പാലക്കാട്: മലബാര്‍ സിമന്റ്‌സ് എം.ഡി സുന്ദരമൂര്‍ത്തിയ്ക്ക് വ്യവസായമന്ത്രിയുടെ പ്രശംസ. ഇന്നലെ മലബാര്‍ സിമന്റ്‌സില്‍ രഹസ്യമായെത്തി ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണു മന്ത്രി എളമരം കരീമിന്റെ പരാമര്‍ശം.

മലബാര്‍ സിമന്റ്‌സ് മുന്‍ സെക്രട്ടറി ശശീന്ദ്രന്റെയും രണ്ടു മക്കളുടേയും ദുരൂഹമരണത്തില്‍ ഒന്നാം പ്രതിയാക്കി സുന്ദരമൂര്‍ത്തിയ്‌ക്കെതിരെ കസബ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഉള്‍പ്പെടെ പ്രതിപ്പട്ടികയിലുള്ളവര്‍ക്കെതിരെ നടപടിയെടുക്കാത്തത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു.

ഇന്നലെ നടന്ന യോഗത്തില്‍ 52ഓഫീസര്‍മാര്‍ പങ്കെടുത്തിരുന്നു. മന്ത്രിയുടെ രഹസ്യ യോഗം വിവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം എസ്.എം.എസ് മുഖേനയാണ് മന്ത്രി ഉദ്യോഗസ്ഥരെ യോഗവിവരം അറയിച്ചത്. ഇന്നലെ രാവിലെ ഇവിടെയെത്തിയ മന്ത്രി രണ്ടര മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് തിരിച്ചുപോയത്.

ശമ്പളത്തിലെ പരാതികള്‍ പരിഹരിക്കാമെന്ന് മന്ത്രി യോഗത്തില്‍ വാഗ്ദാനം നല്‍കി. ഇതു തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കമ്പനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ വസ്തുതകള്‍ക്കു നിരക്കാത്തതാണെന്നും ഇതിനെതിരെ ഉദ്യോഗസ്ഥ സംഘടനകള്‍ പ്രതികരിക്കാത്തതെന്താണ്. കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുന്നത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിന്നുതന്നെയാണ്. അവരെ കണ്ടെത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. ശശീന്ദ്രന്റെയും മക്കളുടേയും മരണത്തിന്റെ പേരില്‍ ഭയപ്പെടേണ്ടതില്ലെന്നും ഓഫീസര്‍മാരെ മന്ത്രി ഓര്‍മിപ്പിച്ചു.