Categories

‘നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിട്ടെന്ന് വരും’ അവസരങ്ങള്‍ക്കുവേണ്ടി കിടക്കപങ്കിടാന്‍ ആവശ്യപ്പെടാറുണ്ടെന്ന ആരോപണത്തോട് ഇന്നസെന്റ്


സിനിമയില്‍ അവസരങ്ങള്‍ക്കുവേണ്ടി കിടക്കപങ്കിടാന്‍ ആവശ്യപ്പെടാറുണ്ടെന്ന ചില നടിമാരുടെ ആരോപണങ്ങള്‍ക്കെതിരെ ഇന്നസെന്റ്. തന്നോട് ആരും ഇതുസംബന്ധിച്ച് പരാതി പറഞ്ഞിട്ടില്ലെന്നു പറഞ്ഞ ഇന്നസെന്റ് നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിടേണ്ടിവരുമെന്നും പറഞ്ഞു. താരസംഘടനയായ അമ്മയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ തൃശൂരിലെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇന്നസെന്റിന്റെ പരാമര്‍ശം.

സിനിമാ മേഖലയില്‍ ചിലരുടെ ഭാഗത്തുനിന്നും മോശമായ പെരുമാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളതായി യോഗങ്ങളില്‍ പരാതിപ്പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അങ്ങനെയുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ല എന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി.

തുടര്‍ന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി പാര്‍വ്വതി ഉന്നയിച്ച ആരോപണം മാധ്യമപ്രവര്‍ത്തക ഇന്നസെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. സിനിമയില്‍ അവസരങ്ങള്‍ക്കുവേണ്ടി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടെന്ന് പാര്‍വ്വതി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനോടു പ്രതികരിച്ചായിരുന്നു ഇന്നസെന്റ് നടിമാരെ അധിക്ഷേപിച്ചു സംസാരിച്ചത്.

സംഭാഷണം ഇങ്ങനെ:

ചോദ്യം: സ്ത്രീകളോട് വളരെ മോശമായിട്ടാണ് ചലച്ചിത്ര മേഖല പെരുമാറുന്നതെന്ന ആരോപണം പലപ്പോഴായിട്ട് മാധ്യമങ്ങളിലൂടെ നടിമാര്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെയവര്‍ യോഗത്തില്‍ പറയാറുണ്ടോ?

ഇന്നസെന്റ്: യോഗത്തില്‍ പറയാര്‍ എന്നല്ല അവരോടങ്ങനെ മോശമായിട്ടാണ് പെരുമാറുന്നതെന്ന് നടിമാര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടില്ല.

ചോദ്യം: പാര്‍വ്വതി ഇപ്പോഴൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു അവസരത്തിനുവേണ്ടി ചിലയാളുകളുടെ കിടക്കപങ്കിടണമെന്ന് ദുരുദ്ദേശമായിട്ട് തോന്നിയിട്ടുണ്ടോ

ഇന്നസെന്റ്: അവര് എനിക്കറിയില്ല.

ചോദ്യം: ഇത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ

ഇന്നസെന്റ്: ‘ ആ കാലമൊക്കെ പോയില്ലേ എന്റെ പൊന്നുപെങ്ങളേ. മനസിലായിട്ടുണ്ടോ? ഒരു സ്ത്രീയോട് വളരെ മോശമായിട്ട് ഒരു കാര്യം ചോദിച്ചാല്‍ ആ നിമിഷം തന്നെ ദാ ഈ ഇരിക്കുന്നതുപോലുള്ള പത്രക്കാരോടും ആള്‍ക്കാരോടും ആളുകള്‍ പറയും, ആ സ്ത്രീ പറയും. അതൊക്കെ… അങ്ങനെയൊരു സംഭവമേയില്ല. പിന്നെ, അവര് മോശമാണെങ്കില്‍ അവര് ചിലപ്പോള്‍ കിടക്ക പങ്കിട്ടെന്ന് വരും. അതല്ലാതെ ഒരാളും ഇല്ല കെട്ടോ. വളരെ ക്ലീന്‍ ക്ലീന്‍ ലൈനിലാണ് ആ വക കാര്യങ്ങള്‍ പോണത്’ എന്നാണ് ഇന്നസെന്റ് മറുപടി നല്‍കിയത്.


Also Read: ‘ഞാന്‍ മുസ്‌ലീമാണ്, അതുകൊണ്ട് കൊല്ലപ്പെടുമെന്ന ഭയമാണ്’ ബുര്‍ഖ ധരിച്ച് യാത്രചെയ്തതിന് പിടിയിലായ എഞ്ചിനിയര്‍ പറയുന്നു


ടോക് ടൈം വിത്ത് മാത്തുക്കുട്ടി എന്ന പരിപാടിക്കിടെയാണ് പാര്‍വ്വതി സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് പറഞ്ഞത്.

‘മലയാള സിനിമയില്‍ ‘കാസ്റ്റിങ്ങ് കൗച്ച്’ ഉണ്ട്. വളരെ മുതിര്‍ന്ന ആളുകളില്‍ നിന്നാണ് ഈ അനുഭവം ഉണ്ടായിട്ടുള്ളത്.അതില്‍ നടനെന്നോ സംവിധായകനെന്നോ വ്യത്യാസമില്ല. ഒരു കടമ പോലെയാണ് ചോദിക്കുന്നത്. ഞങ്ങളാണ് നിനക്ക് ബ്രേക്ക് തന്നത് എന്ന് പറഞ്ഞുകൊണ്ട്. എല്ലാവരും ഒരു പോലെയാണ്. അങ്ങനെ പറഞ്ഞിട്ടുള്ളവരോടൊപ്പം ജോലി ചെയ്തില്ല. അതുകൊണ്ടായിരിക്കാം കുറച്ചു കാലം സിനിമകള്‍ വരാതിരുന്നത്. ജീവിത ഉപദേശം പോലെ ‘മോളെ ഇതൊക്കെ ചെയ്യേണ്ടിവരും. അത് അങ്ങനെയാണ്’ എന്നൊക്കെ പറഞ്ഞ് ചിലര്‍ വരും. അങ്ങനെയാണെങ്കില്‍ എനിക്കത് വേണ്ട എന്ന് ഞാന്‍ പറഞ്ഞു.’ എന്നായിരുന്നു പാര്‍വ്വതി പറഞ്ഞത്.

(വീഡിയോയില്‍ 15ാം മിനിറ്റു 18ാം മിനിറ്റുവരെയുള്ള ഭാഗം)

Tagged with: