ന്യൂ ദല്‍ഹി: റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ ഇന്നലെ ഇന്ദ്രപ്രസ്ഥം അനുസ്മരിച്ചു. അഖിലേന്ത്യ ഇടത് ഏകോപന സമിതി ദല്‍ഹിയില്‍ അനുസ്മരണയോഗം സംഘടിപ്പിച്ചുകൊണ്ടാണ് ടി.പി ചന്ദ്രശേഖരനെ ഓര്‍ത്തത്.

‘മെയ്മാസ രാത്രി അടര്‍ത്തിയ ഗുല്‍മോഹറിനെ ഇന്ദ്രപ്രസ്ഥം ഓര്‍ക്കുന്നു’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ചന്ദ്രശേഖരന്‍ വധം ഫാസിസ്റ്റ് നടപടിയാണെന്ന് അനുസ്മരണയോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സംഘര്‍ഷാവസ്ഥ പരിഗണിച്ച് വന്‍ പോലീസ് സന്നാഹം പരിപാടിക്കുണ്ടായിരുന്നു.

അനുസ്മരണയോഗത്തിനു മുന്നോടിയായി കേരളഹൗസ്സിനു മുന്നില്‍ നടന്ന മനുഷ്യചങ്ങലയില്‍ മുന്‍ സി.പി.ഐ.എം പ്രവര്‍ത്തകരും ജെ.എന്‍.യു വിദ്യാര്‍ത്ഥികളുമടക്കം നുറുകണക്കിനു പേര്‍ പങ്കെടുത്തിരുന്നു. പഞ്ചാബ് സി.പി.എം നേതാവ് മംഗത്‌റാം പസ്ലെ, മാധ്യമ പ്രവര്‍ത്തകന്‍ ഗോപീകൃഷ്ണന്‍, അഡ്വ. ആര്‍.ജി. ജെയിംസ്, സി.പി.ഐ.എം.എല്‍ ലിബറേഷന്‍ നേതാവ് കവിത കൃഷ്ണന്‍ മുതലായവര്‍ അനുസ്മരണ യോഗത്തില്‍ സംസാരിച്ചു.