ന്യൂദല്‍ഹി: രാജ്യത്തിന്റെ വ്യാവസായിക വളര്‍ച്ചാ നിരക്കില്‍ നേരിയ മുന്നേറ്റം രേഖപ്പെടുത്തി. മാര്‍ച്ച് മാസത്തിലെ കണക്കുകളനുസരിച്ച് വളര്‍ച്ചാനിരക്ക് 7.3 ശതമാനമായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്.

ഫെബ്രുവരിയില്‍ നിരക്ക് 3.6 ശതമാനമായിരുന്നു. എന്നാല്‍ വിദഗ്ധര്‍ പ്രവചിച്ചിരുന്നത് വളര്‍ച്ചാ നിരക്ക് അഞ്ചുശതമാനത്തില്‍ കൂടുതല്‍ ഉണ്ടാകില്ലെന്നായിരുന്നു. മൂലധന മേഖലയിലുണ്ടായ കുതിപ്പാണ് വ്യാവസായിക ഉല്‍പ്പാദന നിരക്ക് ഉയരാന്‍ കാരണമായിട്ടുള്ളത്.

ഉയര്‍ന്ന പലിശനിരക്ക് മൂലധന വിപണിയെ കൂടുതല്‍ ദുര്‍ബ്ബലമാക്കുമെന്നായിരുന്ന കരുതപ്പെട്ടിരുന്നത്. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും കവച്ചുവെച്ച് 12.9 ശതമാനത്തിന്റെ വളര്‍ച്ചയാണ് മൂലധനസാധന മേഖലയില്‍ ഉണ്ടായിരിക്കുന്നത്.

എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ചാ നിരക്കില്‍ ഇടിവാണ് രേഖപ്പെടുത്തിയതെന്ന് വിദഗ്ധര്‍ ആശങ്കപ്പെടുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഇതേസമയം വളര്‍ച്ചാനിരക്ക് 15.5 ശതമാനമായിരുന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പിന്റെ രേഖകളാണ് പുതിയ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.