ഇന്‍ഡോര്‍: മധ്യപ്രദേശിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്ന ഇന്‍ഡോറിനെ ഇന്ദര്‍ എന്ന് പുനര്‍നാമകരണം ചെയ്യണമെന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ നിര്‍ദ്ദേശത്തെ ചര്‍ച്ചയ്ക്കു വെച്ച് ഇന്‍ഡോര്‍ മുനിസപ്പല്‍ കോര്‍പ്പറേഷന്‍ ജനറല്‍ കൗണ്‍സില്‍.

സുധീര്‍ ദഡ്ഗെ എന്ന ബി.ജെ.പി വ്യവസായിയാണ് ഇന്‍ഡോറിന്റെ യഥാര്‍ത്ഥ പേര് ഇന്ദര്‍ ആയിരുന്നുവെന്ന് തെളിവുകള്‍ അടങ്ങിയ ഹരജി സമര്‍പ്പിച്ചതെന്ന് മുനിസിപ്പല്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ അജയ്സിങ് നറുകെ മാധ്യമങ്ങളോട് പറഞ്ഞു. സുധീര്‍ ദഡ്ഗേയോട് തന്റെ വാദം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അവ ലഭ്യമായതിനു ശേഷമേ ബാക്കി തീരുമാനങ്ങള്‍ എടുക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്‍ഡോറിന്റെ യഥാര്‍ത്ഥ പേര് ഇന്ദര്‍ ആണ്. പുരാതന കാലത്തെ ഇന്ദ്രേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നുമാണ് ഇന്ദര്‍ എന്ന പേര് ലഭിച്ചത്. ബ്രിട്ടീഷുകാരുടെ തെറ്റായ ഉച്ചാരണം മൂലം കാലക്രമേണെ ഇന്‍ഡോര്‍ എന്നു മാറുകയായിരുന്നുവെന്നും ഇത് തിരിച്ചു കൊണ്ടു വരണമെന്നായിരുന്നു ദെഡ്ഗേയുടെ വാദം. പഴയകാലത്തെ ഹോല്‍ക്കാര്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഇന്‍ഡോര്‍ എന്നും പല ചരിത്ര രേഖകളിലും ഇതിനെ ഇന്ദര്‍ എന്നു പ്രതിപാദിച്ചിരിക്കുന്നതായും ദഡ്ഗെ പറഞ്ഞു.


Also Read ‘കേരളരാഷ്ട്രീയത്തിലെ ദുര്‍മ്മേദസിന് വിശ്രമജീവതം ആശംസിക്കുന്നു: പാലക്കാട്ടെ കൊച്ചന്‍’;വിവാദമായി വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്


ഇന്ത്യയിലെ മറ്റു സ്ഥലപ്പേരുകളും ഹൈന്ദവവല്‍കരിക്കാന്‍ ബി.ജെ.പിയുടെ ഭാഗത്തു നിന്ന് മുമ്പും നിരവധി ശ്രമങ്ങളുണ്ടായിരുന്നു. ഗുഡ്ഗാവിനെ ഗുരുഗ്രാമാക്കിയതിനു പിന്നാലെ അഹമ്മദാബാദിനെ കര്‍ണാവതിയെന്നും ഹൈദരാബാദിനെ ഭാഗ്യനഗറെന്നും ഔറംഗാബാദിനെ സാംഭാജി നഗറെന്നും പുനര്‍നാമകരണം ചെയ്യണമെന്നാണ് ആര്‍.എസ.്എസിന്റെ ആവശ്യം. പല സ്ഥലപ്പേരുകളും വൈദേശിക സ്വാധീനത്തിലുള്ളതാണെന്നും അതു മാറ്റി ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പശ്ചാത്തലത്തിലേക്കു മാറ്റണമെന്നാണ് ആര്‍എസ്എസിന്റെ ആവശ്യം.

അതേസമയം, ഇന്ത്യയിലെ നഗരങ്ങളുടെ പേരുകള്‍ മാറ്റുന്നത് ചരിത്രം തിരുത്തുന്നതിനും ചരിത്രത്തിന്റെ കാവിവല്‍കരിക്കുന്നതിനുമുള്ള നീക്കമാണെന്നാണ് ചരിത്ര പണ്ഡിതരുടെ വിശദീകരണം.