കോഴിക്കോട്: രാവിലെ മലയാള സിനിമയിലെ നടിമാര്‍ക്കെതിരെ നടത്തിയ പ്രസ്താവനയില്‍ വിശദീകരണവുമായി ഇന്നസെന്റ്. താന്‍ ഉദ്ദേശിക്കാത്ത വിധം തെറ്റായ വ്യാഖാനങ്ങളാണ് മാധ്യമങ്ങള്‍ പ്രസദ്ധീകരിച്ചതെന്നാണ് ഇന്നസെന്റ് പറയുന്നത്.

മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിരുന്നു ഇന്നസെന്റിന്റെ പ്രസ്താവന. നടിമാര്‍ മോശമാണെങ്കില്‍ കിടക്ക പങ്കിടുമെന്നായിരുന്നു എം.പിയും താരസംഘടനയായ അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റ് പറഞ്ഞത്.

‘ചലച്ചിത്ര ലോകത്ത് സ്ത്രീകളോടുള്ള പൊതു സമീപനത്തില്‍ ആരോഗ്യകരവും സ്ത്രീ സൗഹൃദവുമായ ഒരു അന്തരീക്ഷം മുന്‍കാലങ്ങളെ അപേക്ഷിച്ച് രൂപപ്പെട്ടിട്ടുണ്ട് എന്നാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. സ്ത്രീവിരുദ്ധമായ ഒരു ഘടകവും സിനിമയിലില്ല എന്ന ഒരു പ്രസ്താവനയേ ആയിരുന്നില്ല അത്’. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.


Also Read: ‘വമ്പന്മാരെ തൊട്ടപ്പോള്‍ ആര്‍ക്കാണ് പൊള്ളിയത് സഖാവേ?’; ശ്രീറാം വെങ്കിട്ടരാമനെ സ്ഥാനം മാറ്റിയതില്‍ പ്രതിഷേധിച്ച് പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രതിഷേധക്കാരുടെ പൊങ്കാല


സമൂഹത്തിന്റെ ഭാഗമായ ചലച്ചിത്ര രംഗത്തും നിലവിലുള്ള സാമൂഹ്യ പ്രവണതകള്‍ പ്രതിഫലിക്കും എന്നത് യാഥാര്‍ത്ഥ്യമാണ്. സ്ത്രീവിരുദ്ധമായ എല്ലാത്തരം പ്രവണതകളേയും ചെറുക്കാനുള്ള ശ്രമങ്ങള്‍ സംഘടന എന്ന നിലയില്‍ അമ്മ നിര്‍വഹിക്കും. സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിമാറ്റി വാക്കുകളെ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ മാധ്യമങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ചില്ലെന്ന താരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ വനിതാ താരങ്ങളുട സംഘടനായ വുമണ്‍ കളക്ടീവ് ഇന്‍ സിനിമ രംഗത്തെിയിരുന്നു.

ഇന്നസെന്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രാവിലെ ഞാന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ഉണ്ടായ ചില പരാമര്‍ശങ്ങള്‍, ഞാന്‍ ഉദ്ദേശിക്കാത്ത വിധം തെറ്റായ വ്യാഖ്യാനങ്ങളോടെ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് കണ്ടു. ചലച്ചിത്ര ലോകത്ത് സ്ത്രീകളോടുള്ള പൊതു സമീപനത്തില്‍ ആരോഗ്യകരവും സ്ത്രീ സൗഹൃദവുമായ ഒരു അന്തരീക്ഷം മുന്‍കാലങ്ങളെ അപേക്ഷിച്ച് രൂപപ്പെട്ടിട്ടുണ്ട് എന്നാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. സ്ത്രീവിരുദ്ധമായ ഒരു ഘടകവും സിനിമയിലില്ല എന്ന ഒരു പ്രസ്താവനയേ ആയിരുന്നില്ല അത്. സമൂഹത്തിന്റെ ഭാഗമായ ചലച്ചിത്ര രംഗത്തും നിലവിലുള്ള സാമൂഹ്യ പ്രവണതകള്‍ പ്രതിഫലിക്കും എന്നത് യാഥാര്‍ത്ഥ്യമാണ്. സ്ത്രീവിരുദ്ധമായ എല്ലാത്തരം പ്രവണതകളേയും ചെറുക്കാനുള്ള ശ്രമങ്ങള്‍ സംഘടന എന്ന നിലയില്‍ അമ്മ നിര്‍വഹിക്കും. സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിമാറ്റി വാക്കുകളെ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ മാധ്യമങ്ങള്‍ ഒഴിവാക്കേണ്ടതാണ്.