തൃശൂര്‍: ഇന്‍ഫോ പാര്‍ക്ക് സി.ഇ.ഒ നിയമനം ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാര്‍ച്ച് ആറിലേക്ക് മാറ്റി. സര്‍ക്കാരിന്റെ വിശദീകരണം തേടി കോടതി വീണ്ടും നോട്ടീസ് അയച്ചു.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ഇന്‍ഫോ പാര്‍ക്ക് സി.ഇ.ഒ നിയമനം മാനദണ്ഡങ്ങള്‍ മറികടന്നാണെന്ന് ചൂണ്ടിക്കാട്ടി പൊതു പ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളമാണ് കോടതിയെ സമീപിച്ചത്. മുന്‍ എം.പി സെബാസ്റ്റ്യന്‍ പോളിന്റെ ബന്ധുവിനെ സി.ഇ.ഒ ആയി നിയമിക്കാന്‍ വി.എസ് വഴിവിട്ട് ഇടപെട്ടുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

എന്നാല്‍ ഇന്‍ഫോ പാര്‍ക്ക് സി.ഇ.ഒ നിയമനം ഇന്‍ഫോ പാര്‍ക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി തന്റെ ബന്ധു ജിജോ ജോസഫിനെ നിയമിക്കാന്‍ ഇടപെടലോ ശുപാര്‍ശയോ  നടത്തിയിട്ടില്ലെന്ന്‌ മുന്‍ എം.പി സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കിയിരുന്നു.

ഐ.ടി മേഖലയില്‍ ഉയര്‍ന്ന  വിദ്യാഭ്യാസ യോഗ്യതയും  പ്രവൃത്തിപരിചയവുമുള്ളയാളാണ് ജിജോയെന്നും പരസ്യം കണ്ട്  അപേക്ഷ നല്‍കി നടപടി പ്രക്രിയയില്‍ പങ്കെടുത്താണ് നിയമനം നേടിയതെന്നും. അതിനപ്പുറം ഒരു കാര്യവും തനിക്കറിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

കൊച്ചി ഇന്‍ഫോ പാര്‍ക്ക് സി.ഇ.ഒ.യുടെ നിയമനത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ അനധികൃതമായി ഇടപെട്ടുവെന്ന് ഗവ. ചീവ് വിപ്പ് പി.സി.ജോര്‍ജ് ആരോപിച്ചിരുന്നു.

വി.എസ്. നടത്തിയത് നിയമവിരുദ്ധമായ പ്രവര്‍ത്തിയാണെന്നും ഈ അനധികൃത ഇടപെടല്‍ വഴി വി.എസ്. സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും പി.സി.ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു.

അഭിമുഖത്തില്‍ ഒന്നാം റാങ്ക് നേടിയ വ്യക്തിയെ പരിഗണിക്കാതെയാണ് രണ്ടാം റാങ്കുകാരനായ ജിജോ ജോസഫിനെ ഇന്‍ഫോ പാര്‍ക്ക് സി.ഇ.ഒ. ആക്കിയതെന്ന് പി.സി. ജോര്‍ജ്ജിന്റെ ആരോപണം. മുന്‍ എം.പി. സെബാസ്റ്റിയന്‍ പോളിന്റെ ബന്ധുവായ ജിജോ ജോസഫിനുവേണ്ടിയാണ് വി.എസ്. ഇടപെട്ടത്. ഈ ഇടപെടല്‍ തെളിയിക്കാന്‍ ആവശ്യമായ മുഴുവന്‍ രേഖകളും തന്റെ പക്കലുണ്ടെന്നും വി.എസിന്റെ കപടമുഖം വെളിച്ചത്തുകൊണ്ടുവന്നിരിക്കുകയാണെന്നും പി.സി.ജോര്‍ജിന്റെ വാദം.