കൊച്ചി: താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പു നടന്നിട്ടുണ്ടെങ്കില്‍ കാശും പിഴയും അടയ്ക്കുമെന്ന് ഇന്നസെന്റ് എം.പി. അങ്കമാലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് ഇന്നു നടന്ന സംഭവമല്ല. കോടതിയില്‍ ഇതുസംബന്ധിച്ച് കേസു നടക്കുകയാണ്. ഒരു സംഭവം കിട്ടിയപ്പോള്‍ അമ്മയെ ക്രൂശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘എല്ലാവരും ഇല്ല. ഒന്നുരണ്ടുപേര്‍ മാത്രമാണ് ക്രൂശിക്കുന്നത്. അത് ആരൊക്കെയാണെന്ന് നിങ്ങള്‍ക്ക് അറിയാം.’ ഇന്നസെന്റ് പറഞ്ഞു.


Must Read: മൊബൈലില്‍ അശ്ലീല ക്ലിപ്പുകള്‍ പാടില്ല; ചരടും ഏലസ്സും പറ്റില്ല: സൗദിയില്‍ പോകുന്ന ഇന്ത്യക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ഇവയാണ്


താരനിശകളുടെ മറവില്‍ അമ്മ വന്‍തോതില്‍ നികുതി വെട്ടിപ്പു നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. താരനിശകള്‍ക്കു കിട്ടുന്ന പ്രതിഫലം ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ വകമാറ്റി നികുതി വെട്ടിച്ചുവെന്നായിരുന്നു കണ്ടെത്തല്‍.

ആദായ നികുതി വകുപ്പിന്റെ നടപടിയ്‌ക്കെതിരെ അപ്പീല്‍ അതോറിറ്റിയെ സമീപിക്കുകയും റിക്കവറി അടക്കമുള്ള നടപടികള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല സ്‌റ്റേയും അമ്മ വാങ്ങിയിരുന്നു.

ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു ഇന്നസെന്റ്.