എഡിറ്റര്‍
എഡിറ്റര്‍
റെയില്‍വേ വികസനത്തില്‍ അവഗണന; ഇന്നസെന്റ് എം.പി സത്യാഗ്രഹ സമരത്തിലേക്ക്
എഡിറ്റര്‍
Wednesday 3rd May 2017 8:09pm

 

തൃശ്ശൂര്‍: ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ റെയില്‍വേ വികസന പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ഇന്നസെന്റ് എം.പി സത്യാഗ്രഹ സമരത്തിനൊരുങ്ങുന്നു. മെയ് 13ന് രാവിലെ 9മണി മുതല്‍ ചാലക്കുടി റെയില്‍വേ സ്റ്റേഷന് മുന്നിലാണ് സമരം.


Also read ‘യുദ്ധം ആരംഭിക്കുന്നു?’; ഉത്തരകൊറിയയിലുള്ള പൗരന്മാരെ ചൈന തിരിച്ചു വിളിച്ചു


പാലരുവി എക്സ്പ്രസിന് അങ്കമാലി, ചാലക്കുടി, റെയില്‍വേ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കുന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചലച്ചിത്ര താരം കൂടിയായ എം.പി സത്യാഗ്രഹത്തിനൊരുങ്ങുന്നത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ചാലക്കുടി മണ്ഡലത്തിലെ റെയില്‍വേ വികസനത്തിനായി തയ്യാറാക്കി നല്‍കിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടും അവഗണന നേരിടുന്ന സാഹചര്യത്തിലാണ് എം.പിയുടെ പ്രതിഷേധം.

പുനലൂരില്‍ നിന്നും പാലക്കാട്ടേക്ക് സര്‍വീസ് ആരംഭിച്ച പാലരുവി എക്സ്പ്രസിന് മണ്ഡലത്തിലെ ആലുവ, അങ്കമാലി, കൊരട്ടി അങ്ങാടി, ചാലക്കുടി എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടുമാസം മുമ്പ് റെയില്‍വേ മന്ത്രിയുമായും ബോര്‍ഡുമായും ചര്‍ച്ച നടത്തിയിരുന്നെങ്കിലും ആലുവയില്‍ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിതെന്ന് ഇന്നസെന്റ് പറഞ്ഞു.

കേരളത്തിനുള്ളില്‍ സര്‍വീസ് നടത്തുന്ന പാലരുവിക്ക് അങ്കമാലി, ചാലക്കുടി എന്നിവിടങ്ങളിലേക്കൂടി സ്റ്റോപ്പ് അനുവദിക്കണമെന്നത് മിതമായ ആവശ്യം മാത്രമാണെന്നും എം.പി പറഞ്ഞു.

ആലുവ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണം. സ്റ്റേഷന് രണ്ടാം കവാടം തുറക്കണം. പാര്‍ക്കിംഗ് സൗകര്യങ്ങള്‍ വികസിപ്പിക്കണം. അങ്കമാലി, കൊരട്ടി അങ്ങാടി, ചാലക്കുടി എന്നീ സ്റ്റേഷനുകളിലെ സൗകര്യങ്ങളും മെച്ചപ്പെടുത്തേതുണ്ട്. ഇവിടങ്ങളില്‍ പുതിയ ഫുട് ഓവര്‍ ബ്രിഡ്ജുകള്‍, പ്ലാറ്റ്ഫോം ദീര്‍ഘിപ്പിക്കല്‍, മേല്‍ക്കൂര, ടിക്കറ്റ് കൗണ്ടറുകള്‍, ഇരിപ്പിടങ്ങള്‍, റസ്റ്ററന്റ്/കഫറ്റീരിയ തുടങ്ങിയവ ഏര്‍പ്പെടുത്തണം എന്നീ ആവശ്യങ്ങളും എം.പി ഉന്നയിക്കുന്നു.

Advertisement