ഇന്ദ്രജിത്ത് നായകനായ ‘നായകന്‍’ 19ന് തിയേറ്ററില്‍. സിനിമയില്‍ ഭരതനുണ്ണി എന്ന കഥാപാത്രമാണ് ഇന്ദ്രജിത്തിന്. പ്രശസ്ത കഥകളി കലാകാരന്‍ രാമനുണ്ണിയാശാന്റെ മകനാണ് ഭരതനുണ്ണി. അച്ഛന്റെ വഴിയെ മകനും കഥകളിയുമായി മുന്നോട്ട് പോകുന്നു. എന്നാല്‍ അച്ഛനും സഹോദരിയും ദുരൂഹസാഹചര്യത്തില്‍ മുംബൈയില്‍ വെച്ച് മരണപ്പെടുന്നതോടെ കഥയുടെ ഗതി മാറുന്നു. ആത്മഹത്യയാണെന്ന് വിശ്വസിക്കാന്‍ ഭരതനുണ്ണി തയ്യാറാവുന്നില്ല.

ഘാതകരെ അന്വേഷിച്ചുള്ള ഇന്ദ്രജിത്തിന്റെ യാത്ര ഉദ്വേഗ ജനകമായ ദൃശ്യങ്ങള്‍ സമ്മാനിക്കുന്നു. പി എസ് റഫീഖിന്റെ തിരക്കഥയില്‍ ലിജോ ജോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തെന്നിന്ത്യയില്‍ പ്രശസ്തനായ മനോജ് പരമഹംസയുള്‍പ്പെടെ മൂന്ന് പേരാണ് ക്യാമറ ചെയ്തത്. സിനിമയില്‍ ഇന്ദ്രജിത് പിന്നണി ഗായകനായും എത്തുന്നു. പ്രശാന്ത് പിള്ളൈയാണ് സംഗീതസംവിധായകന്‍. സിദ്ദിഖ്, തിലകന്‍, ജഗതി, വിജയരാഘവന്‍ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രത്തില്‍ ധന്യമേരി വര്‍ഗീസാണ് നായിക. കൈതക്കാട്ട് വിഷ്വല്‍ മീഡിയയുടെ ബാനറില്‍ അനൂപ് ജോണ്‍സണ്‍ കരേടന്‍ ആണ് നായകന്‍ നിര്‍മ്മിച്ചത്.

Subscribe Us: