ആലപ്പുഴ: കേരളത്തില്‍ 800 കോടിയുടെ നിക്ഷേപത്തിന് ഇന്‍ഫോസിസ് ഒരുങ്ങുന്നു. അഞ്ചുവര്‍ഷത്തിനുള്ളില്‍ 800 കോടിയുടെ നിക്ഷേപം നടത്തി 10,000 തൊഴിലവസരം സൃഷ്ടിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്.ഡി.ഷിബുലാല്‍ പറഞ്ഞു. ഇന്‍ഫോസിസ് സി.ഇ.ഒ. ആയശേഷം ആദ്യമായി ജന്മനാടായ ആലപ്പുഴയിലെത്തിയ എസ്.ഡി. ഷിബുലാല്‍ പ്രസ്‌ക്ലബ്ബിലെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു.

പ്രൊഫഷണലുകളുടെ കാര്യത്തില്‍ കേരളം മുന്നിലാണ്. ഇന്‍ഫോസിസ് പുതുതായി 15,000 പേര്‍ക്കുകൂടി തൊഴില്‍ നല്കി. കഴിഞ്ഞവര്‍ഷം ഇന്‍ഫോസിസ് കേരളത്തിലെ 34 കോളേജില്‍ റിക്രൂട്ട്‌മെന്റ് നടത്തി 300 പേരെ തിരഞ്ഞെടുത്തു. കാമ്പസുകളുടെ നിലവാരം ഉയര്‍ത്താനായി 28 കോളേജിലെ അധ്യാപകര്‍ക്ക് പഠനസാമഗ്രികളും ഫാക്ക്വല്‍റ്റികള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശവും ഇന്‍ഫോസിസ് നല്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

Subscribe Us:

സ്ഥലവും സൗകര്യവും ലഭ്യമാകുന്ന മുറയ്ക്ക് ആലപ്പുഴയിലും ഇന്‍ഫോസിസ് കാമ്പസ് തുടങ്ങുമെന്ന വാഗ്ദാനവും ഷിബുലാല്‍ നല്‍കി.

കേരളത്തില്‍ ഐ.ടി. വ്യവസായത്തില്‍നിന്നുള്ള പ്രതിവര്‍ഷവരുമാനം 3200 കോടിയാണ്. ഇതില്‍ 608 കോടി ഇന്‍ഫോസിസിന്റെ പങ്കാണ്. ഇത് വരുംവര്‍ഷങ്ങളില്‍ ഉയര്‍ത്തുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചുവരുന്നത്. ഒരു തൊഴില്‍പ്രശ്‌നവും കേരളത്തില്‍നിന്ന് ഇന്‍ഫോസിസിന് നേരിടേണ്ടിവരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോളസാമ്പത്തികമാന്ദ്യം ഇന്‍ഫോസിസിനെ ബാധിച്ചിട്ടില്ല. ഐ.ടി. മേഖലയില്‍ ചൈന, ഇന്ത്യക്ക് വെല്ലുവിളിയാണെങ്കിലും ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്. ഇന്ത്യയിലെ അടിസ്ഥാനവിദ്യാഭ്യാസ പഠനത്തില്‍ സയന്‍സും കണക്കും ഉള്‍പ്പെട്ടിരിക്കുന്നതും ഗുണകരമാണെന്നും അദ്ദേഹം വിലയിരുത്തി.