Categories

ആര്‍.എസ്.എസ് നേതാവിന് ഐ.എസ്.ഐ ബന്ധമെന്ന് വെളിപ്പെടുത്തല്‍

മുംബൈ: അജ്മീര്‍ സ്‌ഫോടന കേസില്‍ പ്രതിപ്പട്ടികയിലുള്ള മുതിര്‍ന്ന ആര്‍.എസ്.എസ്  നേതാവ് ഇന്ദ്രേഷ് കുമാറിന് പാക് ചാരസംഘടനയായ ഐ. എസ്.ഐയുമായി ബന്ധമെന്ന് വെളിപ്പെടുത്തല്‍. 2008ലെ മാലേഗാവ് സ്‌ഫോടന കേസന്വേഷണത്തിനിടെ കൊല്ലപ്പെട്ട ഹേമന്ദ് കര്‍ക്കരെക്ക് ആര്‍.എസ്.എസിലെ രണ്ട് മുതിര്‍ന്ന നേതാക്കളുടെ ഐ.എസ്.ഐ ബന്ധത്തെ കുറിച്ച വിവരം ലഭിച്ചിരുന്നു.

മാലേഗാവ് സ്‌ഫോടന കേസിലെ മുഖ്യപ്രതിയും മുന്‍ സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥനുമായ കേണല്‍ ശ്രീകാന്ത് പുരോഹിതിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഈ വിവരം ലഭിച്ചിരുന്നത്. പിന്നീട് ബംഗളൂരുവിലെ ഫോറന്‍സിക് ലാബില്‍ നടന്ന ശാസ്ത്രീയ പരിശോധനക്കിടെ ഐ.എസ്.ഐ ബന്ധമുള്ള ആര്‍.എസ്.എസ് നേതാക്കളുടെ പേരും പുരോഹിത് വെളിപ്പെടുത്തിയിരുന്നു.

ഐ.എസ്.ഐയില്‍നിന്ന് മൂന്നുകോടി രൂപ ഇപ്പോഴത്തെ ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതും ഇന്ദ്രേഷും കൈപ്പറ്റിയതായാണ് വെളിപ്പെടുത്തല്‍. ആര്‍.എസ്.എസിലെ രാഷ്ട്രീയ മുസ്‌ലിം മഞ്ചിന്റെ ചുമതലയായിരുന്നു ഇന്ദ്രേഷ് കുമാറിന്. ഐ.എസ്.ഐയില്‍നിന്ന് പണംപ്പറ്റിയ നേതാക്കളെ വകവരുത്താന്‍ സംഘടനക്കുള്ളില്‍ നിന്നു തന്നെ ചില നീക്കങ്ങളുണ്ടായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു.

വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ, പുണെയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ എസ്. ആപ്‌തെ, ദല്‍ഹിയിലെ ഡോക്ടര്‍ ആര്‍. പി. സിങ്, മാലേഗാവ് കേസിലെ മറ്റൊരു മുഖ്യപ്രതി ദയാനന്ദ് പാണ്ഡെ എന്നിവര്‍ ഇവരെ കൊലപ്പെടുത്താന്‍ പദ്ധതി ആസൂത്രണം ചെയ്തിരുന്നുവെന്നും വെളിപ്പെടുത്തിയിരുന്നു.

2007 ഒക്‌ടോബറില്‍ നോമ്പുതുറ സമയത്താണ് അജ്മീര്‍ ദര്‍ഗയില്‍ സ്‌ഫോടനമുണ്ടായി മൂന്നുപേര്‍ മരിക്കുകയും 30ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.
സ്‌ഫോടനത്തിന്റെ ഗൂഢാലോചനയില്‍ ഇന്ദ്രേഷ് കുമാറിന് പങ്കുണ്ടെന്നാണ് രാജസ്ഥാന്‍ എ.ടി.എസ് അജ്മീര്‍ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. 2005 ഒക്‌ടോബര്‍ 31ന് ആസൂത്രണവുമായി ബന്ധപ്പെട്ട് നടന്ന രഹസ്യയോഗത്തില്‍ ഇന്ദ്രേഷ് പങ്കെടുത്തതായാണ് കുറ്റപത്രത്തിലുള്ളത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.