ന്യൂദല്‍ഹി: രാജ്യത്തെ വ്യാവസായിക വളര്‍ച്ചയില്‍ തുടര്‍ച്ചയായ രണ്ടാം മാസത്തിലും ഇടിവ് രേഖപ്പെടുത്തി. സെപ്റ്റംബറില്‍ വ്യാവസായിക ഉല്‍പ്പാദനം 4.4 ശതമാനത്തിലേക്കാണ് കുറഞ്ഞിട്ടുള്ളത്. വ്യാവസായിക ഉല്‍പ്പാദന സൂചികയില്‍ ഉണ്ടായ കുറവ് ആശങ്കയോടെയാണ് ധനകാര്യമന്ത്രാലയം കാണുന്നത്.

ആഗസ്റ്റ് മാസം വ്യാവസായിക വളര്‍ച്ച 6.9 ശതമാനത്തിലെത്തിയിരുന്നു. അതിനിടെ വ്യാവസായികരംഗത്തെ തളര്‍ച്ച ഓഹരി വിപണിയിലും പ്രകടമാകാന്‍ തുടങ്ങിയിട്ടുണ്ട്. 170 പോയിന്റ് നഷ്ടപ്പെട്ട് 20,419ലാണ് സെന്‍സെക്‌സ് ഇന്ന് വ്യാപാരം ആരംഭിച്ചത്.

വ്യാവസായിക വളര്‍ച്ചാനിരക്കിലെ ഇടിവിനെ ഗൗരവമായാണ് കാണുന്നതെന്നും ഇതിന് കാരണമാകുന്ന വസ്തുതകള്‍ പഠിച്ച് ആവശ്യമായ തീരുമാനമെടുക്കുമെന്നും ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജി വ്യക്തമാക്കി.