ന്യൂദല്‍ഹി: ഷാങ്ഹായിയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സോഫ്റ്റ്‌വെയര്‍കമ്പനിയായ ഇന്‍ഫോസിസ് പുതിയ ക്യാമ്പസ് തുറക്കാന്‍ പോകുന്നു. അതിനായി 125 മുതല്‍ 150 ദശലക്ഷം വരെ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഇന്‍ഫോസിസ് പുതുതായി പുറത്തുവിട്ട രേഖയില്‍ പറയുന്നു.

ഇത് ചൈനയില്‍ ഇന്‍ഫോസിസ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമായിരിക്കുമെന്നും രേഖ വ്യക്തമാക്കുന്നു. പുതിയ കാമ്പസ്സില്‍ 8000 പേര്‍ക്ക് ജോലിചെയ്യാനുള്ള സൗകര്യമുണ്ട്. കൂടാതെ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിനാവശ്യമായ ലാബുകള്‍, ഡേറ്റാ സെന്ററുകള്‍ പരിശീലനസൗകര്യങ്ങള്‍ ഫുഡ് കോര്‍ട്ട് മുതലായ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കും.

ഷാങ്ഹായ് ക്യാമ്പസ് ഏറ്റവും ഉയര്‍ന്ന പരിസ്ഥിതി നിലവാരമുള്ള സോഫ്റ്റ്‌വെയര്‍ വികസന കേന്ദ്രമായിരിക്കുമെന്നും രേഖ വ്യക്തമാക്കുന്നു. ഈ ക്യാമ്പസിന്റെ പണി പൂര്‍ത്തിയാകുമ്പോള്‍ ഷാങ്ഹായിയില്‍ മാത്രം 10000 തൊഴിലവസരങ്ങള്‍ ഇതുമൂലം സൃഷ്ടിക്കപ്പെടുമെന്നും ഇന്‍ഫോസിസ് അറിയിച്ചു.