ന്യൂഡല്‍ഹി: രാജ്യത്തെ വ്യാവസായിക വളര്‍ച്ചാനിരക്കില്‍ ഇടിവ്. ജൂണില്‍ ഇത് 8.8 ശതമാനമായിരുന്ന രാജ്യത്തിന്റെ വ്യാവസായിക ഉത്പാദനം 3.3 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. നിര്‍മാണ, ഖനന മേഖലയിലെ മോശം പ്രകടനമാണ് ഇടിവിന് കാരണം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 0.8 ശതമാനമായിരുന്ന നിര്‍മാണ മേഖല 2.3 ശതമാനം മാത്രമാണു വളര്‍ച്ച കൈവരിച്ചത്.

ഉത്പന്ന നിര്‍മാണ മേഖലയിലെ വളര്‍ച്ച 2.3 ശതമാനമാണ്. മൂലധന വസ്തു മേഖലയിലെ വളര്‍ച്ച 15.2 ശതമാനമായി കുറഞ്ഞു. ജൂണില്‍ ഇത് 37.7 ശതമാനമായിരുന്നു. അതേസമയം, ഏപ്രില്‍ മുതല്‍ ജൂലായ് മാസം വരെയുള്ള കാലയളവില്‍ വ്യാവസായിക ഉത്പാദന വളര്‍ച്ച 5.8 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്്. ഉപഭോക്തൃ വസ്തു മേഖലയിലെ വളര്‍ച്ച 6.2 ശതമാനവും വൈദ്യുതി മേഖലയിലേത് 13.1 ശതമാനവുമാണ്.

ആഗസ്ത് മാസത്തില്‍ പണപ്പെരുപ്പം സംബന്ധിച്ചുള്ള കണക്ക് സപ്തംബര്‍ 14ന് പുറത്തുവരുമെന്നാണ് കരുതുന്നത്. ഇതിനു തൊട്ടുപിന്നാലെ സപ്തംബര്‍ 16നാണ് ആര്‍.ബി.ഐയുടെ അടുത്ത പണവായ്പാ നയ അവലോകനം. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ പണപ്പെരുപ്പം ഇരട്ട അക്കത്തിലായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. അതുകൊണ്ട് തന്നെ ആര്‍.ബി.ഐ നിരക്കുകള്‍ കാല്‍ ശതമാനം വീതം വര്‍ധിപ്പിച്ചേക്കുമെന്നും ഇവര്‍ വിലയിരുത്തുന്നു.