ന്യൂദല്‍ഹി: രാജ്യത്തെ പണപ്പെരുപ്പ നിരക്ക് വീണ്ടും വര്‍ദ്ധിച്ചു. ഓഗസ്റ്റില്‍ സൂചികയെ പണപ്പെരുപ്പനിരക്ക് 9.78 ശതമാനമായിട്ടാണ് ഉയര്‍ന്നത്. 9.22 ശതമാനമായിരുന്നു ജൂലൈയിലെ നിരക്ക്. അതേസമയം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഈ നിരക്ക് 8.87 ശതമാനമായിരുന്നു. മെയ്മാസത്തിലെ പണപ്പെരുപ്പനിരക്ക് 10 ശതമാനത്തിലേക്കെത്തുന്നതിനാണ് സാധ്യത.

ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങളുടെ വിലയിലുണ്ടായ വര്‍ധനയാണ് പണപ്പെരുപ്പം ഉയരുന്നതിന് ഇടയാക്കിയത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 9.62 ശതമാനമാണ്. ഓഗസ്റ്റില്‍ ഉള്ളിവില 45.29 ശതമാനവും പഴങ്ങളുടെ വില 22.82 ശതമാനവും ഉരുളക്കിഴങ്ങ് വില 12.53 ശതമാനവുമായാണ്് ഉയര്‍ന്നത്.

പച്ചക്കറിയില്‍ മാത്രമുണ്ടായ വര്‍ധനവ് 11.80 ശതമാനമാണ്. ഭക്ഷ്യേതര പ്രാഥമിക ഉത്പന്നങ്ങളായ എണ്ണക്കുരു, ധാതുക്കള്‍, വിവിധ നാരുകള്‍ എന്നിവയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. 17.75 ശതമാനമാണ് കൂടിയത്.

പണപ്പെരുപ്പ നിരക്ക് രണ്ടക്കത്തിലേക്ക് നീങ്ങുന്നതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച കേന്ദ്ര ധനമന്ത്രി പ്രണാബ് മുഖര്‍ജി സര്‍ക്കാരും റിസര്‍വ് ബാങ്കും സ്ഥിതിഗതികള്‍ സൂക്ഷമമായി വീക്ഷിച്ചുവരികയാണെന്നും നിരക്ക് നിയന്ത്രിക്കാന്‍ സംയുക്തമായി നടപടികള്‍ കൈക്കൊള്ളുമെന്നും പറഞ്ഞു.

പണപ്പെരുപ്പനിരക്ക് ഉയര്‍ന്നതോടെ റിസര്‍വ്വ് ബാങ്ക് വെള്ളിയാഴ്ച ചേരുന്ന രണ്ടാം പാദ ധനഅവലോകന യോഗത്തില്‍ റിപ്പോ,റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2010 മാര്‍ച്ച് മുതല്‍ 11 തവണയാണ് റിസര്‍വ് ബാങ്ക് ഹ്രസ്വകാല വായ്പാ പലിശ നിരക്കില്‍ മാറ്റം വരുത്തിയത്.