണം ജനങ്ങള്‍ക്ക് രാഷ്ട്രീയബോധമുണ്ട്. താന്‍ സ്ഥാനാര്‍ത്ഥിയായതിനെ വിമര്‍ശിച്ച സംവിധായകന്‍ വിനയനടക്കമുള്ളവര്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ല- ഇന്നസെന്റ് പറഞ്ഞു.

അതേ സമയം ചാലക്കുടിയില്‍ തനിക്കെതിരെ മത്സരിക്കുമെന്ന് പറഞ്ഞത് തമാശയ്ക്കാണെന്നാണ് ജഗദീഷ് തന്നോട് പറഞ്ഞതെന്നും ഇന്നസെന്റ് അറിയിച്ചു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യത ജഗദീഷിനുണ്ട്. തന്നെക്കാള്‍ വിദ്യാഭ്യാസവും പ്രസംഗിക്കാനുള്ള ശേഷിയും മിടുക്കും ജഗദീഷിനുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.

ടി.പി. കേസില്‍ വി.എസിന്റെ നിലപാടിനെയാണോ പിണറായിയുടെ നിലപാടിനെയാണോ പിന്തുണക്കുന്നതെന്ന ചോദ്യത്തിന്  തന്നെ കൊണ്ട് അബന്ധം പറയിച്ച് കുഴിയില്‍ ചാടിക്കാന്‍ നോക്കരുതേ എന്നായിരുന്നു ഇന്നസെന്റിന്റെ രാഷ്ട്രീയ ശൈലിയിലുള്ള മറുപടി.

പാര്‍ട്ടിയ്ക്ക് പൂര്‍ണ്ണവിശ്വാസമുള്ളത് കൊണ്ടാണ് തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും ജയിക്കുമെന്ന് ഉറപ്പുണ്ടെന്നും ഇന്നസെന്റ് തൃശൂര്‍ പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖത്തില്‍ പറഞ്ഞു.

ചാലക്കുടിയില്‍ സി.പി.ഐ.എം. സ്ഥാനാര്‍ത്ഥിയായി ഇന്നസെന്റിനെ മത്സരിപ്പിക്കുന്നതിലൂടെ സാധാരണ ജനങ്ങളെ പാര്‍ലമെന്റിലെ കോമഡി പറഞ്ഞ് രസിപ്പിക്കുമെന്നാണൊ പാര്‍ട്ടി കരുതുന്നതെന്ന് സംവിധായകന്‍ വിനയന്‍ വിമര്‍ശിച്ചിരുന്നു.

ജനം കൈവിട്ട പാര്‍ട്ടിയെ അവരിലേക്ക് അടുപ്പിക്കാനുള്ള പരീക്ഷണ ഉപകരണം മാത്രമാണ് ഇന്നസെന്റെന്ന് മന്ത്രി മഞ്ഞളാംകുഴി അലിയും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചിരുന്നു.

Advertisement