ലാസ്‌വേഗസ്: ഏത് നിമിഷവും പതിയിരിക്കുന്ന അപകടം പ്രതീക്ഷിച്ച് തന്നെയാണ് റേസിംഗ് കാര്‍ ഡ്രൈവര്‍മാര്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. എങ്കിലും 1993ല്‍ ഫോര്‍മുല വണ്‍ മുന്‍ ചാംപ്യന്‍ അയര്‍ട്ടന്‍ സെന്ന അപകടത്തില്‍പെട്ട് മരണപ്പെട്ടതിന് ശേഷം ട്രാക്കില്‍ നിന്ന് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പക്ഷെ ഞായറാഴ്ച വൈകീട്ട് റേസിംഗ് ട്രാക്കിലേക്ക് അത്തരത്തില്‍ ഒരിക്കല്‍ കൂടി മരണം കടന്നുവന്ന ആഘാതത്തിലാണ് കാറോട്ട പ്രേമികള്‍.

യു.എസിലെ ലാസ് വേഗസില്‍ നടന്ന ഇന്‍ഡി കാര്‍ റേസിംഗ് മത്സരത്തിനിടെയാണ് മരണം വീണ്ടും റേസിംഗ് ഡ്രൈവറുടെ ജീവനപഹരിച്ചത്. രണ്ട് തവണ ഇന്‍ഡി 500 ചാംപ്യനായ പ്രമുഖ ബ്രിട്ടീഷ് കാര്‍ റേസിംഗ് താരം ഡാന്‍ വെല്‍ഡണാണ് (33) അപകടത്തില്‍ മരിച്ചത്. ഒന്നര മൈല്‍ ദൈര്‍ഘ്യമുള്ള ട്രാക്കിന്റെ രണ്ടാം വളവില്‍ വച്ച് വെല്‍ഡന്റെ കാര്‍ മറ്റൊരു കാറിനുമുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

Subscribe Us:

തുടര്‍ന്ന് മത്സരത്തിലുണ്ടായ 15 കാറുകള്‍ തൂടരെ കൂട്ടിയിടിച്ചു. അപകടമുണ്ടാകുമ്പോള്‍ മണിക്കൂറില്‍ 250 മൈല്‍ വേഗത്തിലായിരുന്നു കാറുകള്‍ സഞ്ചരിച്ചിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വെല്‍ഡണെ രക്ഷപെടുത്താനായില്ല. ബ്രിട്ടനിലെ ഏറ്റവും മികച്ച രണ്ടു റേസിംഗ്കാര്‍ ഡ്രൈവര്‍മാരില്‍ ഒരാളാണ് ഡാന്‍. യു.എസ് റേസിംഗില്‍ വിജയം നേടുന്ന അപൂര്‍വ്വം വിദേശതാരങ്ങളിലൊരാളാണ്.

അമേരിക്കയിലെ ഏറ്റവും ശ്രദ്ധേയമായ ഇന്‍ഡി 500, റേസിംഗ് മത്സരത്തില്‍ ഒന്നിലധികം തവണ വിജയിയാകുന്ന ബ്രിട്ടീഷുകാരിലും ഒരാളാണ്. 2005ലും 2011ലുമാണ് ഡാന്‍ വിജയിയായത്. 2009ലും 2010 ലും ഫസ്റ്റ് റണ്ണറപ്പുമായിരുന്നു ഡാന്‍.