മുംബൈ: ഉയരുന്ന പണപ്പെരുപ്പത്തെ തടയാനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ) പ്രധാനപ്പെട്ട നിരക്കുകളെല്ലാം ഉയര്‍ത്തിയേക്കുമെന്ന് സൂചന. റിപ്പോ, റിവേഴ്‌സ് റിപ്പോ അടക്കമുള്ള നിരക്കുകളിലെല്ലാം നേരിയ വര്‍ധന ഉണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത്.

മറ്റുബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നും കടമെടുക്കുമ്പോള്‍ അടക്കേണ്ട നിരക്കാണ് റിപ്പോ. അധികതുക റിസര്‍വ്ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ മെമ്പര്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന നിരക്കാണ് റിവേഴ്‌സ് റിപ്പോ. പണപ്പെരുപ്പ നിരക്ക് നിയന്ത്രണത്തില്‍ വരുത്തുന്നതിനായി ഈ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് കാര്യമായ മാറ്റങ്ങള്‍ വരുത്താറുണ്ട്.

കഴിഞ്ഞ മാര്‍ച്ചില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ആറ് ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് അഞ്ചു ശതമാനമായും ഉയര്‍ത്തിയിരുന്നു.