റിലീസിന് മുമ്പ് തന്റെ ചിത്രമായ ഇന്ദു സര്‍ക്കാര്‍ ആരുടെ മുമ്പിലും പ്രദര്‍ശിപ്പിക്കാന്‍ ഉദേശമില്ലന്ന് സംവിധായകന്‍ മധൂര്‍ ഭണ്ഡാക്കര്‍ വ്യക്തമാക്കി.ചിത്രത്തിന് ഇന്ദിരഗാന്ധിയുടെയും മകന്‍ സഞ്ജയ് ഗാന്ധിയുടെയും ജീവിതകഥയുമായി സാമ്യമുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണിത്. ചിത്രം റിലീസിന് മുമ്പ് ചിലരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്നും ഭണ്ഡാക്കര്‍ ആരോപിച്ചു.

തനിക്ക് വിവാദങ്ങളില്‍ താല്‍പര്യമില്ല, തന്റെ ചിത്രം ഒരു രാഷ്ട്രീയ സിനിമയല്ല ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്
താന്‍, സെന്‍സര്‍ ബോര്‍ഡ് ആണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും അതിനായി കാത്തിരിക്കുകയാണെന്നും ഭണ്ഡാക്കര്‍ പറഞ്ഞു.14 കട്ടുകളാണ് സെന്‍സര്‍ ബോര്‍ഡ് (സി.ബി.എഫ്.സി) ചിത്രത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ മധുര്‍ ഭണ്ഡാക്കര്‍ റിവ്യൂ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു.


Also read ദിലീപിന്റെ ഡി സിനിമാസിനെതിരായ ആരോപണത്തില്‍ റവന്യൂ വകുപ്പ് അന്വേഷണം


അടിയന്തരാവസ്ഥ കാലത്ത് നടക്കുന്ന തന്റെ ചിത്രത്തിന്റെ കഥ 30 ശതമാനം യാഥാര്‍ത്ഥ്യങ്ങളും 70 ശതമാനം ഭാവനയും കോര്‍ത്തിണക്കിയതാണെന്നും ഭണ്ഡാക്കര്‍ വ്യക്തമാക്കി. എന്നാല്‍ ഇന്ദു സര്‍ക്കാര്‍ പൂര്‍ണമായും സ്പോണ്‍സേര്‍ഡ് ചിത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കുറ്റപ്പെടുത്തി. മുമ്പ് ചിത്രത്തിനെതിരെ സഞ്ജയ് ഗാന്ധിയുടെ മകളാണെന്ന് അവകാശപ്പെട്ട് സ്ത്രീ രംഗത്തെത്തിയിരുന്നു.

ജൂലായ് 28 ന് റിലീസ് ചെയ്യാനിരിക്കുന്ന ഇന്ദുസര്‍ക്കാരില്‍ കൃതി കുല്‍ഹാരി, നേല്‍ നിതിന്‍ മുകേഷ്, സുപ്രിയ വിനോദ്, അനുപം ഖേര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.