ന്യൂദല്‍ഹി: ഇന്ത്യയിലെ പുരുഷന്മാരില്‍ വന്ധ്യത വര്‍ധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദ്. വന്ധ്യത വര്‍ധിക്കുന്നതിനൊപ്പം പുരുഷ ബീജത്തിന്റെ എണ്ണവും ഗുണവും കുറയുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Ads By Google

രാസ വ്യവസായശാലകളില്‍ നിന്നും പുറന്തള്ളപ്പെടുന്ന ക്‌സെനോബയോട്ടിക്‌സാണ് ബീജത്തിന് പ്രശ്‌നമുണ്ടാക്കുന്നത്. മൂന്ന് ദശാബ്ദം മുമ്പ് ഇന്ത്യയിലെ പുരുഷന്മാരുടെ സ്‌പേം കൗണ്ട് മില്ലീ ലിറ്ററില്‍ 60 മില്യണ്‍ ആയിരുന്നെന്നാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. എന്നാലിപ്പോള്‍ ഇത് മില്ലീ ലിറ്ററില്‍ 20 മില്യണ്‍ ആയി മാറി.

ഊഷ്മാവ് കൂടിയ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരിലാണ് വന്ധ്യത കൂടുന്നതെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഊഷ്മാവ് വര്‍ധിക്കുന്നത് വൃഷണസഞ്ചിയുടെ ചൂട് വര്‍ധിപ്പിക്കുകയും ഇത് ബീജോത്പാദനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു.

ഊഷ്മാവിലുണ്ടാവുന്ന 1 ഡിഗ്രി വര്‍ധനവ് ബീജത്തിന്റെ എണ്ണത്തില്‍ 14% വരെ കുറവുണ്ടാക്കുമെന്നാണ് എ.ഐ.ഐ.എം.എസിലെ ഡോക്ടര്‍മാരുടെ കണ്ടെത്തല്‍.

വര്‍ഷം 12 മുതല്‍ 18 മില്യണ്‍ വരെ ആളുകളാണ് വന്ധ്യതയ്ക്ക് ചികിത്സ തേടുന്നത്. ഈ പ്രശ്‌നം പരിഹരിക്കുന്നതായി പരിസ്ഥിതി മലിനീകരണം കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടികളെടുത്തിട്ടുണ്ടെന്നും അസദ് പറഞ്ഞു.

പുരുഷന്മാരില്‍ ബീജത്തിന്റെ ഗുണം കുറഞ്ഞതിനൊപ്പം, അതിന്റെ വേഗത കുറയുകയും ആകാരത്തില്‍ വ്യത്യാസം വരികയും ചെയ്തിട്ടുണ്ടെന്ന് എ.ഐ.ഐ.എം.എസിലെ ഡോക്ടര്‍ റിമ ഡാഡ പറയുന്നു. ബീജത്തിന്റെ ഗുണത്തില്‍ വര്‍ഷം 2% കുറവാണുണ്ടാകുന്നത്. സ്ട്രസ്സും ഹോര്‍മോണുകളുടെ അളവില്‍ കുറവ് വരുത്തുകയും ബീജോല്പാദനത്തെ ബാധിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.